Football
മെസ്സിയും ക്രിസ്റ്റ്യാനോയും പോയി, ആ റെക്കോർഡ് ബെൻസേമ ഇങ്ങെടുത്തു
Football

മെസ്സിയും ക്രിസ്റ്റ്യാനോയും പോയി, ആ റെക്കോർഡ് ബെൻസേമ ഇങ്ങെടുത്തു

Web Desk
|
23 Sep 2021 11:20 AM GMT

മയോർക്കക്കെതിരായ ഇരട്ട ഗോളോടെ ലാലിഗയിലെ 200 ഗോൾ ക്ലബ്ബിലും ബെൻസേമ ഇടം നേടി.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സി കൂടി കൂടൊഴിഞ്ഞ സ്പാനിഷ് ലീഗിൽ മിന്നും ഫോമിലാണ് റയൽ മാഡ്രിഡിന്റെ അറ്റാക്കിങ് കുന്തമുനയായ കരീം ബെൻസേമ. വർഷങ്ങളായി റയൽ മാഡ്രിഡിന്റെ മുൻനിരയിലെ വിശ്വസ്തനായ ഫ്രഞ്ച് താരം 2020-21 സീസൺ തുടക്കം മുതൽ തന്നെ ഗോളടിച്ചും അടിപ്പിച്ചും വിസ്മയമാവുകയാണ്. ആറ് മത്സരങ്ങളിൽ എട്ട് ഗോളും ഏഴ് അസിസ്റ്റുമടക്കം 15 ഗോളുകളിൽ പങ്കാളിയായിക്കഴിഞ്ഞു 33-കാരൻ.

യൂറോപ്പിലെ മുൻനിരയിലുള്ള ആറ് ലീഗുകളിൽ, സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ ഒരു താരത്തിന്റെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനമാണ് ബെൻസേമയുടേത്. സീസണാദ്യത്തിലെ ആറ് മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയാവുക എന്ന നേട്ടം ഇതുവരെ മെസ്സിയും ക്രിസ്റ്റ്യാനോയും പങ്കിടുകയായിരുന്നു. 2011-12 സീസണിൽ മെസ്സിയും 2014-15 ൽ ക്രിസ്റ്റ്യാനോയും ആറ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളിൽ പങ്കാളികളായി. എന്നാൽ ഇന്നലെ രാത്രി മയോർക്കക്കെതിരെ രണ്ടു ഗോളടിച്ചും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും ബെൻസേമ ആ റെക്കോർഡ് ഭേദിച്ചു. ആറ് മത്സരങ്ങളിൽ 16 പോയിന്റോടെ റയൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തു.

വർത്തമാന ഫുട്‌ബോളിലെ മഹാരഥന്മാരായ മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലാത്ത, 2005-നു ശേഷമുള്ള ആദ്യ ലാലിഗ സീസണാണിത്. ആദ്യമത്സരത്തിൽ തന്നെ അലാവസിനെതിരെ രണ്ട് ഗോളടിച്ച് ബെൻസേമ, ഇനി താനാണ് ലീഗിലെ രാജാവെന്ന് പ്രഖ്യാപിച്ചിരുന്നു. ദുർബലരായ ലെവന്റെക്കെതിരെ റയൽ 3-3 സമനില വഴങ്ങിയപ്പോൾ താരം ഗോളൊന്നും നേടിയില്ലെങ്കിലും ഗരത് ബെയ്‌ലിന്റെയും വിനിഷ്യസിന്റെയും ഗോളുകൾക്ക് വഴിയൊരുക്കി. ബെറ്റിസിനെതിരെ വിയർത്തു ജയിച്ച മൂന്നാം മത്സരത്തിൽ ഡാനി കാർവഹാളിന്റെ ഏക ഗോളിന്റെ അസിസ്റ്റ് ബെൻസേമ വകയായിരുന്നു.

രണ്ട് കളിയിൽ ഗോളില്ലാതിരുന്നതിന്റെ ക്ഷീണം സെൽറ്റ വിഗോയ്‌ക്കെതിരെ ഹാട്രിക്കോടെ ബെൻസേമ തീർത്തു. വിനിഷ്യസിന്റെ ഗോളിലും അസിസ്‌റ്റോടെ താരം പങ്കാളിയായി. മാച്ച് ഡേ 5-ൽ കരുത്തരായ വലൻസിയക്കെതിരെ 85-ാം മിനുട്ടിൽ റയൽ ഒരു ഗോളിന് പിറകിലായിരുന്നു. 86-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോളിന് വഴിയൊരുക്കി ബെൻസേമ ടീമിന്റെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ചു. 88-ാം മിനുട്ടിൽ വിജയഗോൾ പിറന്നതും താരത്തിന്റെ ബൂട്ടിൽ നിന്നു തന്നെ.

അഞ്ച് മത്സരം പിന്നിട്ടപ്പോൾ തന്നെ ഇത്തവണ യൂറോപ്യൻ ലീഗുകളിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തം ബെൻസേമയുടെ പേരിലായിരുന്നു. എർലിങ് ഹാലണ്ട്, ലെവൻഡവ്‌സ്‌കി, എംബാപ്പെ തുടങ്ങിയവർക്കു മുകളിലാണ് അദ്ദേഹം ഇരിപ്പിടമുറപ്പിച്ചത്. അസിസ്റ്റുകളുടെ കാര്യത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മിഡ്ഫീൽഡറായ പോൾ പോഗ്ബക്കൊപ്പമാണ് നിലവിൽ സ്‌ട്രൈക്കറായ പോഗ്ബയുടെ അസിസ്റ്റുകൾ; ഏഴെണ്ണം.

മയോർക്കക്കെതിരായ ഇരട്ട ഗോളോടെ ലാലിഗയിലെ 200 ഗോൾ ക്ലബ്ബിലും ബെൻസേമ ഇടം നേടി. ഈ നാഴികക്കല്ല് പിന്നിടുന്ന പത്താമത്തെ മാത്രം കളിക്കാരനാണ് കൊക്കോ എന്ന പേരിലറിയപ്പെടുന്ന താരം. 2009ൽ ഒളിംപിക് ലിയോണിൽ നിന്നാണ് റയൽ മാഡ്രിഡ് ബെൻസേമയെ വാങ്ങുന്നത്. 2010-11 സീസണോടെ 9-ാം നമ്പർ കുപ്പായത്തോടെ ഫസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ താരം ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നിരവധി ഗോൾ നേട്ടങ്ങളിൽ പങ്കാളിയായി.

ഗോൾ + അസിസ്റ്റ് കണക്കിൽ മിന്നും തുടക്കം ലഭിച്ച 2011-ൽ ലയണൽ മെസ്സിയും 2014-ൽ ക്രിസ്റ്റ്യാനോയുമായിരുന്നു ബാളൻ ഡോർ ജേതാക്കൾ. രണ്ട് താരങ്ങളുമില്ലാത്ത ലീഗിൽ ഇതിനകം തന്നെ സൂപ്പർ താരമായിക്കഴിഞ്ഞ ബെൻസേമ ആ സ്വപ്‌ന നേട്ടം കൂടി സ്വന്തമാക്കുമോ എന്നാണിനി കാണേണ്ടത്.

Similar Posts