Football
കഷ്ടകാലം തീരാതെ ബാഴ്സ; പത്ത് പേരായി ചുരുങ്ങിയ സെവിയ്യയോടും സമനില
Football

കഷ്ടകാലം തീരാതെ ബാഴ്സ; പത്ത് പേരായി ചുരുങ്ങിയ സെവിയ്യയോടും സമനില

Sports Desk
|
22 Dec 2021 5:04 AM GMT

കളിയുടെ അവസാന അരമണിക്കൂറോളം സെവിയ്യ പത്ത് പേരായി ചുരുങ്ങിയിട്ടും കറ്റാലന്മാര്‍ക്ക് ലക്ഷ്യം കാണാനായില്ല.

ലാ ലീഗയില്‍ സമനിലക്കുരുക്കഴിയാതെ ബാഴ്സ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയോടാണ് ബാഴ്സ ഇന്നലെ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. കളിയിലുടനീളം ബാഴ്സ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ജയം മാത്രം അകന്നു നിന്നു. കളിയുടെ അവസാന അരമണിക്കൂറോളം സെവിയ്യ പത്ത് പേരായി ചുരുങ്ങിയിട്ടും കറ്റാലന്മാര്‍ക്ക് ലക്ഷ്യം കാണാനായില്ല.

കളിയുടെ 32ാം മിനിറ്റിൽ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്.സെവിയ്യയുടെ അര്‍ജന്‍റീന താരം പപ്പു ഗോമസാണ് ലക്ഷ്യം കണ്ടത്. 32ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കിനെ ഗോമസ് മനോഹരമായി ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ബാഴ്സ കളിയുടെ ഒന്നാം പകുതിയില്‍ തന്നെ ഗോള്‍ മടക്കി. ബാഴ്സയുടെ ഗോളും കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു. 45ാം മിനിറ്റില്‍ റൊണാള്‍ഡ് അരിജുവോയാണ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ബാഴ്സക്കായി ലക്ഷ്യം കണ്ടത്.

കളിയുടെ 64 ാം മിനിറ്റില്‍ സെവിയ്യാ താരം കോണ്ടെ ബാഴ്സാ താരം ജോര്‍ഡി ആല്‍ബയെ പന്ത് കൊണ്ട് എറിഞ്ഞതിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ശേഷം അരമണിക്കൂറോളം പത്ത് പേരുമായി കളിക്കേണ്ടി വന്ന സെവിയ്യയുടെ ഗോള്‍ മുഖത്ത് ബാഴ്സ നിരന്തരമായി അക്രമണമഴിച്ച് വിട്ട് കൊണ്ടിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ലീഗിൽ 38 പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്തും 28 പോയിന്റുമായി ബാഴ്‌സ ഏഴാം സ്ഥാനത്തുമാണ്. 43 പോയിന്‍റുള്ള റയല്‍ മാഡ്രിഡ് ലീഗില്‍ ബഹുദൂരം മുന്നിലാണ്



Related Tags :
Similar Posts