ക്രിസ്മസ് ദിനത്തിൽ തലപ്പത്ത്, പുതുവർഷത്തിൽ നാലാമത്; ആഴ്‌സനലിന് 'ഫുൾ' തോൽവി
|2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമാണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്.
ലണ്ടൻ: ക്രിസ്മസ് ദിനത്തിൽ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത്. പുതുവത്സരദിനമായപ്പോൾ നാലാമത്. ഒരാഴ്ചക്കിടെ തുടർച്ചയായി രണ്ടാം തോൽവി വഴങ്ങിയ ആഴ്‌സനലിന് വമ്പൻ തിരിച്ചടി. പ്രീമിയർ ലീഗിൽ 2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമാണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം.
ഫുൾഹാമിന്റെ തട്ടകമായ ക്രാവൻ കോട്ടേജ് മൈതാനത്ത് നടന്ന മത്സരത്തിൽ അഞ്ചാംമിനിറ്റിൽ ബുക്കായോ സാക്കയിലൂടെ സന്ദർശകരാണ് മുന്നിലെത്തിയത്. 29ാം മിനിറ്റിൽ റൗൾ ജിമനസിലൂടെ ഫുൾഹാം സമനില പിടിച്ചു. 59ാം മിനിറ്റിൽ ബോബി ഡെകോർഡോവയിലൂടെ വിജയഗോൾനേടി. മത്സരത്തിലുടനീളം പന്തടക്കത്തിൽ ആഴ്‌സനലാണ് മുന്നിൽ നിന്നത്. എന്നാൽ കൗണ്ടർ അറ്റാക്കിലൂടെ മുൻ ചാമ്പ്യൻമാരെ വിറപ്പിച്ച ഫുൾഹാം നിർണായക അവസരങ്ങൾ ഗോളാക്കിമാറ്റി.
കഴിഞ്ഞമത്സരത്തിൽ വെസ്റ്റ്ഹാമിനോടും ആഴ്‌സനൽ പരാജയപ്പെട്ടിരുന്നു. നിലവിൽ 20 കളിയിൽ 12 വിജയമുള്ള ടീം 40 പോയന്റുമായി ടേബിളിൽ നാലാമതാണ്. ഒരുകളികുറവ് കളിച്ച ലിവർപൂൾ 42 പോയന്റുമായി തലപ്പത്തുണ്ട്. ആഴ്‌സനുമായുള്ള ജയത്തോടെ 24 പോയന്റുമായി ഫുൾഹാം 13ാം സ്ഥാനത്തേക്കുയർന്നു. പുതുവർഷത്തിലെ ആദ്യമത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് ആഴ്‌സനലിന്റെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബോൺമൗത്തിനെ കീഴടക്കി. മാറ്റർസാർ, ഹ്യൂങ്മിൻസൺ, റിച്ചാലിസൻ എന്നിവർ ലക്ഷ്യംകണ്ടു. ബോൺമൗത്തിനായി അലക്‌സ് സ്‌കോട്ട് ആശ്വാസഗോൾ കണ്ടെത്തി.