റെക്കോർഡ് തുക വാരിയെറിഞ്ഞ് 'നെയ്മർ രണ്ടാമനെ' സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്
|അയാക്സിലും ബ്രസീലിലും വിങ്ങറായി കളിക്കുന്ന താരം ഡ്രിബ്ലിങ്, വേഗത, പാസിങ് മികവ്, ശാരീരിക ക്ഷമത എന്നിവ കൊണ്ട് അനുഗൃഹീതനാണ്.
ബ്രസീൽ കോച്ച് ടിറ്റെ സൂപ്പർതാരം നെയ്മറിനോടുപമിച്ച യുവതാരം ആന്റണിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഡച്ച് ക്ലബ്ബ് അയാക്സിൽ നിന്ന് 100 മില്യൺ യൂറോ (85 മില്യൺ പൗണ്ട്, 795 കോടി രൂപ) എന്ന ഭീമൻ തുക നൽകിയാണ് 22-കാരനെ യുനൈറ്റഡ് സ്വന്തമാക്കിയത്. ഡച്ച് ലീഗിലെ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവുമുയർന്ന ട്രാൻസ്ഫർ തുകയാണ് 100 മില്യൺ യൂറോ. ട്രാൻസ്ഫർ സംബന്ധിച്ച് ഇരുക്ലബ്ബുകളും ധാരണയിലെത്തിയെന്നും അടുത്തയാഴ്ച ആന്റണി മാഞ്ചസ്റ്ററിലുണ്ടാകുമെന്നും ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
2027 വരെയായിരിക്കും മാഞ്ചസ്റ്ററും ആന്റണിയും തമ്മിലുള്ള കരാർ. ഇത് 2028 വരെ നീട്ടാനുള്ള വ്യവസ്ഥയുമുണ്ടാകും.
2000-ൽ ബ്രസീലിലെ സാവോപോളോയിൽ ജനിച്ച ആന്റണി മാത്യു ദോസ് സാന്റോസ് ബ്രസീലിയൻ ക്ലബ്ബ് സാവോപോളോയിൽ നിന്നാണ് 2000-ൽ അയാക്സിലേക്ക് കൂടുമാറുന്നത്. 15 മില്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക. നിലവിലെ മാഞ്ചസ്റ്റർ കോച്ച് എറിക് ടെൻ ഹാഗിനു കീഴിൽ താരം രണ്ട് ഡച്ച് ലീഗ് കിരീടങ്ങളും ഒരു ഡച്ച് കപ്പും സ്വന്തമാക്കിയിരുന്നു. ഡച്ച് ക്ലബ്ബിനു വേണ്ടി 57 മത്സരങ്ങൾ കളിച്ച താരം 18 ഗോളും നേടി. ബ്രസീൽ സീനിയർ ടീമിനു വേണ്ടി ഒമ്പത് മത്സരം കളിച്ച താരം രണ്ട് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. 2020-ൽ ഒളിംപിക് സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു.
അയാക്സിലും ബ്രസീലിലും വിങ്ങറായി കളിക്കുന്ന താരം ഡ്രിബ്ലിങ്, വേഗത, പാസിങ് മികവ്, ശാരീരിക ക്ഷമത എന്നിവ കൊണ്ട് അനുഗൃഹീതനാണ്. പെട്ടെന്ന് വെട്ടിത്തിരിയാനും സമ്മർദങ്ങളെ അതിജീവിക്കാനും പ്രത്യേക കഴിവുള്ള താരം ഇടങ്കാൽ കൊണ്ട് തൊടുക്കുന്ന ഷോട്ടുകൾ എതിർടീമിന്റെ ബോക്സിൽ അപകടം വിതയ്ക്കുന്നതാണ്. വിങ്ങുകളിലൂടെ ആക്രമണം നടത്തുന്ന തന്റെ ശൈലിക്ക് യോജിച്ച താരമായതിനാൽ ആന്റണിയെ യുനൈറ്റഡിലെത്തിക്കാനായി എറിക് ടെൻ ഹാഗ് നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നു. യുവതാരത്തെ വിൽക്കുന്നില്ലെന്ന് അയാക്സ് നിലപാടെടുത്തെങ്കിലും, മാഞ്ചസ്റ്റർ യുനൈറ്റഡ് റെക്കോർഡ് തുക ഓഫർ ചെയ്യുകയും ക്ലബ്ബ് മാറാൻ ആന്റണി താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ട്രാൻസ്ഫർ സാധ്യമായത്.