കിംഗ്സ് കപ്പിലും അൽനസ്ർ പുറത്ത്; റൊണാൾഡോക്കും സംഘത്തിനും സീസണിൽ രണ്ടാം പുറത്താകൽ
|റൊണാൾഡോ അൽനസ്റിൽ ചേർന്നതിനുശേഷം ക്ലബ് സൗദി സൂപ്പർ കപ്പിൽനിന്ന് പുറത്തായിരുന്നു
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സംഘത്തിനും സീസണിലെ രണ്ടാം പുറത്താകൽ. ഇന്നലെ കിംഗ്സ് കപ്പ് സെമി ഫൈനലിൽ അൽ വഹ്ദയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ ടീം ടൂർണമെൻറിൽ നിന്ന് പുറത്തായി. 23ാം മിനിട്ടിൽ ജീൻ ഡേവിഡ് ബീഗ്വേലാണ് അൽ വഹ്ദക്കായി ഗോൾ നേടിയത്. 53ാം മിനിട്ടിൽ അബ്ദുല്ല അൽഹാഫിത് ചുവപ്പു കാർഡ് കണ്ട് പുറത്തായെങ്കിലും അൽ വഹ്ദ പിടിച്ചുനിന്നു.
റൊണാൾഡോ അൽനസ്റിൽ ചേർന്നതിനുശേഷം, റിയാദ് ആസ്ഥാനമായുള്ള ക്ലബ് സൗദി സൂപ്പർ കപ്പിൽനിന്ന് പുറത്തായിരുന്നു. സൗദി ലീഗിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ഇന്നലത്തെ പരാജയത്തോടെ സൗദി അറേബ്യയിലെ തന്റെ ആദ്യ സീസൺ റൊണാൾഡോ കപ്പില്ലാതെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ചോദ്യം ഉയരുകയാണ്.
ഏറ്റവും ഒടുവിൽ നടന്ന ഏഴു മത്സരങ്ങളിൽ നാലിലും അൽനസ്ർ പരാജയപ്പെട്ടിരുന്നു. ഇവയിൽ അഞ്ച് മത്സരങ്ങൾ ഈയടുത്ത് പുറത്താക്കപ്പെട്ട റൂഡി ഗാർഷ്യയുടെ പരിശീലനത്തിന് കീഴിലായിരുന്നു ടീം കളിച്ചത്. ഗാർഷ്യയ്ക്ക് പകരം ഡിങ്കോ ജെലിസിചാണ് ടീമിന്റെ ഇടക്കാല പരിശീലകൻ.
അൽവഹ്ദക്കെതിരെ കഴിഞ്ഞ തവണ നടന്ന മത്സരത്തിൽ റൊണാൾഡോ നാലു ഗോളുകൾ നേടിയിരുന്നു. എന്നാൽ ഇക്കുറി ഒന്നു പോലും നേടാനായില്ല. 82ാം മിനിട്ടിൽ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി.
നിലവിൽ സൗദി പ്രോ ലീഗിൽ അൽഇത്തിഹാദാണ് ഒന്നാമത്. 56 പോയിൻറാണ് ടീമിനുള്ളത്. 53 പോയിൻറുള്ള അൽനസ്ർ രണ്ടാമതാണുള്ളത്. കഴിഞ്ഞ ദിവസം ടീം പരാജയപ്പെട്ടത് 13ാം സ്ഥാനത്തുള്ള അൽവഹ്ദയോടാണ്. ടീമിന് 22 പോയിൻറാണ് സൗദി പ്രോ ലീഗിലുള്ളത്.
Alnasser out of King's Cup; Second elimination of the season for Ronaldo and his team