Football
റൊണാൾഡോക്കു പിന്നാലെ ലൂക്ക മോഡ്രിച്ചും റാമോസും; വലയെറിഞ്ഞ് അൽ നസ്ർ
Football

റൊണാൾഡോക്കു പിന്നാലെ ലൂക്ക മോഡ്രിച്ചും റാമോസും; വലയെറിഞ്ഞ് അൽ നസ്ർ

Web Desk
|
3 Jan 2023 8:15 AM GMT

റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് മൂവരും

ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പിന്നാലെ ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ചിനായും സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസിനായും വല വീശി അൽ നസ്ർ. റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച മൂവരെയും സൗദി ക്ലബ് നോട്ടമിട്ടതായി സ്പാനിഷ് മാധ്യമം മാഴ്‌സയാണ് റിപ്പോർട്ട് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസമാണ് റെക്കോഡ് തുകയ്ക്ക് അൽ നസ്‌റിന്റെ ഭാഗമായത്.

മുപ്പത്തിയേഴാം വയസ്സിലും റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് എഞ്ചിനാണ് ലൂക്ക മോഡ്രിച്ച്. ഖത്തര്‍ ലോകകപ്പിലും പ്രായത്തെ വെല്ലുന്ന കളിയാണ് താരം പുറത്തെടുത്തിരുന്നത്. എന്നാൽ പുതിയ ട്രാൻസ്ഫർ സീസണിൽ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനെ സ്വന്തം നിരയിലെത്തിക്കാൻ റയൽ ശ്രമമാരംഭിച്ചിട്ടുണ്ട്. ബെല്ലിങ്ങാമെത്തിയാൽ മോഡ്രിച്ച് ക്ലബ് വിടുമെന്നാണ് സൂചന. എന്നാൽ ഒരു വർഷം കൂടി മോഡ്രിച്ച് മാഡ്രിഡിൽ തുടരുമെന്നും റിപ്പോർട്ടുണ്ട്.

പിഎസ്ജി പ്രതിരോധ താരമാണ് 37കാരനായ റാമോസ്. കഴിഞ്ഞ സീസണിൽ പരിക്കുകൾ വേട്ടയാടിയ താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് അൽ നസ്ർ. റയൽ മാഡ്രിഡിനായി 16 സീസണിൽ പന്തു തട്ടിയ താരമാണ് റാമോസ്.

ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകുന്ന വാർഷിക പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ.

മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലം ഇരട്ടിയോളം വർധിച്ചത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം- 128 മില്യൻ ഡോളർ. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 ഡോളറാണ്.

Similar Posts