രണ്ട് ഗോളിന് പിറകിൽനിന്ന ശേഷം പൊരുതിക്കയറി ആഴ്‌സണൽ; സിറ്റിക്കും ചെൽസിക്കും ജയം
|ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ന്യൂകാസിലിനെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.
ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിൽ ബൗൺമതിനെ 3-2ന് വീഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ച് ആഴ്‌സണൽ. കളി തുടങ്ങി ഒമ്പതാം സെക്കൻഡിൽ തന്നെ ഫിലിപ് ബില്ലിങ് ബൗൺമതിനായി ഗണ്ണേഴ്‌സിന്റെ വല കുലുക്കി. പ്രീമിയർ ലീഗ് ചരിത്രത്തിലെ വേഗതയേറിയ രണ്ടാം ഗോളായിരുന്നു ഇത്.
ഗോൾ മടക്കാൻ ആദ്യ പകുതിയിൽ ആഴ്‌സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ഒരു കോർണറിൽനിന്ന് ബൗൺമതിന്റെ രണ്ടാം ഗോളും പിറന്നു. മാർക്കോസ് സെനെസിയായിരുന്നു ഹെഡറിലൂടെ ഗോൾ നേടിയത്.
തളരാതെ പൊരുതിയ ആഴ്‌സണൽ 62-ാം മിനിറ്റിൽ തോമസ് പാർട്ടിയിലൂടെ തിരിച്ചടി തുടങ്ങി. സ്‌കോർ 1-2. ബൗൺമത് ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ആഴ്‌സണൽ 70-ാം മിനിറ്റൽ രണ്ടാം ഗോളും മടക്കി. നെൽസന്റെ ക്രോസിൽനിന്ന് ബെൻ വൈറ്റിന്റെ ഷോട്ട്. നെറ്റോ ഷോട്ട് തടഞ്ഞെങ്കിലും അപ്പോഴേക്കും ഗോൾ ലൈൻ കഴിഞ്ഞിരുന്നു. സ്‌കോർ 2-2. അധികസമയത്ത് 97-ാം മിനിറ്റിൽ നെൽസന്റെ വകയായിരുന്നു ആഴ്‌സണലിന്റെ വിജയഗോൾ.
😅 Ready to relive it all again, Gooners?
— Arsenal (@Arsenal) March 4, 2023
Step right this way 👇 pic.twitter.com/LxBjlhyWMm
ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ന്യൂകാസിലിനെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. 15-ാം മിനിറ്റിൽ ഫിൽ ഫോഡെനും 67-ാം മിനിറ്റിൽ ബെർണാഡോ സിൽവയുമാണ് സിറ്റിക്കായി ഗോൾ നേടിയത്.
കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ പരാജയത്തിനൊടുവിലാണ് ലീഡ്‌സ് യുണൈറ്റഡിനെതിരായ കളിയിൽ ചെൽസിയുടെ വിജയം. ഡിഫൻഡർ വെസ്ലി ഫൊഫാനയാണ് ചെൽസിക്ക് വേണ്ടി വിജയഗോൾ നേടിയത്.
26 കളികളിൽനിന്ന് 63 പോയിന്റുമായി ആഴ്‌സണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. രണ്ടാസ്ഥനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ്. 26 കളികളിൽനിന്ന് 58 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. 24 കളികളിൽനിന്ന് 49 പോയിന്റുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡ് ആണ് മൂന്നാം സ്ഥാനത്തുള്ളത്.