ലാ ലിഗാ കൈവിട്ട് ബാഴ്‍സ; അത്‍ലറ്റികോയും റയലും അവസാന ലാപ്പില്‍
|അത്‍ലറ്റിക്കോ മാഡ്രിഡിനു 83 പൊയിന്റും റയൽ മാഡ്രിഡിനു 81 പോയിന്റുമാണ് ഉള്ളത്. അവസാന മത്സരം വിജയിച്ചാൽ അത്‍ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടാം. അത്‍ലറ്റിക്കോ വിജയിക്കാതിരിക്കുകയും റയൽ വിജയിക്കുകയും ചെയ്താൽ കിരീടം റയലിന് സ്വന്തം
ആവേശകരമായ ലാ ലീഗ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനം നിലനിറുത്തി അത്‍ലറ്റിക്കോ മാഡ്രിഡ്. ഒസാസുനക്കെതിരായ മത്സരത്തിൽ വിജയം കരസ്ഥമാക്കിയ അത്‍ലറ്റിക്കോ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിന് മേലുള്ള രണ്ട് പോയിന്റ് ലീഡ് നിലനിറുത്തി. സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ 1-2ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാഴ്‌സലോണ ലാലീഗ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. അതേ സമയം, അത്‌ലറ്റിക്ക് ക്ലബിനെ ഒരു ഗോളിന് തോൽപ്പിച്ച റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയും, കിരീടപ്രതീക്ഷകൾ നിലനിര്‍ത്തുകയും ചെയ്യുന്നു.
ഒസാസുനക്കെതിരെ തോൽവിയുടെ വക്കിൽ നിന്നാണ് അത്‍ലറ്റിക്കോ വിജയം കരസ്ഥമാക്കിയത്. 59ആം മിനുട്ടിൽ സാവിചും 66ആം മിനുട്ടിൽ കരാസ്കോയും അത്‍ലറ്റികോക്ക് വേണ്ടി പന്ത് വലയിൽ എത്തിച്ചു എങ്കിലും രണ്ടു തവണയും വാർ ഗോൾ നിഷേധിച്ചു. 75ആം മിനുട്ടിൽ ബുദിമറിന്റെ ഹെഡറാണ് ഒസാസുനക്ക് ലീഡ് നൽകിയത്. ബുദിമറിന്റെ ഹെഡർ ഒബ്ലാക്ക് തട്ടിയകറ്റി എങ്കിലും സേവ് ചെയ്യും മുമ്പ് തന്നെ പന്ത് ഗോൾ വര കഴിഞ്ഞിരുന്നു.
82ാം മിനുറ്റിൽ റെനാൻ ലോഡിയുടെ ഗോളിലൂടെ മറുപടി നൽകിയ അത്‍ലറ്റിക്കോക്ക് വേണ്ടി 88ാം മിനുറ്റിൽ ലൂയിസ് സുവാരസാണ് വിജയഗോൾ നേടിയത്. സുവാരസിന്റെ ഈ സീസണിലെ ഇരുപതാം ഗോളായിരുന്നു ഇത്.
മത്സരത്തിന്റെ 68ആം മിനുറ്റിൽ പ്രതിരോധതാരം നാച്ചോ നേടിയ ഗോളിനാണ് റയൽ മാഡ്രിഡ്, അത്‌ലറ്റിക്ക് ക്ലബ്ബിനെ മറികടന്നത്.
അത്‍ലറ്റിക്കോ മാഡ്രിഡിനു 83 പൊയിന്റും റയൽ മാഡ്രിഡിനു 81 പോയിന്റുമാണ് ഉള്ളത്. അവസാന മത്സരം വിജയിച്ചാൽ അത്‍ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടാം. അത്‍ലറ്റിക്കോ വിജയിക്കാതിരിക്കുകയും റയൽ വിജയിക്കുകയും ചെയ്താൽ കിരീടം റയലിനും സ്വന്തമാക്കാം. ഒരേ പോയിന്റിലാണ് ഇരു ടീമുകളും കളി അവസാനിപ്പിക്കുന്നത് എങ്കിൽ ഹെഡ് ടു ഹെഡിൽ റയലിനാകും മുൻതൂക്കം. അത്‍ലറ്റിക്കോയുടെ എതിരാളികൾ റയൽ വയ്യഡോലിഡും, റയലിന്റെ എതിരാളികൾ വിയ്യാറയലുമാണ്.
നിരാശപ്പെടുത്തി ബാഴ്‍സലോണ
സെൽറ്റ വിഗോക്കെതിരെ മത്സരത്തിന്റെ 28ആം മിനുറ്റിൽ സൂപ്പര്‍ താരം ലയണൽ മെസ്സിയിലൂടെ മുന്നിലെത്തിയെങ്കിലും, 38, 89 മിനിറ്റുകളിൽ സാന്റി മിന നേടിയ ഗോളുകൾക്കാണ് ബാഴ്‌സ പരാജയം രുചിച്ച് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായത്. ഒസാസുനക്കെതിരെ അത്‍ലറ്റിക്കോ മൂന്ന് പോയിന്റുകളും നേടിയതിനാൽ, സെൽറ്റക്കെതിരെ വിജയിച്ചിരുന്നുവെങ്കിൽ പോലും ബാഴ്‌സക്ക് കിരീടസാധ്യതകൾ ഉണ്ടാകുമായിരുന്നില്ല.
കോപ ഡെൽ റേ കിരീടം നേടി എങ്കിലും ചാമ്പ്യൻസ് ലീഗും ലാ ലിഗായും ബാഴ്‍സക്ക് നിരാശ മാത്രമേ നല്‍കിയുള്ളൂ. വിജയമില്ലാത്ത ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം മത്സരമാണ് ഇത്. അവസാന 13 വർഷങ്ങളിൽ ആദ്യമായാണ് ബാഴ്സലോണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇല്ലാതെ ആകുന്നത്. 76 പോയിന്റുള്ള ബാഴ്സലോണ അവസാന മത്സരം വിജയിച്ചില്ല എങ്കിൽ അവരുടെ മൂന്നാം സ്ഥാനവും നഷ്ടമാകും. 74 പോയിന്റുമായി സെവിയ്യ ബാഴ്സലോണക്ക് തൊട്ടുപിറകിൽ ഉണ്ട്.