അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കി ബെൻസെമ; വിരമിക്കല്‍ പ്രഖ്യാപിച്ചു
|സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പാരിസ്: അന്താരാഷ്ട്ര ഫുട്ബേൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാന്‍സ് സൂപ്പർതാരം കരീം ബെൻസെമ. റയൽമാഡ്രിഡ് താരം കൂടിയായ ബെൻസെമ ക്ലബ്ബ് ഫുട്ബോളില്‍ തുടർന്നും കളിക്കും. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 35കാരനായ ബെൻസെമയുടെ വിരമിക്കല്‍. ലോകകപ്പിൽ ഫ്രാൻസ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും പരിക്ക് മൂലം കളിക്കാനായിരുന്നില്ല. അർജന്റീനക്കെതിരയ ഫൈനലിൽ മടങ്ങിയെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നുവെങ്കിലും നടന്നില്ല.
പിന്നാലെയാണ് അപ്രതീക്ഷിതമായി ഫ്രാൻസ് ജേഴ്സി താരം അഴിക്കുന്നത്. പരിശീലകൻ ദിദിയർ ദെഷാംപ്സുമായി അഭിപ്രായം വ്യത്യാസമുണ്ടായെന്ന വാർത്തകളും സജീവമായിരുന്നു. ഈ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഫിറ്റ്നസ് വീണ്ടെടുത്തിട്ടും ഫൈനലിലേക്ക് മടങ്ങിവരാത്തതെന്നായിരുന്നു വാർത്തകൾ. സിനദിൻ സിദാന് ശേഷം ഫ്രാൻസിനായി ബാലൻ ഡി ഓർ നേടിയ താരമാണ് ബെന്‍സെമ. ഈ പുരസ്കാരം കൈയ്യിലിരിക്കെയാണ് ബെൻസെ ഫ്രാൻസ് ടീമിൽ നിന്നും ഇറങ്ങുന്നത്.