ലീഡ്സിനെയും തകര്‍ത്ത് ഗണ്ണേഴ്സ് മുന്നോട്ട്
|ഇന്നത്തെ മത്സരം വിജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളില്‍ രണ്ടാമതുളള സിറ്റിയുമായി എട്ട് പോയിന്റ് ലീഡ് കൈവരിക്കാൻ ആഴ്സനലിനായി
ലീഡ്സ് യുണൈറ്റഡിനെതിരെയും വിജയം ആവർത്തിച്ച് ആഴ്സനൽ. പ്രീമിയർ ലീഗിൽ ഇത്തവണ കിരീട പോരാട്ടത്തിൽ നിന്ന് പുറകോട്ടില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായിരുന്നു ആഴ്സനലിന്റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ അരമണിക്കൂറിൽ ആഴ്സനലിനെ പിടിച്ചു കെട്ടാൻ ലീഡ്സിനായെങ്കിലും 35-ാം മിനുറ്റിൽ ഗബ്രിയേൽ ജീസസ് ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഗബ്രിയേൽ ജീസസ് ആഴ്സനലിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതി തുടങ്ങി രണ്ടു മിനുറ്റുകൾക്ക് ശേഷം ആഴ്സനൽ രണ്ടാം ഗോളും നേടി. പ്രതിരോധനിര താരം ബെൻ വൈറ്റ് ആണ് ഗണ്ണേഴ്സിനു വേണ്ടി രണ്ടാം ഗോൾ നേടിയത്. 55 മിനുറ്റിൽ ഗബ്രിയേൽ ജീസസ് തൻ്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ, മൂന്ന് ഗോൾ ലീഡുമായി ആഴ്സനൽ മത്സരത്തിൽ വ്യക്തമായ മേൽക്കൊയ്മ നേടിയെടുത്തു. ഗ്രാനിറ്റ് സാക്ക 84 -ാം മിനുറ്റിൽ ഹെഡറിലൂടെ ആഴ്സനലിനായി നാലാം ഗോളും നേടിയതോടെ ലീഡ്സിനെതിരെ ഗണ്ണേഴ്സ് അവസാന വെടിയും അടിച്ചു. ആഴ്സനൽ സമഗ്രാധിപത്യം പുലർത്തിയ മത്സരത്തിൽ ലീഡ്സിനായി റാസ്മെൻസ് 76-ാം മിനുറ്റിൽ ക്രിസ്റ്റെൻസൻ ആശ്വാസ ഗോൾ നേടി.
Four goals.
— Arsenal (@Arsenal) April 1, 2023
Three points.
Two Gabby goals.
One big team win. pic.twitter.com/tAmZFZltbB
ഇന്നത്തെ മത്സരം വിജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളില്‍ രണ്ടാമതുളള സിറ്റിയുമായി എട്ട് പോയിന്റ് ലീഡ് കൈവരിക്കാൻ ആഴ്സനലിനായി. 29- മത്സരങ്ങളിൽ നിന്ന് 72- പോയിന്റുമായി ഒന്നാമതാണ് ആഴ്സനൽ. സിറ്റിക്ക് 29- മത്സരങ്ങളിൽ നിന്ന് 72- പോയിന്റാണുളളത്. പ്രീമിയർ ലീഗിൽ ആഴ്സനൽ തുടർച്ചയായ ഏഴാം ജയമാണ് ഇന്ന് നേടിയത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബേൺമൗത്ത് ഫുൾഹാമിനെയും, ക്രിസ്റ്റൽ പാലസ് ലെസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തി. ബ്രൈറ്റൺ ബോൻഫോർഡ് മത്സരം 3-3 ആവേശ സമനിലയിൽ അവസാനിച്ചപ്പോൾ, നോട്ടിംഗ്ഹാം ഫോറസ്റ്റും വോൾവ്സും നടന്ന മത്സരവും 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിച്ചു. ലിവർപൂളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചു.