ലയണൽ മെസ്സിയെ ബാർസ വിടാൻ അനുവദിച്ചത് വലിയ പിഴവ്: മരിയോ ബർത്യോമു
|മെസ്സി ബാര്‍സക്ക് വെറുമൊരു കളിക്കാരന്‍ മാത്രമായിരുന്നില്ല എന്ന് ബര്‍ത്യോമു
ലയണൽ മെസ്സിയെ ബാർസ വിടാൻ അനുവദിച്ചത് വലിയ പിഴവായിരുന്നു എന്ന് ബാർസലോണ മുൻ പ്രസിഡണ്ട് ജോസഫ് മരിയോ ബർത്യോമു. മെസ്സി ക്ലബ്ബിന് ഒരു കളിക്കാരൻ മാത്രമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
'മെസ്സിയെ ബാർസ വിടാൻ അനുവദിച്ചത് വലിയ പിഴവാണ്. അദ്ദേഹം ബാർസക്ക് ഒരു കളിക്കാരൻ മാത്രമായിരുന്നില്ല. പി.എസ്.ജി മെസ്സിക്ക് നല്ല ഓപ്ഷൻ തന്നെയാണ്. നെയ്മറിനും എംബാപ്പെക്കുമൊപ്പം പാരീസിന്‍റെ തട്ടകത്തിൽ അദ്ദേഹത്തിന് മികച്ച കളി പുറത്തെടുക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. എന്നാൽ ഒരു ബാർസലോണ ഇതിഹാസത്തെ ഫ്രാൻസിൽ കാണാൻ ഞാനാഗ്രഹിക്കുന്നില്ല.' ബർത്യോമു പറഞ്ഞു.
മെസ്സി ബാർസക്ക് അത്രമേൽ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു. അദ്ദേഹം ബാർസ വിട്ടാൽ അത് ക്ലബ്ബിനെ നന്നായി ബാധിക്കും എന്ന് തനിക്കറിയാമായിരുന്നു എന്നും മെസ്സി ബാർസ വിട്ട തീരുമാനം ഞെട്ടലോടെയാണ് താൻ കേട്ടത് എന്നും ബര്‍ത്യോമു കൂട്ടിച്ചേര്‍ത്തു.
'ബാര്‍സ ഗേറ്റ്' വിവാദത്തെ തുടര്‍ന്ന് പോലീസ് ബാര്‍സ മുന്‍ പ്രസിഡണ്ട് ബര്‍ത്യോമുവിനെ അറസ്റ്റ് ചെയ്തിരുന്നു. ബാഴ്‌സലോണ പ്രസിഡന്‍റായിരിക്കെ ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, മുന്‍ താരം സാവി ഹെര്‍ണാണ്ടസ്, മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള, ക്ലബ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ വിക്ടര്‍ ഫോണ്ട്, അഗസ്തി ബെനഡിറ്റോ എന്നിവരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കാന്‍ ഒരു സ്വകാര്യകമ്പനിക്കു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ബര്‍തോമ്യുവിന്‍റെ അറസ്റ്റ്.