'മാറിടത്തിൽ ഇടിച്ചു പരിക്കേല്‍പിച്ചു; ഗ്ലാസ് കൊണ്ട് ആക്രമിച്ച് കൈവിരല്‍ മുറിച്ചു'-ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങൾ
|ആന്‍റണിയെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും ഈ ബന്ധത്തിൽ ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും മുൻ കാമുകി ബ്രസീൽ മാധ്യമത്തോട് പറഞ്ഞു
ബ്രസീലിയ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ ബ്രസീൽ താരം ആന്റണിക്കെതിരെ മുൻ കാമുകി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ. 2022നും 2023നും ഇടയിൽ നിരവധി തവണ ക്രൂരമായി മർദിച്ചെന്നാണു വെളിപ്പെടുത്തൽ. ഗർഭിണിയായിരിക്കെ ഉൾപ്പെടെ മർദനമുണ്ടായി. ഗ്ലാസുകൊണ്ട് വിരൽ മുറിക്കുകയും തലയ്ക്കും മാറിടത്തിനും പരിക്കേൽപ്പിക്കുകയും ചെയ്തതായെല്ലാം ആരോപണമുണ്ട്.
ബ്രസീൽ ഓൺലൈൻ മാധ്യമമായ 'യു.ഒ.എൽ' പുറത്തുവിട്ട അഭിമുഖത്തിലാണു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്. 2022 ജൂണിൽ ഗർഭിണിയായിരിക്കെയായിരുന്നു ആദ്യത്തെ ആക്രമണം. ബ്രസീലിൽ അവധിയിലായിരുന്നു അന്ന്. യുവതിയെ കാറിലേക്കു വലിച്ചിട്ട് ക്രൂരമായി മർദിച്ചു. ഓടിക്കൊണ്ടിരുന്ന കാറിൽനിന്നു പുറത്തേക്കു തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിമുഖത്തിൽ ആരോപിക്കുന്നു.
'ഒരുപാട് ഇഷ്ടമായിരുന്നു അവനെ; എന്നിട്ടും'
''ഞാൻ അവന്റെ കൂടെ തുടർന്നില്ലെങ്കിൽ ഒരാളുടെ കൂടെയും ജീവിക്കാൻ വിടില്ലെന്നു ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്നു ഞാൻ പറഞ്ഞുനോക്കി. എന്നാൽ, എന്നെ പേടിപ്പിക്കുകയാണ് അവൻ ചെയ്തത്. പേടിച്ചു വിറക്കുകയായിരുന്നു ഞാൻ.''-അവർ പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, അപ്പോഴേക്കും നാലു മാസം പ്രായമുള്ള ഗർഭസ്ഥശിശുവിനെ അവർക്കു നഷ്ടമായിരുന്നുവെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2023 ജനുവരി 15നാണു മറ്റൊരു സംഭവം. അന്ന് തലകൊണ്ട് ഇടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മാറിടത്തിൽ ഇടിച്ചു ഗുരുതരമായ പരിക്കുണ്ടാക്കി. ആക്രമണത്തെ തുടർന്ന് ബ്രസീലിലെത്തി ശസ്ത്രക്രിയയ്ക്കു വിധേയയായി. മാറിടത്തിൽ കൃത്രിമാവയവം ഘടിപ്പിക്കേണ്ടിയും വന്നു. ആകസ്മികമായി സംഭവിച്ചതാണെന്നും വെറുതെ തള്ളുക മാത്രമാണു ചെയ്തതെന്നുമായിരുന്നു അന്ന് ആന്റണി പ്രതികരിച്ചത്.
കഴിഞ്ഞ മേയ് എട്ടിനായിരുന്നു ഗ്ലാസ് കൊണ്ട് ആക്രമിച്ചു കൈവിരൽ മുറിച്ചത്. വീട്ടിനകത്തുനിന്നു പുറത്തുകടക്കാനാകാതെ പേടിച്ചരണ്ടുനിൽക്കുകയായിരുന്നു താനെന്ന് യുവതി. ''അന്നു ഭീകരമായിരുന്നു കാര്യങ്ങൾ. വീടിന്റെ വാതിൽ അടച്ചിട്ട ആന്റണി എന്നെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. എന്റെ വിരൽ മുറിച്ചു. പാസ്‌പോർട്ട് പിടിച്ചുവച്ചു.''
അവനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. 2023 ജൂണിലാണ് ബ്രസീലിലെ സാവോ പോളോ പൊലീസിൽ യുവതി പരാതി നൽകിയത്. ഇതിനുശേഷം ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിലും പരാതി നൽകി.
ആരോപണങ്ങൾ ആന്റണി തള്ളിയിട്ടുണ്ട്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ തന്റെ നിരപരാധിത്വം തെളിയുമെന്നും ആന്റണി പറഞ്ഞു.
ടീമിൽനിന്നു പുറത്താക്കി ബ്രസീൽ
ആരോപണങ്ങൾക്കു പിന്നാലെ ആന്റണിക്കെതിരെ ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ(സി.ബി.എഫ്) നടപടി സ്വീകരിച്ചു. താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കി. വാർത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കൂടിയായ ആന്റണിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. ഇരയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
ടീമിൽനിന്നു പുറത്തായതോടെ ഈ മാസം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആന്റണിക്കു കളിക്കാനാകില്ല. ഒൻപതിന് ബൊളീവിയയ്ക്കും 13ന് പെറുവിനും എതിരെയാണ് ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.
Summary: Antony's ex-girlfriend alleges the Manchester United star viciously attacked her when she was pregnant, cut her fingers after throwing a glass and threatened to kill her