ക്രിസ്റ്റ്യാനോയില്ല, ഗ്രൂപ്പ് ഘട്ടത്തിലെ യൂറോ ഇലവനെ പ്രഖ്യാപിച്ച് ബിബിസി
|ചുരുങ്ങിയത് രണ്ട് മത്സരങ്ങളിൽ അറുപത് മിനിട്ട് വീതം കളിച്ച താരങ്ങളെയാണ് വോട്ടിംഗിൽ ഉൾപ്പെടുത്തിയിരുന്നത്
ഗ്രൂപ്പ് ഘട്ടത്തിലെ യൂറോ ഇലവനെ പ്രഖ്യാപിച്ച് ബിബിസി. ആരാധകരുടെ വോട്ടിംഗിനെ അടിസ്ഥാനമാക്കിയാണ് ടീമിനെ തെരഞ്ഞെടുത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം പിടിച്ചിട്ടില്ല.
ചുരുങ്ങിയത് രണ്ട് മത്സരങ്ങളിൽ അറുപത് മിനിട്ട് വീതം കളിച്ച താരങ്ങളെയാണ് വോട്ടിംഗിൽ ഉൾപ്പെടുത്തിയിരുന്നത്. ഓരോ മത്സരങ്ങളിലും പത്തിലായിരുന്നു ഇവർക്ക് പോയിന്‍റ് നൽകിയത്. ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷെമെശേൽ ആണ് ടീമിന്‍റെ ഗോൾ വല കാക്കുന്നത്. വെയിൽസ് ഗോൾ കീപ്പർ ഡാനി വാർഡാണ് വോട്ടിംഗിൽ രണ്ടാമതെത്തിയത്. ഷ്മെശേലിന്‍റെ ഡെൻമാർക്കിലെ കൂട്ടാളി സിമൺ കേർ, ഇറ്റലിയുടെ ലിയനാർഡോ സ്പിനസോള, നോർത്ത് മാസിഡോണിയയുടെ അലിയോസ്ക്കി എന്നിവരാണ് ടീമിലെ ഡിഫൻഡർമാർ. ഇറ്റലിയുടെ മാനുവൽ ലൊക്കറ്റെല്ലി, നെതർലൻഡ്സിന്‍റെ ജോർജിനോ വൈനാൾഡം, ബെൽജിയത്തിന്‍റെ കെവിൻ ഡിബ്രുയിനെ, പോളണ്ടിന്‍റെ മതിയസ് ക്ലിച്ച് എന്നിവരാണ് ടീമിലെ മിഡ് ഫീൾഡർമാർ. കെവിൻ ഡിബ്രുയിനെയാണ് ടീമിൽ ഏറ്റവും പോയിന്‍റ് നേടിയ താരം.
7.8 പോയിന്‍റ് വീതം നേടിയ ഇറ്റലിയുടെ സിറോ ഇമ്മൊബിലെ, ബെൽജിയത്തിന്‍റെ റൊമേറോ ലുക്കാക്കു, സ്വീഡൻ താരം അലക്സാൻഡർ ഇസാക്ക് എന്നിവരാണ് ടീമിലെ മുന്നേറ്റ നിരയിൽ ഉള്ളത്. യൂറോയിലെ ഗോൾ നേട്ടക്കാരിൽ ഒന്നാമതുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം നേടിയില്ല. 7.2 പോയിന്‍റാണ് റൊണോയ്ക്ക് ലഭിച്ചത്. ഇറ്റലിയിൽ നിന്നും മൂന്ന് താരങ്ങളും, ബെൽജിയത്തിൽ നിന്നും രണ്ട് താരങ്ങളും പട്ടികയിൽ ഇടം നേടിയപ്പോൾ ഫ്രാൻസ്,ഇംഗ്ലണ്ട്,ജർമനി എന്നീ ടീമുകളിൽ നിന്നും ആരം ടീമിലില്ല.