അർജന്റീനയുടെ 'മാലാഖ' ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് എയ്ഞ്ചൽ ഡി മരിയ
|അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം വിരമിക്കുമെന്ന് ഡി മരിയ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.
ബ്യൂണസ് ഐറിസ്: അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കുമെന്ന് ഡി മരിയ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
അർജന്റീനക്കൊപ്പം ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസ്സീമ കിരീടനേട്ടങ്ങളിൽ ഡി മരിയ പങ്കാളിയായി. ഫൈനലിസ്സീമയിലും 2021 കോപ്പ, 2022 ലോകപ്പ് ഫൈനലുകളിലും മരിയ ഗോൾ നേടിയിരുന്നു. 2008ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അർജന്റീനക്കായി ഇതുവരെ 136 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. നാല് ലോകകപ്പുകളിലും ആറു കോപ്പ അമരേക്ക ടൂർണമെന്റുകളിലും പങ്കെടുത്തു.
2024 ജൂൺ 20 മുതൽ ജൂലൈ 14 വരെ യു.എസിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്. ക്ലബ് ഫുട്‌ബോളിൽ നിലവിൽ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. റയൽ മാഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.