പ്രീമിയർലീഗിലും ലാലീഗയിലും ബലാബലം; ടോട്ടനത്തിലും അത്‌ലറ്റിക്കോ മാഡ്രിഡിനും സമനില കുരുക്ക്
|മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വമ്പൻ തുകക്ക് ടീമിലെത്തിച്ച ജൂലിയൻ അൽവാരസ് അത്‌ലറ്റിക്കോക്കായി ആദ്യമത്സരത്തിനിറങ്ങി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിലും ലാലീഗയിലും വമ്പൻ ക്ലബുകൾക്ക് സമനില കുരുക്ക്. പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്പറിനെ ലെസ്റ്റർ സിറ്റിയും സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയലുമാണ് തളച്ചത്.
പുതിയ സീസണിലെ ആദ്യ മത്സരം കളിച്ച അത്‌ലറ്റിക്കോ 2-2 സമനിലയിലാണ് പിരിഞ്ഞത്. മാർകോസ് ലോറന്റോ(20), അലെക്‌സാണ്ടർ സൊർലോത്ത്(45+5) എന്നിവർ അത്‌ലറ്റിക്കോക്കായി വലകുലുക്കി. വിയ്യാറയലിനായി (അർനോട്ട് ഡഞ്ചുമ(18) ലക്ഷ്യംകണ്ടു. അത്‌ലറ്റിക്കോ താരം കോക്കെയുടെ സെൽഫുഗോളും(37) വഴങ്ങി. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച ജൂലിയൻ അൽവാരസ് പകരക്കാരന്റെ റോളിൽ കളത്തിലിറങ്ങി.
പ്രീമിയർലീഗിൽ വിജയത്തോടെ തുടങ്ങാനുള്ള ടോട്ടനം പ്രതീക്ഷകളാണ് ലെസ്റ്റർ തകർത്തത്. ഇരുടീമുകളും ഓരോ ഗോൾവീതം നേടി കൈകൊടുത്തു. ടോട്ടനത്തിനായി പെഡ്രോ പോറോ(29) ആദ്യം വലകുലുക്കിയത്. രണ്ടാം പകുതിയിൽ മികച്ചൊരു ഹെഡ്ഡർ ഗോളിൽ ജാമി വാർഡി(57) ലെസ്റ്ററിനായി ഗോൾ മടക്കി. മത്സരത്തിൽ സർവാധിപത്യം ടോട്ടനത്തിനായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. ശനിയാഴ്ച ബ്രൈറ്റണെതിരെയാണ് ടോട്ടനത്തിന്റെ അടുത്ത മത്സരം.