
മുസിയാലക്ക് പൊന്നുംവിലയിട്ട് ബയേൺ; ഹാരി കെയിനൊപ്പം ജർമൻ ക്ലബിലെ വിലയേറിയ താരം

യുവതാരത്തെ സ്വന്തമാക്കാനായി ക്ലബുകൾക്ക് മുന്നിൽ ഭീമൻ റിലീസ് ക്ലോസും ബയേൺ മുന്നോട്ട്‌വെച്ചു
മ്യൂണിക്: സമീപകാലത്തായി ജർമൻ ക്ലബ് ബയേൺ മ്യൂണികിന്റെ മുന്നേറ്റത്തിലെ ചാലകശക്തിയാണ് ജമാൽ മുസിയാല. സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന 21 കാരനുമായി അഞ്ച് വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിച്ചിരിക്കുകയാണ് ബയേൺ. മാഞ്ചസ്റ്റർ സിറ്റിയുടേയും റയൽമാഡ്രിഡിന്റേയും റഡാറിലുണ്ടായിരുന്നെങ്കിലും മുസിയാലയെ വിട്ടൊരു കളിക്കുമില്ലെന്ന കൃത്യമായ സന്ദേശമാണ് കരാർ പുതുക്കിയതിലൂടെ ബയേൺ നൽകിയത്.
എന്നാൽ ജർമൻ താരത്തിന്റെ 2030 വരെ നീണ്ടുനിൽക്കുന്ന കരാറിൽ ചില പ്രത്യേകതകളുണ്ട്. 2025-26 സീസൺ മുതൽ സജീവമാകുന്ന ഭീമൻ റിലീസ് ക്ലോസാണ് ഇതിൽ പ്രധാനപ്പെട്ടത്. 2029 വരെ ഏതെങ്കിലുമൊരു സീസണിൽ ഈ യങ് സെൻസേഷനെ ക്ലബുകൾക്ക് സൈൻ ചെയ്യണമെങ്കിൽ 180 മില്യൺ അഥവാ 1563 കോടിയോളം റിലീസ് ക്ലോസായി നൽകേണ്ടിവരും. ബയേണിനൊപ്പം കരാർ തീരുന്ന 2029-30 സീസണിലാണെങ്കിൽ റിലീസ് ക്ലോസിൽ ചെറിയ മാറ്റമുണ്ടാകും. 100 മില്യൺ ഏകദേശം 868 കോടി നൽകിയാൽ ടീമുകൾക്ക് മുസിലാലയെ കൂടാരത്തിലെത്തിക്കാം. ജർമൻ താരത്തിന് ഓരോ സീസണിലും 25 മില്യൺ പൗണ്ട് അതായത് 273 കോടിയോളമാണ് ബയേൺ ശമ്പളമായി നൽകുന്നതെന്നും സ്‌കൈ സ്‌പോർട്‌സ് ജർമനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഹാരി കെയിനൊപ്പം ക്ലബിൽ ഉയർന്ന ശമ്പളം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും മുസിയാല ഇടംപിടിച്ചു.
2019ൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽ നിന്നാണ് താരം ബയേൺ മ്യൂണികിലെത്തുന്നത്. തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ യൂറോപ്പിലെ ഏറ്റവും മികച്ച യങ് ടാലന്റായി താരം മാറുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചത്. ജർമൻ ക്ലബിനൊപ്പം 194 മത്സരത്തിൽ ബൂട്ടുകെട്ടിയ മുസിയാല 58 ഗോളുകളും സ്‌കോർ ചെയ്തു. മൂന്ന് ബുണ്ടെസ് ലീഗ കിരീടവും ഈ കാലയളവിൽ ക്ലബ് ഷെൽഫിലെത്തി.