ലയണൽ മെസി അടുത്തവർഷം കേരളത്തിലേക്ക്?; നിർണായക പ്രഖ്യാപനം നാളെ
|കേരളത്തിലേക്ക് വരുന്നതിനോട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്
തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീനൻ ഫുട്‌ബോൾ ടീമും കേരളത്തിലേക്കെത്തുന്നു. അടുത്തവർഷമാകും മെസിയും സംഘവും സംസ്ഥാനത്തെത്തി പന്തുതട്ടുക. ഇത് സംബന്ധിച്ച് നാളെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കേരളത്തിലേക്ക് വരുന്നതിനായി അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് വിവരം. കേരളത്തിൽ രണ്ട് മത്സരങ്ങളാകും അർജന്റീനൻ ടീം കളിക്കുക.
ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കായികമന്ത്രി വി അബ്ദുറഹിമാൻ നടത്തിയിരുന്നു. എന്നാൽ ലയണൽ മെസ്സി കേരളത്തിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. മെസിയുടെ കാര്യത്തിൽ അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷനാകും അന്തിമ തീരുമാനമെടുക്കുക. അർജന്റീനൻ ടീം എത്തുമെന്ന വാർത്ത പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിലും ചർച്ച ആരംഭിച്ചിട്ടുണ്ട്. അർജന്റീനൻ ടീം എത്തുന്നതിന് ചെലവാകുന്ന ഭീമമായ തുക സ്‌പോർണർഷിപ്പിലൂടെ കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നീലപടയെ കേരളത്തിലെത്തിക്കാൻ നൂറു കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക.