ക്രിസ്റ്റ്യാനോ ഇല്ല, 'ലിവർപൂൾ താരങ്ങളുടെ കളിയിൽ' അൽ നസ്റിന് തോൽവി
|സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ടീമിനെ നയിച്ച സാദിയോ മാനെ ആദ്യ മത്സരത്തില്‍ തന്നെ ഗോൾ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ ആയില്ല.
റിയാദ്: അറബ് ചാമ്പ്യൻസ് കപ്പ് നേടിയതിന്റെ അത്യാവേശത്തിൽ സൗദി പ്രോ ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ അൽ നസ്റിന് തോൽവി. അൽ ഇത്തിഫാക്കാണ് നസ്റിനെ തോല്പിച്ചത്(2-1). സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ടീമിനെ നയിച്ച സാദിയോ മാനെ ആദ്യ മത്സരത്തില്‍ തന്നെ ഗോൾ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ ആയില്ല.
കളിക്കാരനും പരിശീലകനും അടക്കം മൂന്ന് മുൻ ലിവർപൂൾ താരങ്ങൾ കൊമ്പുകോർത്ത മൈതാനത്ത് അൽ നസ്റിന് തോൽക്കാനായിരുന്നു യോഗം. അൽ ഇത്തിഫാഖിന്റെ പരിശീലകൻ മുൻ ലിവർപൂൾ- ഇംഗ്ലണ്ട് താരം സ്റ്റീവൻ ജെറാഡ് ആയിരുന്നു. നായകനായത് മറ്റൊരു താരം ജോർദാൻ ഹെൻഡേഴ്സണും. അൽ നസ്റിൽ സാദിയോ മാനെയായിരുന്നു ലിവർപൂളിനായി കളിച്ചിരുന്നത്. മൂവരെയും പണമെറിഞ്ഞാണ് സൗദി ക്ലബ്ബുകൾ പുതിയ സീസണില്‍ ടീമിൽ എത്തിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രൊയേഷ്യയുടെ ബ്രൊസോവിച്ചും അടക്കം ടീമിലെ പ്രമുഖ വിദേശ താരങ്ങളൊന്നും ഇല്ലാതെയാണ് അൽ നസർ മനേജർ ലൂയിസ് കാസ്ട്രോ ടീമിനെ ഇറക്കിയത്. എന്നിട്ടും നാലാം മിനുറ്റിൽ മുന്നിലെത്താൻ ടീമിനായി. മാനെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് ഗോള്‍ നേടിയത്. താരത്തിന്റെ സൗദി പ്രോ ലീഗിലെ ആദ്യ ഗോൾ. ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ടീമിന്റെ മുന്നേറ്റ നിരയെ ചലിപ്പിച്ച് മാനെയായിരുന്നു. ഒന്നാം പകുതി അല്‍ നസര്‍ അവസാനിപ്പിച്ചതും മാനെയുടെ ഗോളിന്റെ ലീഡിലായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ആറു മിനുറ്റിന്റെ ഇടവേളകളിൽ പിറന്ന രണ്ട് ഗോളുകൾ അൽ ഇത്തിഫാഖിന്റെ വിജയം ഉറപ്പിച്ചു. 47ാം മിനുറ്റിൽ റോബിൻ ക്വായിസൺ, 53ാം മിനുറ്റിൽ മൂസാ ഡംബലെ എന്നിവരാണ് അൽ ഇത്തിഫാഖിനായി എതിർ ടീമിന്റെ വല ചലിപ്പിച്ചത്. തകർപ്പനൊരു വോളിയിലൂടെ മാനെ രണ്ടാമതും വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ വീണു. അറബ് കപ്പിൽ പരിക്കേറ്റതിനെ തുടർന്നാണ് റൊണാൾഡോക്ക് മത്സരം നഷ്ടമായത്. അതേസമയം സ്റ്റീവൻ ജെറാഡിനും ജോർഡാൻ ഹെൻഡേർസണും ജയത്തോടെ തുടങ്ങനായി എന്നത് വരും മത്സരങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കും.