ഐ ലീഗിൽ ഗോകുലം എഫ്.സിയെ അലെക്സ് സാഞ്ചെസ് നയിക്കും
|ഈ മാസം 28ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്റർകാശിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം
കോഴിക്കോട്: സ്പാനിഷ് സ്ട്രൈക്കർ അലെക്സ് സാഞ്ചെസ് ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയെ നയിക്കും. കഴിഞ്ഞ ജൂലൈയിലാണ് താരത്തെ ഗോകുലം ടീമിലെത്തിക്കുന്നത്. ഒരു വർഷത്തെ കരാറിലാണ് സാഞ്ചെസിനെ സ്വന്തമാക്കിയത്.
ഇന്റർകാശിയുമായാണ് ഇത്തവണ ഗോകുലത്തിന്റെ ആദ്യ മത്സരം. ഈ മാസം 28ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഗോകുലത്തിന്റെ മത്സരങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ക്ലബ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് കൺസെഷനും നൽകും.
മൂന്നാം ഐ ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഗോകുലം ഇറങ്ങുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ഗോകുലം കുപ്പായത്തിലൂടെ അനസ് എടത്തൊടിക വീണ്ടും സജീവ മത്സരരംഗത്തെത്തുന്നത് ആരാധകർക്കു സന്തോഷം പകരുന്നതാണ്. ഗോകുലം പ്രതിരോധനിരയ്ക്കു കരുത്താകും അനസ്.
അനസിനുപുറമെ വലിയ താരനിര ഇത്തവണ ഗോകുലത്തിനൊപ്പമുണ്ട്. അബ്ദുൽ ഹഖ് നെടിയോടത്ത്, കഴിഞ്ഞ വർഷത്തെ ക്യാപ്റ്റനും ഐ ലീഗിലെ മികച്ച പ്രതിരോധതാരവുമായ എഡുബേഡിയ, ബംഗളൂരു എഫ്.സിയിലെ നിലി പെർഡോമ തുടങ്ങിയ കരുത്തരുടെ ബലത്തിലാണ് ഗോകുലം ഈ സീസണിൽ ഇറങ്ങുന്നത്.
Summary: Spanish striker Alex Sanchez to lead Gokulam Kerala FC in I-League in 2023-24 season