ബാഴ്‌സയെ വീഴ്ത്തി ബയേൺ; ലിവർപൂളിനും ഇന്ററിനും ജയം
|ടോട്ടനം ഹോട്‌സ്പർ, അത്ലറ്റികോ മാഡ്രിഡ് ടീമുകൾക്ക് എവേ മത്സരങ്ങളിൽ തോൽവി
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് ബയേൺ മ്യൂണിക്ക്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാംപകുതിയിൽ ലൂക്കാസ് ഹെർണാണ്ടസ്, ലീറോയ് സാനെ എന്നിവർ നേടിയ ഗോളുകളിലാണ് ജർമൻ ചാമ്പ്യന്മാരുടെ ജയം. മുൻ ചാമ്പ്യൻമാരായ ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ അയാക്സിഹേനെ വീഴ്ത്തിയപ്പോൾ ടോട്ടനം ഹോട്‌സ്പർ, അത്ലറ്റികോ മാഡ്രിഡ് ടീമുകൾ തോൽവിയറിഞ്ഞു.
ഷാവി ഹെർണാണ്ടസിന്റെ പരിശീലനത്തിനു കീഴിൽ പുതുജീവൻ വീണ്ടെടുത്ത ബാഴ്സ കടുത്ത മത്സരം കാഴ്ചവെച്ച ശേഷമാണ് അലയൻസ് അറീനയിൽ നിന്ന് വെറുംകയ്യോടെ മടങ്ങിയത്. ആദ്യപകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാൻ കഴിയാതെ പോയതിന് ഇടവേളക്കുശേഷം അവർ കനത്ത വില നൽകേണ്ടിവന്നു. 54 മിനുട്ടിൽ ജോഷ്വ കിമ്മിക് എടുത്ത കോർണർ കിക്കിൽ നിന്ന് ഹെഡ്ഡർ ഉതിർത്താണ് ഹെർണാണ്ടസ് വലകുലുക്കിയത്. നാലു മിനിട്ടുകൾക്കുള്ളിൽ വ്യക്തിപരമായ മികവിൽ സാനെ കളി ബാഴ്സയുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇതേഗ്രൂപ്പിൽ ഇന്റർ മിലാൻ വിക്ടോറിയ പെൽസനെ 0-2 ന് കീഴടക്കിയതോടെ മത്സരം കടുത്തതായി.
ആൻഫീൽഡിൽ 2-1നാണ് ലിവർപൂൾ അയാക്‌സിനെ തോൽപിച്ചത്. മുഹമ്മദ് സലാഹ്, ജോ മാറ്റിപ് എന്നിവർ അതിഥേയർക്കു വേണ്ടി ഗോളുകൾ നേടി.
പോർച്ചുഗീസ് ക്ലബ്ബ് സ്പോർട്ടിങ് ലിസ്ബൺ എതിരില്ലാത്ത രണ്ടു ഗോളിനാണ് ടോട്ടനം ഹോട്‌സ്പറിനെ വീഴ്ത്തിയത്. ഇതേ സ്കോറിന് ജർമൻ ക്ലബ്ബ് ബയേർ ലെവർകൂസൻ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെയും കീഴടക്കി.