ഇനി ഗോളടിക്കല്ലേ പ്ലീസ്; ബ്രമർ എസ്വിയുടെ വലയിൽ ബയേൺ നിറച്ചത് 12 ഗോളുകൾ
|രണ്ടാം നിരയുമായി ഇറങ്ങിയാണ് ബയേൺ കൂറ്റൻ ജയം സ്വന്തമാക്കിയത്
ഒന്നും രണ്ടുമല്ല, 12 എണ്ണം! ജര്‍മന്‍ കപ്പില്‍ ബ്രമർ എസ്.വിക്കെതിരെ ബയേൺ മ്യൂണിക് അടിച്ചുകൂട്ടിയ ഗോളിന്റെ കണക്കാണിത്. രണ്ടാം നിരയുമായി ഇറങ്ങിയാണ് ബയേൺ കൂറ്റൻ ജയം സ്വന്തമാക്കിയത്. മോട്ടിങ് നാലു ഗോൾ നേടി. ജമാൽ മുസിയാല, ലൂക വാം, മാലിക് തിൽമാൻ, ലിറോയ് സാനെ, മൈക്കൽ കുസൻസ്, ബൗന സാർ, കോറന്റിൻ ടോളിസോ എന്നിവരാണ് മറ്റു ഗോൾ സ്കോറർമാർ.
എട്ടാം മിനിറ്റിലാണ് ബയേണ്‍ ഗോൾ മേളം തുടങ്ങിയത്. മോടിങ് ആയിരുന്നു സ്കോറർ. 16-ാം മിനിറ്റിൽ മുസിയാല രണ്ടാം ഗോൾ നേടി. പിന്നെ കൃത്യമായ ഇടേവളകളിൽ ഗോളുകൾ. എൺപത്തിയെട്ടാം മിനിറ്റിൽ ടോളിസോ ആണ് ഒടുവിലത്തെ വെടി പൊട്ടിച്ചത്. 76-ാം മിനിറ്റിൽ പ്രിതിരോധ താരം ചുവപ്പുകാർഡ് കണ്ടു മടങ്ങിയതോടെ അവസാന 14 മിനിറ്റിൽ പത്തു പേരുമായാണ് ബ്രമർ കളിച്ചത്.
1️⃣2️⃣ goals
— FC Bayern English (@FCBayernEN) August 25, 2021
7️⃣ different goalscorers
This team 🙌#BSVFCB #MiaSanMia pic.twitter.com/KGRO2F20OJ
മൊത്തം ഏഴു മാറ്റങ്ങളാണ് കോച്ച് നഗെൽസ്മാൻ നടത്തിയത്. അവസാന മത്സരത്തിലെ ടീമിൽ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് മുള്ളർ, നിക്ലാസ് സൂൾ, ലിറോയ് സാനെ എന്നിവർ മാത്രമേ ഫസ്റ്റ് ഇലവനിൽ കളിച്ചുള്ളൂ. സ്റ്റാർ സ്ട്രൈക്കർ ലെവൻഡോസ്കിയും ഗോൾ കീപ്പർ മാനുവൽ ന്യൂയറിനും വിശ്രമം നൽകി.
ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത അഞ്ചു ഗോളിന് മുമ്പിലായിരുന്നു ബയേൺ. കളിയിൽ മൊത്തം 37 ഷോട്ടുകളാണ് ബയേൺ എതിർഗോൾ മുഖത്തേക്കുതിർത്തത്. ബ്രമറിന്റെ വക ഏഴെണ്ണം മാത്രം. ഇതിൽ ഒന്നു മാത്രമായിരുന്നു ഓൺ ടാർഗറ്റ്. ബയേണിന്റെ 21 ഷോട്ടും ടാർഗറ്റിലേക്കായിരുന്നു. 68 ശതമാനം നേരവും പന്ത് കൈവശം വച്ച് കളിച്ചതും ബയേണാണ്.