Football
ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പോകുന്നവരാണോ നിങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Football

ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പോകുന്നവരാണോ നിങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Web Desk
|
23 Sep 2022 2:04 PM GMT

യാത്രക്ക് ആറാഴ്ച മുമ്പെങ്കിലും ഹെല്‍ത്ത് ചെക്കപ്പ് നടത്താനും രക്ത ഗ്രൂപ്പ് വിവരങ്ങള്‍ കയ്യില്‍ സൂക്ഷിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാനെത്തുന്ന ആരാധകരോട് കോവിഡ്, പകര്‍ച്ചപ്പനി വാക്സിനുകള്‍ സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്ത് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. യോഗ്യരായവര്‍ ബൂസ്റ്റര്‍ ഡോസ് അടക്കം സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ലോകകപ്പ് ആരാധകര്‍ക്കായി തുടങ്ങിയ ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പേജിലാണ് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ലക്ഷത്തോളം പേരാണ് കളികാണാന്‍ ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഈ സമയത്ത് ആരോഗ്യ‌സംരക്ഷണം ഏറെ പ്രധാനമായതിനാലാണ് വാക്സിന്‍ സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നവംബര്‍- ഡിസംബര്‍ മാസങ്ങള്‍ തണുപ്പ് കാലമായതിനാലാണ് പകര്‍ച്ചപ്പനി വാക്സിനെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇതോടൊപ്പം തന്നെ യാത്രക്ക് ആറാഴ്ച മുമ്പെങ്കിലും ഹെല്‍ത്ത് ചെക്കപ്പ് നടത്താനും രക്ത ഗ്രൂപ്പ് വിവരങ്ങള്‍ കയ്യില്‍ സൂക്ഷിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്ന് കഴിക്കുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ ഖത്തറില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. കണ്ണട ധരിക്കുന്നവര്‍ അധികമായി ഒരെണ്ണം കൈയ്യില്‍ കരുതണമെന്നും മന്ത്രാലയത്തിന്റ പ്രീ ട്രാവല്‍ അഡ്വൈസിലുണ്ട്.

Similar Posts