Football
BallondOrfraud, BallondOrvoterigging, BallondOrvotefraud, FormerfootballerJuvenalEjogo againstBallondOr
Football

'വോട്ട് ചെയ്തത് ഇനിയെസ്റ്റയ്ക്കും ദ്രോഗ്ബയ്ക്കും; ഫലം വന്നപ്പോള്‍ മെസിയും ക്രിസ്റ്റ്യാനോയും'-'ബാലൻ ഡി ഓർ' തട്ടിപ്പെന്ന് മുൻ താരം

Web Desk
|
3 March 2023 3:18 PM GMT

2013ൽ 'ബാലൻ ഡി ഓർ' വോട്ടെടുപ്പിൽ കൃത്രിമം നടന്നതായുള്ള ആരോപണവുമായി നിരവധി പരിശീലകരും രംഗത്തെത്തിയിരുന്നു

മാഡ്രിഡ്: ഫുട്‌ബോൾ ലോകത്തെ ഏറ്റവും പ്രമുഖ പുരസ്‌കാരങ്ങളിലൊന്നായ 'ബാലൻ ഡി ഓറി'നെതിരെ ഗുരുതര ആരോപണവുമായി മുൻ താരം. അവാർഡിൽ വൻ തട്ടിപ്പ് ആരോപിച്ചാണ് ഇക്വറ്റോറിയൽ ഗിനിയ മുൻ ദേശീയ താരം ജുവെനൽ എജോഗോ. 2013ലെ ബാലൻ ഡി ഓറിലെ തന്റെ വോട്ട് ഫലം പുറത്തുവന്നപ്പോൾ മാറിയെന്നാണ് വെളിപ്പെടുത്തൽ.

സ്പാനിഷ് സ്‌പോർട്‌സ് ചാനലായ 'ഗോൾ പ്ലേ'യിൽ 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു എജോഗോ. 2013ൽ ദിദിയർ ദ്രോഗ്ബയ്ക്കും ആൻഡ്രേസ് ഇനിയസ്റ്റയ്ക്കുമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, താരങ്ങളുടെ വോട്ട് പുറത്തുവിട്ടപ്പോൾ എജോഗോയുടെ പേരിനു കീഴിൽ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരായിരുന്നു ഉണ്ടായിരുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'ഡയറിയോ എഎസ്' റിപ്പോർട്ട് ചെയ്തു.

'ഇത്തരം അവാർഡുകളെക്കുറിച്ച് പറയുമ്പോൾ 2013ലെ സംഭവം മാത്രമാണ് എനിക്ക് പറയാനുള്ളത്. ബാലൻ ഡി ഓറിൽ മൂന്നു താരങ്ങൾക്കു വേണ്ടി വോട്ട് രേഖപ്പെടുത്തി ഞാനത് അയച്ചുകൊടുത്തു. അവസാനം ആരൊക്കെ ആർക്കെല്ലാം വോട്ട് ചെയ്‌തെന്ന വിവരം പുറത്തുവിട്ടപ്പോൾ എന്റെ വോട്ടുകളെല്ലാം മാറിയിരുന്നു.'-ജുവെനൽ എജോഗോ വെളിപ്പെടുത്തി.

താൻ മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമാണ് വോട്ട് ചെയ്തതെന്നാണ് അതിൽ പറയുന്നത്. എന്നാൽ, രണ്ടുപേർക്കും താൻ വോട്ട് ചെയ്തിരുന്നില്ല. അതുകൊണ്ടാണ്, ഇത്തരം അവാർഡുകളിൽ തനിക്ക് ഒരു വിശ്വാസവുമില്ലെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതു വലിയ കാര്യമായി കാണാത്തതിനാൽ അക്കാര്യം താൻ മറ്റാരോടും പറഞ്ഞിരുന്നില്ലെന്നും എജോഗോ വെളിപ്പെടുത്തി. അവാർഡുകളൊന്നും ഒന്നുമല്ലെന്ന് തന്നെ വിശ്വസിപ്പിക്കുക മാത്രമാണ് അതു ചെയ്തത്. അന്നുതൊട്ട് ഈ പുരസ്‌കാരങ്ങൾക്കൊന്നും ഒരു വിലയുമില്ലെന്നാണ് താൻ കരുതുന്നതെന്നും ജുവെനൽ എജോഗോ കൂട്ടിച്ചേർത്തു.

2013ൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കാണ് ബാലൻ ഡി ഓർ ലഭിച്ചത്. 2013ൽ നിരവധി പരിശീലകരും വോട്ടെടുപ്പിൽ കൃത്രിമം നടന്നതായുള്ള ആരോപണവുമായി രംഗത്തെത്തിയിരുന്നതായി ഡയറിയോ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തങ്ങളുടെ വോട്ടെല്ലാം ഫലം വന്നപ്പോൾ മാറിയെന്നായിരുന്നു വെളിപ്പെടുത്തൽ.

Summary: Ex-captain of the Equatorial Guinea national team Juvenal Edjogo alleges that the Ballon d'Or awards were rigged as his vote for Didier Drogba and Andrés Iniesta changed to Lionel Messi and Cristiano Ronaldo in 2013

Similar Posts