ഏഷ്യൻ കപ്പ് ഫുട്ബോൾ: പ്രീക്വാർട്ടർ ലൈനപ്പായി
|ആതിഥേയരായ ഖത്തറിന് ഫലസ്തീനാണ് എതിരാളികള്‍
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. സൗദി അറേബ്യയും ദക്ഷിണ കൊറിയയും നേര്‍ക്കുനേര്‍ വരുന്നതാണ് പ്രീ ക്വാര്‍ട്ടറിനെ ശ്രദ്ധേയമാക്കുന്നത്. ആതിഥേയരായ ഖത്തറിന് ഫലസ്തീനാണ് എതിരാളികള്‍.
7 പോയിന്റുമായി ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായാണ് സൗദി നോക്കൗട്ടിലെത്തിയത്. എന്നാല്‍, ഇ ഗ്രൂപ്പില്‍ അവസാന രണ്ട് മത്സരവും സമനില വഴങ്ങിയ കൊറിയ ബഹ്റൈന്‍ പിന്നില്‍ രണ്ടാമതായി. ഇതോടെയാണ് പ്രീ ക്വാര്‍ട്ടറില്‍ വമ്പന്‍ പോരിന് കളമൊരുങ്ങിയത്.
ലോക ഫുട്ബോളിലെ തലയെടുപ്പുള്ള പരിശീലകരായ മാന്‍സീനിയുടെയും ക്ലിന്‍സ്മാന്റെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാകും മത്സരം. ജനുവരി 30 എജ്യുക്കേഷന്‍ സിറ്റിയാണ് വേദി.
ആതിഥേയരായ ഖത്തര്‍ ജനുവരി 29ന് അല്‍ബെയ്ത്തില്‍ ഫലസ്തീനിനെ നേരിടും. യുഎഇയ്ക്ക് താരതമ്യേന ദുര്‍ബലരായ തജികിസ്താനാണ് എതിരാളികള്‍.
അതേസമയം, ഇ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി മുന്നേറിയ ബഹ്റൈനിന് ഡി ഗ്രൂപ്പില്‍ ഇറാഖിന് പിന്നില്‍ രണ്ടാമതായി നോക്കൗട്ടിലെത്തിയ ശക്തരായ ജപ്പാനാണ് എതിരാളി. ആസ്ത്രേലിയ ഇന്തോനേഷ്യയെയും ഇറാഖ് ജോര്‍ദാനെയും ഇറാന് സിറിയയെയും ഉസ്ബെകിസ്താന്‍ തായ്ലന്ഡിനെയും പ്രീക്വാര്‍ട്ടറില്‍ നേരിടും.