അവിശ്വസനീയ കാഴ്ചകൾ; തോൽവി വിശ്വസിക്കാനാകാതെ അർജൻറീന
|പാരിസ്: അർജൻറീനയും സ്പെയിനും ഫ്രാൻസുമെല്ലാം പന്തുതട്ടുന്നുണ്ടെങ്കിലും ഒളിമ്പിക്സ് ഫുട്ബോളിന് വലിയ ആരവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അർജൻറീനയും മൊറോക്കോയും തമ്മിലുള്ള മത്സരത്തോടെ അത് മാറിയിരിക്കുന്നു.
അർജൻറീന എന്നും ലോക ഫുട്ബോളിലെ മോസ്റ്റ് ഡെക്കറേറ്റഡ് ടീമുകളിലൊന്നാണ്. ദേശ ഭാഷ വൻകരവ്യത്യാസമില്ലാതെ അവർക്ക് വലിയ ആരാധകരുണ്ട്. എന്നാൽ ഒളിമ്പിക്സ് സ്റ്റേഡിയത്തിലേക്ക് വന്നത് മുതൽ കാണികൾ അർജൻറീനക്ക് എതിരായിരുന്നു. ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ ഗ്യാലറി ആർത്തലച്ച് കൂവി. കോപ്പ അമേരിക്ക ആഘോഷങ്ങൾക്കിടെയുണ്ടായ വംശീയ പരാമർശങ്ങൾക്കുള്ള പ്രതിഷേധമാണ് മൊറോക്കൻ കാണികളിൽ നിന്നും തദ്ദേശീയരായ ഫ്രഞ്ചുകാരിൽ നിന്നുമുണ്ടായത്. മൊറോക്കോയുടെ ഒാരോ നീക്കങ്ങൾക്കും കൈയ്യടിച്ച കാണികൾ അർജൻറീനയെ ശത്രുപക്ഷത്ത് നിർത്തി.
ആദ്യ പകുതി അവസാനിക്കാനിരിക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോൾ. അകോമാച്ച് നൽകിയ ബാക്ക് ഹീൽ പാസിൽ എൽ കനൗസ് നൽകിയ ക്രോസ് സൂഫിയാനെ റഹീമി വലയിലേക്ക് തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകൾക്ക് ശേഷം പെനൽറ്റിയിലൂടെ രണ്ടാം ഗോളുമെത്തിയതോടെ മൊറോക്കോ ജയമുറപ്പിച്ചായിരുന്നു പന്തുതട്ടിയത്. എന്നാൽ ഗോൾ വീണതോടെ ഹാവിയർ മഷറാനോയുടെ കുട്ടികൾ കളി കടുപ്പിച്ചു. മൊറോക്കൻ ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചുകയറിയ അർജൈൻറൻ സംഘത്തെ മൊറോക്കൻ പ്രതിരോധ നിരയും ഗോൾകീപ്പറുമടക്കമുള്ളവർ പണിപ്പെട്ടാണ് തടുത്തത്. 67ാം മിനുറ്റിൽ അർജൻറീനക്കായി സിമിയോണി ആദ്യ ഗോൾ നേടിയതോടെ മത്സരം ഒന്നുകൂടി മുറുകി.
ഇഞ്ച്വറി ടൈമായി 15 മിനുറ്റെന്ന അതിദീർഘ സമയമാണ് റഫറിമാർ അനുദവിച്ചത്. ഫൗളുകളും ഗ്രൗണ്ട് കയ്യേറ്റവുമെല്ലാമായി സമയം ഏറെ കൊന്നതിനുള്ള പ്രായശ്ചിത്തമായാണ് അത്രയും സമയം നൽകിയത്. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അർജൻറീന കാത്തിരുന്ന നിമിഷമെത്തി. രണ്ടുവട്ടം ബാറിലിടിച്ചെത്തിയ പന്ത് ഒടുവിൽ മെദിന വലയിലെത്തിക്കുന്നു. ഓരോ അർജൻറീന ആരാധകനും ആർത്തലച്ച നിമിഷം. പിന്നിൽനിന്നും പൊരുതിക്കയറിയതിെൻറ ആത്മവിശ്വാസത്തിൽ അർജൻറീന ചിരിക്കുേമ്പാൾ മൊറോക്കോക്ക് പ്രതീക്ഷകളുടെ കൊടുമുടിയിൽ നിന്നും വീണതിെൻറ സങ്കടമായിരുന്നു. കുപ്പിയെറിഞ്ഞും പടക്കങ്ങളെറിഞ്ഞുമാണ് അവരുടെ ആരാധകർ അരിശം തീർത്തത്. അതോടെ മത്സരം നിർത്തിവെക്കുന്നു. മാച്ച് സസ്പെൻഡ് ചെയ്തതതായും അടുത്തുള്ള എക്സിറ്റിലൂടെ പുറത്തിറങ്ങണമെന്നും സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിഞ്ഞു.ഒളിമ്പിക്സ് ഔദ്യോഗിക വെബ്സൈറ്റിലടക്കം സ്കോർ സമനിലയെന്ന് കാണിക്കുന്നു.
എന്നാൽ ഈ ട്വിസ്റ്റിന് മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ടായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം അടച്ചിട്ട സ്റ്റേഡിയത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 3 മിനുറ്റ് നേരത്തേക്ക് ഫുട്ബോൾ പുനരാരംഭിക്കുന്നു. കളിക്കാർക്ക് വാംഅപ്പിനുള്ള സമയവും നൽകി. വാർപരിശോധനയുണ്ടെന്ന് താരങ്ങളെ ഗ്രൗണ്ടിലേക്ക് ഇറങ്ങും മുേമ്പ അറിയിച്ചിരിക്കണം. ആരായിരുന്നു ഓഫ്സൈഡ് എന്നതടക്കമുള്ള അവ്യക്തതകൾ പക്ഷേ ബാക്കിയുണ്ടായിരുന്നു. കാരണം ടണലിൽ അഷ്റഫി ഹക്കീമിയും അർജൻറീന താരങ്ങളും പരസ്പരം വാദിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അങ്ങനെ വാർപരിശോധനയിൽ അർജൻറീനയുടെ ഗോൾ നിഷേധിക്കുന്നു. നിക്കൊളാസ് ഒട്ടമെൻഡി ഷോട്ടെടുക്കുേമ്പാൾ ബ്യൂണോ അമിയോണി ഓഫ് സൈഡാണെന്ന് വ്യക്തം. ഒട്ടമെൻഡിയുടെ ബാറിൽ തട്ടിത്തെറിച്ച ഷോട്ടിൽ നിന്നായിരുന്നു മെദിനയുടെ ഗോൾപിറന്നത്.
പിന്നീട് അത്ഭുങ്ങളൊന്നും സംഭവിച്ചില്ല. മൊറോക്കോ വിജയമുറപ്പിച്ചു. ഒരേ സമയം എട്ടുസ്റ്റേഡിയങ്ങളിലായി എട്ടുമത്സരങ്ങൾ നടക്കുന്നത് കൊണ്ടുതന്നെ സംഭവങ്ങൾ അറിയാൻ അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത ഏജൻസികളുമടക്കം വൈകിയെന്നതാണ് സത്യം. അപ്രതീക്ഷിത ട്വസ്റ്റ് സംപ്രേക്ഷണം ചെയ്യാൻ ബ്രോഡ്കാസ്റ്റേഴ്സും നന്നേ പണിപ്പെട്ടു.
മത്സരഫലത്തിന് പിന്നാലെ അർജൻറീന കോച്ച് ഹാവിയർ മാഷറാനോ ക്ഷുഭിതനായിയിരുന്നു. ‘‘മത്സരം സുരക്ഷകാരണങ്ങളാൽ സസ്പെൻഡ് ചെയ്തതാണ്. അന്നേരം റിവ്യൂവിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഒളിമ്പിക്സ് വെബ്സൈറ്റിലടക്കം 2-2 എന്നതായിരുന്നു സ്കോർ. റഫറിമാർ വിശദീകരണം പോലും നൽകിയില്ല. ഇത് ലോക്കൽ ടൂർണമെൻറല്ല, ഒളിമ്പിക്സ് മത്സരമാണ്. ഏഴുതവണയാണ് മൊറോക്കൻ ആരാധകർ പിച്ച് കൈയ്യേറിയത്. ഈ മത്സരം ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ സർക്കസാണ്’’ -മാഷെറാനോ പറഞ്ഞു. അവിശ്വസനീയം എന്നർത്ഥം വരുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി സാക്ഷാൽ ലയണൽ മെസ്സിയും വിവാദത്തിൽ പങ്കുചേർന്നിട്ടുണ്ട്.