Football
Ballon dOr
Football

അരങ്ങൊരുങ്ങി; ആരാണ് കാൽപന്തിന്റെ പുതിയ രാജാവ്?

Sports Desk
|
5 Sep 2024 11:00 AM GMT

പാരിസ്: അങ്ങനെ ഫുട്ബോളിലെ മോസ്റ്റ് പ്രസ്റ്റീജിയസ് അവാർഡിന് വീണ്ടും അരങ്ങൊരുങ്ങിയിരിക്കുന്നു. ഒക്ടോബർ 28ന് പാരിസിലെ ആഘോഷ രാവിൽ കാൽപന്ത് ലോകത്തിന്റെ പുതിയ രാജാവ് സിംഹാസനത്തിലേറും.

മാഡ്രിഡിലെ സാംബ താളം വിനീഷ്യസ് ജൂനിയർ, ഇംഗ്ലീഷ് മൈതാനങ്ങളെ ഭരിക്കുന്ന സ്പാനിഷുകാരൻ റോഡ്രി, ഇംഗ്ലണ്ടിൽ നിന്നും മാഡ്രിഡിലേക്ക് പോയ ഇംഗ്ലീഷുകാരുടെ ഓമനപുത്രൻ ജൂഡ് ബെല്ലിങ്ഹാം.. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബാലൻ ഡി ഓർ ഇവരിലൊരാൾക്കാകും. ഇതിൽ ആരാണ് മുന്നിൽ?. പല വെബ്സൈറ്റുകളും സ്​പോർട്സ് ജേണലിസ്റ്റുകളും പണ്ഡിതരുമെല്ലാം വ്യത്യസ്തരീതിയിലാണ് റേറ്റിങ് നൽകുന്നത്. പലതും തമ്മിൽ വലിയ വൈരുധ്യമുണ്ട്.

ന്യൂയോർക്ക് ടൈംസിന്റെ അധീനതയിലുള്ള അത്‍ലറ്റിക്കിലെ ജേണലിസ്റ്റുകളുടെ പ്രവചനം നിരീക്ഷിച്ചാൽ അത് മനസ്സിലാകും. ഒരാൾ പറയുന്നതിൽ നിന്നും നേർവിപരീത വാദമാണ് മറ്റൊരാൾ ഉയർത്തുന്നത്. മാർക്ക് ക്യാരി റോഡ്രിയെയാണ് ഒന്നാമനാക്കുന്നത്. ബെല്ലിങ്ഹാം രണ്ടാമതായും വിനീഷ്യസ് മൂന്നാമതായുമാണ് അദ്ദേഹത്തിന്റെ ലിസ്റ്റിൽ നിൽക്കുന്നത്. എന്നാൽ മറ്റൊരു സ്​പോർട്സ് ​ജേണലിസ്റ്റായ സെബ് സ്റ്റാഫർഡ് വിനീഷ്യസിനെ ഒന്നാമനാക്കുമ്പോൾ റോഡ്രി രണ്ടാമനാണ്. അദ്ദേഹത്തിന്റെ ലിസ്റ്റിൽ മൂന്നാമൻ എർലിങ് ഹാളണ്ടാണ്.

റോഡ്രിയും വിനീഷ്യസും തമ്മിലാണ് മത്സരമെന്ന് പറയുന്ന ടിം സ്പൈർസ് ഡാനി കർവഹാൽ, എർലിങ് ഹാളണ്ട്, ഹാരി കെയ്ൻ, ലമീൻ യമാൽ, കിലിയൻ എംബാ​പ്പെ തുടങ്ങിയവർക്കും സാധ്യത നൽകുന്നു. വിവിധ വെബ്സൈറ്റുകളിലും വ്യത്യസ്ത സാധ്യതകളാണ് പറയുന്നത്. ഗോൾ.കോം വിനീഷ്യസിനെ ഒന്നാമതും റോഡ്രിയെ രണ്ടാമതുമാക്കുന്നു. ഓരോ രാജ്യക്കാരും അവരുടെ താൽപര്യത്തിന് അനുസരിച്ചാണ് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. സ്കൈ സ്​പോർട്സും ബി.സി.സിയുമെല്ലാം ഇംഗ്ലീഷ് താരങ്ങളെയാണ് ആഘോഷമാക്കുന്ന​ത്.

ഡാനി കർവഹാൽ, ലൗത്താരോ മാർട്ടിനസ് അടക്കമുള്ളവരെ കാണാതിരിക്കാനാകില്ലെങ്കിലും റോഡ്രി, വിനീഷ്യസ്,ബെല്ലിങ്ഹാം എന്നിവരിലൊരാളാകും പുതിയ താരമെന്നാണ് പൊതുവേ പ്രവചിക്കപ്പെടുന്നത്. ബെല്ലിങ്ഹാമും കർവഹാലും അടക്കമുള്ള തന്റെ പ്രിയ താരങ്ങൾ പട്ടികയിലുണ്ടെങ്കിലും റയൽ മാഡ്രിഡ് കോച്ചായ കാർലോ ആഞ്ചലോട്ടി വിനീഷ്യസ് നേടുമെന്ന് പ്രവചിക്കുന്നു. റയൽ പ്രസിഡന്റായ ​േഫ്ലാറന്റീനോ പെരസും വീനീഷ്യസിന്റെ കൂടെയാണ്. ബാലൻ ഡി ഓർ വിനീഷ്യസിനാണെന്നതിൽ ഒരു സംശയവും വേണ്ടെന്നാണ് പെരസ് പറഞ്ഞത്. 2007ൽ കക്കയാണ് ബ്രസീലിൽ നിന്നും ഏറ്റവുമൊടുവിൽ ബാലൻ ഡി ഓറിൽ തൊട്ടത്. ​അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നെയ്മർ അരികിലെത്തിയെങ്കിലും സാധിക്കാതെ പോയി. ഇക്കുറി വീനിഷ്യസ് ആ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് അവർ കരുതുന്നു.

ലോക​ത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗിന്റെ നടത്തിപ്പുകാരനായിട്ടും ഇംഗ്ലണ്ടിൽ നിന്നും ഒരു ബാലൻ ഡി ഓർ ജേതാവുണ്ടായിട്ട് രണ്ടുപതിറ്റാണ്ട് പിന്നിട്ടു. 2001ൽ മൈക്കൽ ഓവനാണ് ഏറ്റവുമൊടുവിൽ അത് നേടിയത്. ബെല്ലിങ്ഹാമിന് വേണ്ടി ഇംഗ്ലീഷ് മാധ്യമങ്ങളും പണ്ഡിറ്റുകളുമെല്ലാം സജീവമായി രംഗത്തുണ്ട്.

സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡുകാരും ബാഴ്സലോണക്കാരും അരങ്ങ് തകർത്തിട്ടുണ്ടെങ്കിലും ഒരു സ്പാനിഷുകാരൻ അവസാനമായി ബാലൻഡി ഓറിൽ തൊട്ടത് 1960ൽ ലൂയിസ് സുവാരസിലൂടെയാണ്. പി​ന്നീടൊരാൾക്കും അതിന് സാധിച്ചില്ല. ഒടുവിൽ ഇംഗ്ലീഷ് ക്ലബിനായി കളിക്കുന്ന റോഡ്രി സ്പാനിഷുകാർക്ക് അത് സാധ്യമാക്കുമോ?. കാത്തിരുന്ന് കാണാം.

Similar Posts