ഇഞ്ച്വറി ടൈമിലെ രണ്ട് ഗോളുകൾ; അൽ നസ്റിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത
|സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടാനാകാതെ പോയ മത്സരത്തിൽ ദുബൈ ക്ലബ്ബ് ഷബാബ് അൽ അഹ്ലിയെ 4-2ന് തോൽപിച്ചാണ് അൽ നസ്റിന്റെ യോഗ്യത.
റിയാദ്: ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി അൽ നസ്ർ. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടാനാകാതെ പോയ മത്സരത്തിൽ ദുബൈ ക്ലബ്ബ് ഷബാബ് അൽ അഹ്ലിയെ 4-2ന് തോൽപിച്ചാണ് അൽ നസ്റിന്റെ യോഗ്യത.
സൗദി പ്രോ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അൽ നസ്റിന് ഉത്തേജകം നൽകുന്ന വിജയമായി ഇത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അൽ നസ്റിന്റെ തിരിച്ചുവരവ്. ബ്രസീൽ താരം ടാലിസ്ക ഇരട്ട ഗോളുകൾ നേടിയപ്പോൾ സുൽത്താൻ അൽ ഘനം, മാർസലെ ബ്രൊസോവിച്ച് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. കഴിഞ്ഞ ഡിസംബറിൽ അൽ നസ്റിൽ ചേർന്ന ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനൊ ഏഷ്യൻ ഫുട്ബോളിന്റെ ടോപ് ക്ലബ്ബ് ഡിവിഷന് വേണ്ടി കളിക്കുന്നത്.
പതിനൊന്നാം മിനുറ്റിൽ ടാലിസ്കയിസൂടെ നസ്റാണ് ഗോളടിച്ച് തുടങ്ങിയെങ്കിലും ഷബാബ് തിരിച്ചെത്തി. ബ്രൊസോവിച്ചിന്റെ കോർണറിൽ നിന്നായിരുന്നു ടാലിസ്കയുടെ ഗോൾ. എന്നാൽ ഏഴ് മിനുറ്റുകൾക്കിപ്പുറം 18ാം മിനുറ്റിൽ യഹ്യയിലൂടെ ഷബാബ് ഒപ്പമെത്തി. ഇതിനിടെ ക്രിസ്റ്റ്യാനൊ റൊണാൾഡോ രണ്ട് പെനൽറ്റി അപ്പീലുകൾ നടത്തിയെങ്കിലും റഫറി അനുവദിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഷബാബ് മറ്റൊരു ഗോൾ കൂടി നസർ വലയിൽ എത്തിച്ചു. അതോടെ 2-1ന് ഷബാബ് മുന്നിൽ. എന്നാൽ നിശ്ചിത ടൈം തീരാൻ രണ്ട് മിനുറ്റ് ബാക്കിയിരിക്കെ(88ാം മിനുറ്റ്) സുൽത്താൻ അൽ ഘനമിലൂടെ നസർ ഒപ്പമെത്തി. ഇതോടെ സ്കോർ 2-2.
പിന്നീട് ഇഞ്ച്വറി ടൈമിൽ വന്ന രണ്ട് ഗോളുകളാണ് അൽ നസ്റിന്റെ വിജയത്തിലെത്തിയത്. ഏഴ് മിനുറ്റാണ് ഇഞ്ച്വറി ടൈമായി അനുവദിച്ചത്. 95ാം മിനുറ്റിൽ ടാലിസ്കയും രണ്ട് മിനുറ്റിനപ്പുറം 97ാം മിനുറ്റിൽ ക്രൊയേഷ്യൻ താരം ബ്രെസോവിച്ചും ഗോൾ നേടിയതോടെ അൽ നസ്റിന് തകർപ്പൻ ജയം. ബ്രൊസോവിച്ചിന്റെ ഗോളിന് വഴിയൊരുക്കിയത് റൊണാള്ഡോയായിരുന്നു. ക്രിസ്റ്റ്യാനൊ കൊണ്ടുവന്ന പന്താണ് ബ്രൊസോവിച്ചിന് കൈമാറിയത്. താരം അത് ഗോളാക്കുകയും ചെയ്തു. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം അൽനസർ വിജയിച്ചെങ്കിലും ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് ഗോൾ നേടാനാകാതെ പോയത് ആരാധകർക്ക് സങ്കടമായി.
Watch Video