ഡെക്ലാൻ റൈസിന് റെഡ്കാർഡ്; ആഴ്‌സനലിനെ സമനിലയിൽ കുരുക്കി ബ്രൈട്ടൻ
|കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈട്ടൻ തോൽപിച്ചിരുന്നു
ലണ്ടൻ: സ്വന്തം തട്ടകത്തിൽ സമനലിയൽ കുരുങ്ങി ആഴ്‌സനൽ. ബ്രൈട്ടനാണ് ഗണ്ണേഴ്‌സിനെ (1-1) സമനിലയിൽ തളച്ചത്. 49ാം മിനിറ്റിൽ ഡെക്ലാൻ റൈസിന് ചുവപ്പ് കാർഡ് ലഭിച്ചത് മത്സരത്തിൽ വഴിത്തിരിവായി. രണ്ടാം പകുതിയിൽ പത്തുപേരുമായാണ് ഗണ്ണേഴ്‌സ് പൊരുതിയത്. 38ാം മിനിറ്റിൽ കായ് ഹാവെട്‌സിലൂടെ ആഴ്‌സനലാണ് മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ബ്രൈട്ടൻ ഒപ്പംപിടിച്ചു. 58ാം മിനിറ്റിൽ ജാവോ പെഡ്രോയാണ് വലകുലുക്കിയത്.
🔵⚪️ @OfficialBHAFC fight back against 10-man Arsenal for a point 🤝#ARSBHA #TheKickOff pic.twitter.com/zyQVKOzN9F
— Premier League (@premierleague) August 31, 2024
ആദ്യ പകുതിയിൽ മേധാവിത്വം പുലർത്തിയ ആഴ്‌സനലിന് രണ്ടാം പകുതിയിൽ പ്രതീക്ഷക്കൊത്തുയരാനായില്ല. 49ാം മിനിറ്റിൽ ഡെക്ലാൻ റൈസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ ടീം പ്രകടനത്തെ കാര്യമായി ബാധിച്ചു. നിരന്തര ആക്രമണത്തിലൂടെ ബ്രൈട്ടൻ ആതിഥേയരുടെ ബോക്‌സിലേക്ക് ഇരമ്പിയെത്തി. ഒടുവിൽ മികച്ചൊരു നീക്കത്തിനൊടുവിൽ 58ാം മിനിറ്റിൽ വലകുലുക്കി. ഡങ്ക് നൽകിയ കട്ടിങ് പാസുമായി ബോക്‌സിലേക്ക് കുതിച്ച ഗാംബിയാൻ ഉതിർത്ത ഷോട്ട് ഗോൾകീപ്പർ ഡേവിഡ് റയ തട്ടിയകറ്റി. എന്നാൽ റീബൗണ്ട് പിടിച്ചെടുത്ത് പെഡ്രോ ഗോൾനേടി. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈട്ടൻ തോൽപിച്ചിരുന്നു