കാണി ടെക്നിക്കൽ ബെഞ്ചിൽ കയറി; ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് 18,000 യു.എസ് ഡോളർ പിഴയിട്ട് എ.എഫ്.സി
|ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടയിൽ ഇന്ത്യൻ കാണികൾ അതിക്രമം കാണിച്ചതിനെ തുടർന്നാണ് എ.എഫ്.സിയുടെ നടപടി
ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷ(എ.ഐ.എഫ്.എഫ്) ന് 18,000 യു.എസ് ഡോളർ പിഴയിട്ട് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എ.എഫ്.സി). ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടയിൽ ഇന്ത്യൻ കാണികൾ അതിക്രമം കാണിച്ചതിനെ തുടർന്നാണ് എ.എഫ്.സിയുടെ നടപടി. പിഴയിൽ 13,500 ഡോളർ രണ്ടു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ മാത്രം നൽകേണ്ട തുകയാണ്.
ജൂണിൽ കൊൽക്കത്തയിൽ വെച്ച് അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങിനുമെതിരെ ഇന്ത്യ യോഗ്യതാ മത്സരങ്ങൾ കളിച്ചിരുന്നു. ഇതിനിടയിലാണ് നടപടിക്ക് ആസ്പദമായ സംഭവങ്ങളുണ്ടായത്. ഇന്ത്യൻ കാണി നിയന്ത്രിത മേഖലയിലേക്ക് കയറിയതടക്കമുള്ള സംഭവങ്ങളെ തുടർന്ന് എ.എഫ്.സിയുടെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി പിഴ വിധിക്കുകയായിരുന്നു. ജൂൺ 11ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ അഫ്ഗാനെതിരെയും ജൂൺ 14ന് ഹോങ്കോങ്ങിനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ നടന്നത്.
അച്ചടക്ക ലംഘനത്തിന്റെ ആദ്യ ഭാഗത്ത് ആർട്ടിക്ൾ 65.1 ലംഘിച്ചതിന് 3000 ഡോളർ പിഴ അടയ്ക്കാൻ എ.ഐ.എഫ്.എഫിനോട് നിർദേശിച്ചു. ഇവയിൽ 2250 ഡോളർ രണ്ടു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ നൽകിയാൽ മതിയെന്നും വ്യക്തമാക്കി.
രണ്ടാം ഭാഗത്തിൽ 5000 ഡോളറാണ് പിഴയിട്ടത്. ഇതിൽ 3750 ഡോളർ രണ്ടു വർഷത്തിനുള്ളിൽ തെറ്റ് ആവർത്തിച്ചാൽ നൽകിയാൽ മതിയെന്നും പറഞ്ഞു. പിഴയിൽ 1250 ഡോളർ 90 ദിവസത്തിനുള്ളിൽ അടയ്ക്കണം. ഈ മത്സരത്തിനിടയിലാണ് കാണി ടെക്നിക്കൽ ബെഞ്ചിലേക്ക് അതിക്രമിച്ച് കയറിയത്.
അഫ്ഗാനെ 2-1നും ഹോങ്കോങ്ങിനെ 4-0 നും ഇന്ത്യ പരാജയപ്പെടുത്തി ഏഷ്യാകപ്പ് യോഗ്യത നേടിയിരുന്നു. 2023 ഏഷ്യൻ കപ്പി ഡി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യ കംമ്പോഡിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും തോൽപ്പിച്ചിരുന്നു.
അസോസിയേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് പ്രഖ്യാപിച്ച് പത്ത് ദിവസത്തിനു ശേഷം നടപടി പിൻവലിക്കുകയായിരുന്നു. ഫിഫ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി ഫിഫ അംഗീകരിക്കുകയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വിലക്ക് വന്നതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ വിലക്ക് നീക്കിയതോടെ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
All India Football Federation (AIFF) has been fined US$ 18,000 by the Asian Football Confederation (AFC).