Football
Igor Stimac supports Ashique Kuruniyan, Igor Stimac supports Ashique Kuruniyan in Argentina football team match statement, Argentina football

ഇഗോര്‍ സ്റ്റിമാച്ച്, ആഷിഖ് കുരുണിയന്‍

Football

'നന്നായി, മകനേ! ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിനെ സഹായിക്കാൻ'; ആഷിഖ് കുരുണിയനെ പിന്തുണച്ച് സ്റ്റിമാച്ച്

Web Desk
|
6 July 2023 12:01 PM GMT

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം നാട്ടിലെ താരങ്ങൾക്കു കളിക്കാൻ പരിശീലന ഗ്രൗണ്ടുകൾ തയാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ആഷിഖ് മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞിരുന്നു

കോഴിക്കോട്: അർജന്റീനയെ കളിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചതിനെതിരെ ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ നടത്തിയ അഭിപ്രായ പ്രകടനത്തെ പിന്തുണച്ച് ദേശീയ ടീമിന്റെ പരിശീലകൻ. ഇഗോർ സ്റ്റിമാച്ച് ആണ് താരത്തിന്റെ നിലപാട് ശരിവച്ച് രംഗത്തെത്തിയത്. അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിനു പകരം നാട്ടിലെ താരങ്ങൾക്കു വേണ്ടി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്നാണ് ആഷിഖ് 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടത്.

നന്നായിരിക്കുന്നു, മകനേ! ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ. അല്ലാതെ വലിയ ഫുട്‌ബോൾ രാജ്യങ്ങൾക്ക് ഇവിടെവന്ന് 90 മിനിറ്റ് കളിക്കളത്തിൽ തകർത്താടാൻ പണം ചെലവാക്കുകയല്ല വേണ്ടത്. അവർക്കെതിരെ വമ്പൻ ടൂർണമെന്റുകളിൽ കളിക്കാനുള്ള സമയം അധികം വൈകാതെ നമുക്കു വരും-സ്റ്റിമാച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം പരിശീലന ഗ്രൗണ്ടുകൾ തയാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ആഷിഖ് മീഡിയവൺ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്നും താരം ചൂണ്ടിക്കാട്ടി.

'ഇവിടെ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്തുണ്ട്. അണ്ടർ 19ൽ ഉൾപ്പെടെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിൽ, അതും വാടകയ്‌ക്കെടുത്താണ് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവുമില്ല'-ആഷിഖ് അഭിമുഖത്തിൽ പറഞ്ഞു.

മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണുള്ളത്; മഞ്ചേരിയും കോട്ടപ്പടിയും. ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂർണമെന്റിനല്ലാതെ തുറക്കില്ല. ഏത് സർക്കാരാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്‌ബോളിനെ വളർത്താൻ ശരിക്കും ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആദ്യം കളിക്കാർക്ക് വളർന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ്‌സീസണിൽ നാട്ടിൽപോയി പരിശീലിക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാൽ എനിക്കതിന് കഴിഞ്ഞില്ല-ആഷിഖ് വെളിപ്പെടുത്തി.

മലപ്പുറത്തെ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണെന്നും താരം ചൂണ്ടിക്കാട്ടി. പ്രാക്ടീസ് ചെയ്യാൻ പാകത്തിൽ നിലവാരമുള്ള ഒരു ഗ്രൗണ്ടും എവിടെയുമില്ല. ഒഡീഷയിലായിരുന്നു ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റ് നടന്നത്. അവിടുത്തെ പരിശീലനകേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്. ഒരു കോംപൗണ്ടിനുള്ളിൽ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങളുണ്ട്. അവിയൊന്നും ഒരൊറ്റ ഐ.എസ്.എൽ കളിക്കാർ പോലുമില്ലെന്ന് ഓർക്കണം.

കേരളത്തിൽനിന്ന് എത്ര കളിക്കാർ ദേശീയ ടീമിലും ഐ.എസ്.എല്ലിലും കളിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അത്തരത്തിലുള്ളൊരു സൗകര്യവുമില്ലെന്നും ആഷിഖ് കൂട്ടിച്ചേർത്തു.

Watch Ashiq Kuruniyan interview here

Summary: 'Well done my son, that’s how we should help Indian football grow and not paying big football countries to show up here 90 minutes on the pitch''; Head coach of the Indian national football team Igor Stimac supports Ashique Kuruniyan in 'Argentina in Kerala' debate

Similar Posts