ഹാട്രിക് ബെൻസെമ: ബാഴ്സയെ തകർത്ത് റയൽ കോപ്പ ഡെൽ റേ ഫൈനലിലേക്ക്
|രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പാദത്തിൽ 1-0ത്തിനേറ്റ തോൽവിയിൽ നിന്നായിരുന്നു റയലിന്റെ രാജകീയ ഫൈനൽ പ്രവേശം( അഗ്രഗേറ്റ് ഗോൾ: 4-1).
നൗകാമ്പ്: രണ്ടാം പകുതിയിൽ കരിം ബെൻസെമ നേടിയ ഹാട്രിക് ഗോളിൽ ചിരവൈരികളായ ബാഴ്സലോണയെ തകർത്ത് റയൽമാഡ്രിഡ് കോപ്പ ഡെൽ റേ കപ്പ് ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പാദത്തിൽ 1-0ത്തിനേറ്റ തോൽവിയിൽ നിന്നായിരുന്നു റയലിന്റെ രാജകീയ ഫൈനൽ പ്രവേശം( അഗ്രഗേറ്റ് സ്കോര്‍: 4-1). ബ്രസീൽ താരം വിനീഷ്യസ് ജൂനിയറായിരുന്നു റയലിന്റെ മറ്റൊരു സ്കോറർ.
ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു വിനീഷ്യസിന്റെ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ നേടിയ ബെൻസെമ റയലിന്റെ ലീഡ് ഇരട്ടിയാക്കി. പെനൽറ്റിയിലൂടെയായിരുന്നു ബെൻസേമയുടെ രണ്ടാം ഗോൾ. നാല് മിനുറ്റിന്റെ വ്യത്യാസത്തിലായിരുന്നു ബെൻസേമയുടെ രണ്ട് ഗോളുകൾ പിറന്നത്. 50, 54 മിനുറ്റുകളിലായരുന്നു ഗോൾ. മൂന്നാം ഗോൾ 80ാം മിനുറ്റിലും. മെയ് ആറിന് നടക്കുന്ന ഫൈനലിൽ ഓസാനുനാണ് റയലിന്റെ എതിരാളികൾ.
ആദ്യപകുതിയിൽ ബാഴ്സലോണ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ഗോളടിക്കാനുള്ള അവസരം ഇരുകൂട്ടർക്കും കിട്ടിയില്ല. സൂപ്പർതാരം ലെവൻഡോവ്സ്കിയുടെ ശ്രമം റയല്‍ ഗോള്‍കീപ്പര്‍ തിബോട്ട് കോർട്ടോ തടയുകയും ചെയ്തു. എന്നാൽ കൗണ്ടർ അറ്റാക്കിലൂടെയാണ് റയലിന്റെ ഗോൾ എത്തുന്നത്. ആദ്യ പകുതി സമനിലയിലേക്കെന്നിരിക്കെയാണ് റയലിന്റെ ഗോൾ. കോര്‍ട്ടോ കൊടുത്ത പന്തുമായി ബാഴ്സയുടെ ഗോള്‍മുഖത്തേക്ക് കുതിച്ചു, ബെൻസെമയുടെ പാസിൽ വിനീഷ്യസിന്റെ ഷോട്ട് ബാഴ്സ ഗോള്‍കീപ്പര്‍ തടുത്തെങ്കിലും പന്ത് ഗോൾ വര കടന്നു.
50ാ മിനിറ്റിൽ മോഡ്രിച്ചിന്റെ പാസിൽ നിന്നാണ് ബെൻസെമ വല കുലുക്കുന്നത്. ഫ്രാങ്ക് കേസ്സി വിനിഷ്യസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. ബെൻസെമ അനായാസം ഗോൾ കണ്ടെത്തി. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നായിരുന്നു ബെൻസെമയുടെ മൂന്നാം ഗോൾ. തുടർച്ചയായ മത്സരങ്ങളിൽ ബെൻസെമയുടെ രണ്ടാമത്തെ ഹാട്രിക് നേട്ടമാണിത്. കഴിഞ്ഞ ഞായറാഴ്ച വല്ലാഡോളിഡിനെതിരെ നടന്ന മത്സരത്തിലും ബെൻസെമ ഹാട്രിക് കണ്ടെത്തിയിരുന്നു. പന്തവകാശത്തിലും ഷോട്ടുതിര്‍ക്കുന്നതിലും മറ്റും ബാഴ്സലോണയാണ് മുന്നിട്ട് നിന്നതെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.