കരച്ചിലടക്കാനാവാതെ റാമിന്‍; ചേര്‍ത്തു പിടിച്ച് റോബിന്‍സണ്‍, വീഡിയോ വൈറല്‍
|അവസാന മത്സരത്തിന് ശേഷം യു.എസ് താരം അന്റോണിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരയുന്ന ഇറാന്‍ താരം റാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായ മത്സരത്തിൽ ഇറാനും അമേരിക്കയും നേർക്കു നേർ. രണ്ടാം മത്സരത്തിൽ വെയിൽസിനെ തകർത്ത ഇറാന് പ്രീക്വാർട്ടർ പ്രവേശനത്തിന് വെറുമൊരു സമനില മാത്രം മതിയാവുമായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച ആത്മവീര്യവുമായെത്തിയ അമേരിക്ക തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.. ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഏകഗോളിൽ അവർ ഇറാനെ വീഴ്ത്തി. അതോടെ അഞ്ച് പോയിന്റുമായി അമേരിക്ക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മൂന്ന് പോയിന്റുള്ള ഇറാൻ പുറത്തേക്ക്.
മത്സരത്തിന് ശേഷം ഇറാൻ താരങ്ങൾ ഏറെ നിരാശയിലായിരുന്നു. ഇംഗ്ലണ്ടിനോട് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം വെയിൽസിനെതിരെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളിൽ തകർപ്പൻ തിരിച്ചു വരവാണ് ടീം നടത്തിയത്. അമേരിക്കക്കെതിരായ പരാജയത്തിന് ശേഷം ഇറാൻ പ്രതിരോധ താരം റാമിൻ റസായിയാൻ മൈതാനത്ത് പൊട്ടിക്കരഞ്ഞു. ആരാധകരുടെ ഉള്ളുലച്ച കാഴ്ചയായിരുന്നു അത്. ഇത് കണ്ട് നിന്ന യു.എസ് താരം അന്റോണി റോബിൻസൺ റാമിനെ ചേർത്തുപിടിച്ചു. അന്റോണിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരയുന്ന റാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇറാന് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും അടിക്കാനാവാതിരുന്ന മത്സരത്തിന്‍റെ തുടക്കത്തില്‍ അമേരിക്കയുടെ മുന്നേറ്റങ്ങളാണ് ആരാധകര്‍ കണ്ടത്. മത്സരത്തിൽ വിജയം അനിവാര്യമായ യു.എസ് ആക്രമിച്ചു കളിച്ചു. അങ്ങനെ 38 ാം മിനിറ്റില്‍ അവര്‍ കാത്തിരുന്ന ഗോളുമെത്തി.
ആദ്യ പകുതിയൽ ആലസ്യം പൂണ്ടിരുന്ന ഇറാൻ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. എന്നാല്‍ അമേരിക്കന്‍ പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല. പക്ഷേ രണ്ടാം പകുതിയുടെ അധിക സമയത്തടക്കം നിരവധി അവസരങ്ങൾ ടീം നഷ്ടപ്പെടുത്തിയിരുന്നു.