Football
യുറുഗ്വയെ ഒരു ഗോളിന് കീഴടക്കി; മെസിപ്പടക്ക് ആദ്യ ജയം
Football

യുറുഗ്വയെ ഒരു ഗോളിന് കീഴടക്കി; മെസിപ്പടക്ക് ആദ്യ ജയം

Web Desk
|
19 Jun 2021 2:28 AM GMT

പതിമൂന്നാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്.

കോപ്പ അമേരിക്കയിൽ അർജന്‍റീനക്ക് ആദ്യ ജയം. യുറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. പതിമൂന്നാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മെസ്സിയാണ് കളിയിലെ താരം.

ഒടുവിൽ അർജന്‍റീന സമനിലപ്പൂട്ട് പൊളിച്ചു. തുടക്കം ഗോൾ നേടുകയും പടിക്കൽ കലമുടക്കുകയും ചെയ്യുന്ന പതിവിന് വിട. യുറുഗ്വയെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ അനുവദിക്കാതെയുള്ള ജയം.

തുല്യശക്തികളുടെ പോരാട്ടമാണ് നടന്നത്. വിജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്ന്​ പ്രഖ്യാപിച്ചിറങ്ങിയ രണ്ടു ലാറ്റിൻ അമേരിക്കൻ കരുത്തര്‍. മൂന്നാം മിനിറ്റിൽ ആദ്യ അവസരം തുറന്നത്​ യുറുഗ്വെ​. മധ്യനിരയിൽ ഗോൺസാലസ്​ സൃഷ്​ടിച്ച മുന്നേറ്റം ലക്ഷ്യത്തിലെത്തിക്കുന്നതിൽ ജിമെനസിന്​​ പിഴച്ചു. ആറാം മിനിറ്റിൽ ഇരമ്പിക്കയറിയ മെസ്സി പായിച്ച ബുള്ളറ്റ്​ ഷോട്ട്​ ഗോളി ഒരു വിധത്തില്‍ തട്ടിയകറ്റി. പതിമൂന്നാം മിനിറ്റിൽ ലഭിച്ച കോർണർ ലയണൽ മെസ്സി ഷോട്ട് കോർണറായി എടുത്തു. പന്ത് തിരിച്ചുവാങ്ങിയ മെസ്സി തന്നെ ബോക്സിലേക്ക് ക്രോസ് നൽകി. ഹെഡ് ചെയ്ത ഗുയ്ഡോ റോഡ്രിഗസിന്‍റെ ഹെഡർ ഗോൾ വല കടന്നു. ഇരുപത്തിയേഴാം മിനിട്ടിൽ വീണ്ടും മെസ്സിയുടെ ക്രോസ്. ഇത്തവണ പക്ഷേ ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ കളി തുടങ്ങിയപ്പോൾ യുറുഗ്വെ ഉണർന്നു കളിച്ചു. എന്നാൽ ഗോളിലേക്കെത്താൻ ആയില്ല. ഗോള്‍ നേടിയതിനു പിന്നാലെ അര്‍ജന്റീന പ്രതിരോധത്തിലൂന്നി. മറുവശത്ത് യുറുഗ്വായ്ക്ക് കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. കളിയുടെ അവസാന മിനിറ്റുകളിൽ പന്ത് കൈവശം വെയ്ക്കുന്നതിൽ മെസ്സിയും സംഘവും വിജയം കണ്ടതോടെ അർജന്‍റീന ആദ്യ ജയം സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ ചിലിയോട് അര്‍ജന്‍റീന സമനില വഴങ്ങിയിരുന്നു. ഈ വിജയത്തോടെ അര്‍ജന്‍റീന നോക്കൗട്ട് സാധ്യത സജീവമാക്കി.

Related Tags :
Similar Posts