സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസികോ; ഒസാസുനയെ തകർത്ത് ബാഴ്‌സ ഫൈനലിൽ
|റോബർട്ട് ലെവൻഡോസ്‌കി(59), കൗമാരതാരം ലാമിൻ യമാൽ(90+3) എന്നിവരാണ് കറ്റാലൻ ക്ലബിനായി ഗോൾനേടിയത്.
റിയാദ്: വീണ്ടുമൊരു എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങി. സ്പാനിഷ് സൂപ്പർ കപ്പിൽ ഒസാസുന എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബാഴ്‌സലോണ ഫൈനലിൽ പ്രവേശിച്ചതോടെയാണ് ആവേശ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം മാഡ്രിഡ് ത്രില്ലറിൽ അത്‌ലറ്റികോ മാഡ്രിഡിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി റയൽമാഡ്രിഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു. തിങ്കളാഴ്ച ബാഴ്‌സലോണ-റയൽ മാഡ്രിഡ് ക്ലാസിക് പോരാട്ടം നടക്കും.
പോളിഷ് താരം റോബർട്ട് ലെവൻഡോസ്‌കി(59), കൗമാരതാരം ലാമിൻ യമാൽ(90+3) എന്നിവരാണ് കറ്റാലൻ ക്ലബിനായി ഗോൾനേടിയത്. സ്റ്റാട്ടിങ് വിസിൽ മുതൽ ആക്രമിച്ചുകളിച്ച ബാഴ്‌സ എതിർ ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. ആദ്യപകുതിയിൽ അര ഡസണോളം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാനായില്ല. രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറി കളിച്ച സ്പാനിഷ് വമ്പൻമാർക്കായി സ്റ്റാർ സ്‌ട്രൈക്കർ റോബെർട്ട് ലെൻഡോസ്‌കി വലകുലുക്കി. ഗുണ്ടോഗൻ ബോക്‌സിലേക്ക് നൽകിയ പാസുമായി മുന്നേറി ഒസാസുന പ്രതിരോധ താരങ്ങളെ മറികടന്നൊരു ക്ലിനിക്കൽ ഫിനിഷ്.
ബാഴ്‌സ അക്രമണത്തിന് മറുപടിയായി ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമാണ് ഒസാസുന നടത്തിയത്. എന്നാൽ ബാഴ്‌സ പ്രതിരോധം ഭേദിച്ച് മുന്നേറുന്നതിൽ വിജയിച്ചില്ല. ഇഞ്ച്വറി സമയത്തെ മൂന്നാം മിനിറ്റിൽ ജാവോ ഫെലിക്‌സ് നൽകിയ ക്രോസ് സ്വീകരിച്ച് 16 കാരൻ ലാമിൻ യമാൽ ബാഴ്‌സയുടെ വിജയം ഉറപ്പിച്ച് രണ്ടാം ഗോൾനേടി. കളിയിലുടനീളം പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും ബാഴ്‌സയായിരുന്നു മുന്നിൽ. ഏഴ് തവണയാണ് ഷോട്ടുതിർത്തത്.