അതിനാടകീയം അർജൻറീന; ഓറഞ്ച് പടയെ തോൽപ്പിച്ച് നീലപ്പട സെമിയിൽ
|ആദ്യ ഗോളിന് വഴിയൊരുക്കിയതും രണ്ടാമത്തെ പെനാൽട്ടി ഗോളടിച്ചതും ക്യാപ്റ്റൻ ലയണൽ മെസ്സിയാണ്
അതിനാടകീയ രംഗങ്ങൾക്കൊടുവിൽ നെതർലൻഡ്‌സിനെതിരെയുള്ള രണ്ടാം ക്വാർട്ടറിൽ വിജയിച്ച് അർജൻറീന. ആദ്യ ഇരുപകുതിയും അധികസമയവും സമനിലയിലായതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നേരത്തെ ഇരട്ടഗോൾ ലീഡ് നേടി മത്സരത്തിൽ മുന്നിട്ടുനിന്ന മെസ്സിപ്പടയെ വെഗ്‌ഹോസ്റ്റിനെ സൂപ്പർ സബ്ബായിറക്കി സമനിലയിൽ കുരുക്കിയ ഡച്ച് ടീമിന് പക്ഷേ ഷൂട്ടൗട്ട് സമ്മർദ്ദം അതിജീവിക്കാനായില്ല. നാലു അർജൻറീനൻ താരങ്ങൾ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ മൂന്നു പേരാണ് ഡച്ചപടയിൽ നിന്ന് ലക്ഷ്യം കണ്ടത്. അർജൻറീനൻ ഗോൾകീപ്പർ മാർട്ടിനെസ് കിടിലൻ സേവുകളും ഷൂട്ടൗട്ടിൽ കാഴ്ചവെച്ചു. നാലാമത് കിക്കെടുത്ത എൻസോ അവസരം പാഴാക്കിയെങ്കിലും ലൗത്താരോയെടുത്ത അവസാന കിക്ക് സെമിയിൽ അർജൻറീനയുടെ ഇടം ഉറപ്പാക്കി.
ക്വാർട്ടർ ഫൈനലിൽ ഇരട്ടഗോൾ നേടിയ അർജൻറീന മുന്നിട്ടുനിൽക്കുകയായിരുന്നു. ആദ്യ പകുതിയിൽ മൊളീനയും രണ്ടാം പകുതിയിൽ പെനാൽട്ടിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോൾ നേടിയത്. എന്നാൽ 78ാം മിനുട്ടിൽ സബ്ബായി ഇറങ്ങിയ സ്ട്രൈക്കർ വൗട്ട് വെഗ്ഹോസ്റ്റ് 83ാം മിനുട്ടിൽ ഓറഞ്ച് പടയ്ക്ക് ആദ്യ ഗോൾമധുരം നൽകി. രണ്ടാം വട്ടവും നെതർലൻഡ്സിനെ തുണച്ചത് അദ്ദേഹം തന്നെയായിരുന്നു. രണ്ടാം പകുതിയുടെ അധികസമയത്ത് കൂംപനേഴ്സിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
73ാം മിനുട്ടിൽ അർജൻറീന രണ്ടാം ഗോൾ നേടിയ ശേഷമാണ് സൂപ്പർ സബ്ബെന്ന് വിളിക്കാവുന്ന വെഗ്ഹോസ്റ്റ് ഇറങ്ങിയത്. ഡീപേയ്ക്ക് പകരമായാണ് താരം 78ാം മിനുട്ടിൽ ഇറങ്ങിയത്. തുടർന്ന് 83ാം മിനുട്ടിൽ ബെർജിസായിരുന്നു അസിസ്റ്റിൽ നിന്ന് ഡച്ചുകാർക്കായി ആദ്യ ഗോൾ നേടുകയായിരുന്നു.
രണ്ടാം പകുതിയിൽ 73ാം മിനുട്ടിലാണ് മെസ്സി പെനാൽട്ടിയിലൂടെ ഗോളടിച്ചത്. അക്യൂനയെ ബംഫ്രിസ് വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. 38ാം മിനുട്ടിൽ നായകൻ ലയണൽ മെസ്സിയുടെ പാസിലാണ് മൊളീന വലകുലുക്കിയത്. മത്സരത്തിൽ ഇരുടീമുകളും പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചിരുന്നത്. എന്നാൽ മെസ്സിയുടെ ഇടപെടൽ മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ഗോളി നോപ്പെർട്ടിനും ബ്ലിൻഡിനുമിടയിലൂടെ മൊളീന പന്ത് വലയിലെത്തിച്ചു.
അതിനിടെ, മത്സരത്തിൽ തുടർച്ചയായ മിനുട്ടുകളിൽ മൂന്നു താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. 43ാം ജൂറിൻ ടിംബെർ, 44ാം മിനുട്ടിൽ മാർകസ് അക്യൂന, 45ാം മിനുട്ടിൽ ക്രിസ്റ്റിയൻ റൊമേരേ എന്നിവരാണ് മഞ്ഞക്കാർഡ് കണ്ടത്. റൊമേരോക്ക് മഞ്ഞക്കാർഡ് കിട്ടിയത് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു. ശേഷം 48ാം മിനുട്ടിൽ നെതർലൻഡ് സബ് സ്‌ട്രൈക്കർ വോട്ട് വേഗ്‌ഹോസ്റ്റും മഞ്ഞക്കാർഡ് നേരിട്ടു. 76ാം മിനുട്ടിൽ ഇരുടീമിലെയും ഓരോ താരങ്ങൾ കൂടി മഞ്ഞക്കാർഡ് വാങ്ങി. ലിസാൻഡ്രോ മാർടിനെസും ഡിപേയുമാണ് നടപടി ഏറ്റുവാങ്ങിയത്.
50ാം മിനുട്ടിൽ മിസ്സ് പാസിൽ നിന്ന് ലഭിച്ച പന്ത് ഡെ പോൾ മെസ്സിയ്ക്ക് മുമ്പിലായി ഡച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും നോപ്പെർട്ട് കൈവശപ്പെടുത്തി. 63ാം മിനുട്ടിൽ മെസ്സിയെടുത്ത ഫ്രീകിക്ക് ഡച്ച് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. അതേസമയം, 59ാം മിനുട്ട് വരെ നെതർലൻഡ്‌സ് എതിർടീമിന്റെ ബോക്‌സിൽ ഒരു ഷോട്ട് പോലും ഉതിർത്തിരുന്നില്ല.
രണ്ടാം പകുതിയുടെ അധിക സമയത്ത് രണ്ടു ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും നെതർലൻഡ്‌സിന് മുതലാക്കാനായില്ല. 91ാം മിനുട്ടിൽ നെതർലൻഡ്‌സ് താരത്തിന്റെ കാലിൽ തട്ടി ഗോൾകിക്കാവുകയും 93ാം മിനുട്ടിലെ ഫ്രീകിക്ക് അർജൻറീനൻ മതിലിൽ തട്ടി ചിതറുകയുമായിരുന്നു. 113ാം മിനുട്ടിൽ റൗത്താരോയുടെ കിടിലൻ ഷോട്ട് ഡച്ച് താരത്തിന്റെ ദേഹത്ത് തട്ടി കോർണറാകുകയായിരുന്നു. പിന്നീട് തുടർച്ചയായ അർജൻറീനൻ മുന്നേറ്റങ്ങളാണുണ്ടായത്. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
അർജൻറീന ടീമിന്റെ ആദ്യ ഇലവനിൽ ഫോർവേഡ് ഡിമരിയയില്ല. നെതർലൻഡ്‌സ് 3-4-1-2 ഫോർമാറ്റിലും അർജൻറീന 5-3-2 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്.
അർജൻറീന ലൈനപ്പ്
എമിലിയാനോ മാർട്ടിനെസ്, ക്രിസ്റ്റിയൻ റൊമേരോ, നികോളോസ് ഓട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, റോഡ്രിഗോ ഡെ പോൾ, മാർകോസ് അക്യൂന, അലെക്‌സ് മാക് അലിയെസ്റ്റർ, എൻസോ ഫെർഡിനാൻഡ്‌സ്, നാഹുയേൽ മൊളീന, ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി (ക്യാപ്റ്റൻ).
കോച്ച്: ലയണൽ സ്‌കലോണി.
നെതർലൻഡ്‌സ് ലൈനപ്പ്
ആൻഡ്രിസ് നോപ്പെർട്ട്, ജൂറിയെൻ ടിംബർ, വിർജിൽ വൻ ഡിക്, നഥാൻ അകെ, എംഫിസ് ഡിപേ, മാർടെൻ ഡെ റൂൺ, ഡാലി ബ്ലിൻഡ്, ഫ്രാങ്കി ഡെ ജോങ്, ഡാൻസെൽ ഡുഫ്രിയ്‌സ്, സ്റ്റീവൻ ബെർജവിൻ, കോഡി ഗാപ്‌കോ.
കോച്ച്: ലൂയിസ് വൻ ഗാൾ.