കോപ ഡെൽറയിൽ ബാഴ്‌സലോണക്ക് നിറം മങ്ങിയ ജയം
|ഗോളും അസിസ്റ്റുമായി റഫിഞ്ഞ തിളങ്ങി.
മാഡ്രിഡ്: കോപ ഡെൽറെയിൽ ബാഴ്‌സലോണക്ക് മങ്ങിയ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നാലാം ഡിവിഷൻ ക്ലബായ ബർബാസ്‌ട്രോയെയാണ് തോൽപിച്ചത്. സ്പാനിഷ് യുവതാരം ഫെർമിൻ ലോപ്പസ്(18), ബ്രസീൽ വിങർ റഫീഞ്ഞ(51) പോളണ്ട് താരം ലെൻഡോസ്‌കി(88) എന്നിവർ ലക്ഷ്യം കണ്ടു. ഗാരിഡോ(60), സെറാനോ(90+3) എന്നിവരാണ് ബർബാസ്‌ട്രോക്കായി വലകുലുക്കിയത്. ജയത്തോടെ ബാഴ്‌സ അവസാന പതിനാറിൽ ഇടംപിടിച്ചു
ഗോളും അസിസ്റ്റുമായി റഫിഞ്ഞ തിളങ്ങി. തുടക്കം മുതൽ അവസരം നഷ്ടപ്പെടുത്തുന്നതിൽ മത്സരിച്ച മുൻ ചാമ്പ്യൻമാർ ദുർബലരായ ക്ലബിനെതിരെ കടന്നുകൂടുകയായിരുന്നു. മാച്ചിൽ 11 തവണയാണ് ബാഴ്‌സ ലക്ഷ്യത്തിലേക്ക് നിലയുറപ്പിച്ചത്. കളിയിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ ബർബാസ്‌ട്രോ സ്പാനിഷ് വമ്പൻമാർക്ക് ഭീഷണി തീർത്തു. ഒടുവിൽ പെനാൽറ്റി ഗോളിൽ ബാഴ്‌സ വിജയം കുറിക്കുകയായിരുന്നു.
മറ്റു മത്സരങ്ങളിൽ വലെൻസിയ, അത്‌ലറ്റിക് ക്ലബ്, റയൽ സോസിഡാഡ് എന്നീ ക്ലബുകൾ വിജയിച്ചു. നിലവിൽ ലാലീഗയിൽ ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ 41 പോയന്റാണ് നേട്ടം. 48 പോയന്റുമായി റയൽ മാഡ്രിഡ് ഒന്നാമതാണ്. ജിറോണ എഫ്.സിയാണ് രണ്ടാമത്.