Football
മെസി ഷോ, ഡബിൾ അൽവാരസ്; ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് അര്‍ജന്‍റീന ഫൈനലിൽ
Football

മെസി ഷോ, ഡബിൾ അൽവാരസ്; ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് അര്‍ജന്‍റീന ഫൈനലിൽ

Sports Desk
|
13 Dec 2022 5:57 PM GMT

ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും

എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് അർജൻറീന ലോകകപ്പ് ഫൈനലിൽ. ഗോളടിച്ചും ഗോളടിപ്പിച്ചും നായകൻ ലയണൽ മെസി കളംനിറഞ്ഞപ്പോൾ 2018ലെ മൂന്നുഗോൾ തോൽവിക്ക് നീലപ്പട കനത്ത മറുപടി നൽകുകയായിരുന്നു. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. 69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ ശവപ്പെട്ടിൽ മൂന്നാം ആണിയടിച്ചു. തകർപ്പൻ ഫോമിലയിരുന്ന മെസി നൽകിയ പാസിലായിരുന്നു അൽവാരസ് തന്റെ രണ്ടാം ഗോൾ നേടിയത്. ഇതോടെ എതിരില്ലാത്ത മൂന്നു ഗോളുകൾ അർജൻറീന സ്‌കോർബോർഡിൽ ചേർക്കപ്പെടുകയായിരുന്നു. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.

നാളെ രാത്രി നടക്കുന്ന ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30ന് തുടങ്ങിയ മത്സരത്തിൽ അർജൻറീന 4-4-2 ഫോർമാറ്റിലും ക്രൊയേഷ്യ 4-3-3 ഫോർമാറ്റിലുമാണ് കളിച്ചത്. 25ാം മിനുട്ടിലാണ് കളിയിലെ ആദ്യ ഷോട്ട് വന്നത്. എന്നാൽ ഫെർണാണ്ടസെടുത്ത ഷോട്ട് ലിവാകോവിച്ച് തടുത്തിട്ടു. 41ാം മിനുട്ടിൽ മെസിയെടുത്ത കോർണർ ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി.

അർജൻറീന

മാർട്ടിനെസ്, മൊളീന, റൊമീരോ, ഒട്ടമെൻഡി, തഗ്‌ലിയാഫികോ, പരേഡെസ്, ഡീ പോൾ, മാക് അല്ലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, മെസി(ക്യാപ്റ്റൻ), അൽവാരസ്.

ക്രൊയേഷ്യ

ലിവാകോവിച്ച്, പെരിസിച്ച്, ലോവ്‌റെൻ, കോവാസിച്ച്, ക്രാമറിസിച്ച്, മോഡ്രിച്ച്(ക്യാപ്റ്റൻ), ബ്രോസോവിച്ച്, പാസാലിച്ച്, സോസാ, ഗവാർഡിയോൾ, ജുറാനോവിച്ച്.

ഇന്നത്തെ സെമിയോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് മെസി നേടി. 24 മത്സരങ്ങൾ കളിച്ച താരത്തിന് ലോതർ മത്തേവൂസിന്റെ 25 മത്സരങ്ങളെന്ന നേട്ടത്തിനൊപ്പമാണ് താരമെത്തിയത്. ക്യാപ്റ്റനായി മെസി 19 മത്സരങ്ങളും കളിച്ചു. അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ലോകകപ്പ് ഗോൾവേട്ടയിൽ അർജൻറീനയുടെ മുന്നേറ്റ നിരക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡ് മെസ്സി മറികടന്നു. 10 ഗോളുകളുടെ റെക്കോഡാണ് ഇന്നത്തെ പെനാൽറ്റി ഗോളോടെ ഇതിഹാസ താരം മറികടന്നത്. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് മറ്റു ഗോൾവേട്ടക്കാർ.

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ.

2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഇന്നത്തോടെ പത്ത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു. ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്‌ലി സ്‌നെയ്ജ്‌ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 16 എണ്ണത്തിലാണ് പങ്കെടുത്തത്.

ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുകയാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം.

Similar Posts