പക വീട്ടാനുള്ളതാണ്; ബെംഗളൂരു എഫ്‌സിയെ ഇന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തുമോ?
|ഡ്യൂറന്റ് കപ്പിലെ മത്സരം വൈകീട്ട് ആറ് മണിക്ക്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ദക്ഷിണേന്ത്യൻ ശക്തികളായ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് ഡ്യൂറന്റ് കപ്പിൽ മുഖാമുഖം. കൊൽക്കത്തയിലെ കെ.ബി.കെ സ്‌റ്റേഡിയത്തിൽ വൈകീട്ട് ആറ് മണിക്കാണ് മത്സരം. സോണി ടെൻ-2 ചാനലിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.
ഇരു ടീമുകളും തമ്മിൽ കളിക്കുമ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലടക്കം ആരാധകപ്പോര് പതിവാണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ ബെംഗളൂരു പുറത്താക്കിയതോടെ ഈ വൈര്യം പൂർവോപരി വർധിച്ചിരിക്കുകയാണ്. ഫ്രീകിക്കിനായി കേരളം ഒരുങ്ങുന്നതിന് മുമ്പേ ബെംഗളൂരു നായകൻ സുനിൽ ഛേത്രി വലയിലേക്ക് പന്തടിച്ച് കയറ്റിയതായിരുന്നു അന്നത്തെ വിവാദം. തുടർന്ന് ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂർത്തിയാക്കതെ തിരിച്ചുകയറുകയും പിന്നീട് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ടീമിന് വൻ തുക പിഴയിടുകയുമൊക്കെ ചെയ്തിരുന്നു.
ഈ വിവാദത്തിന് ശേഷം ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ സൂപ്പർകപ്പിൽ ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരുവും പോരാടിയിരുന്നു. എന്നാൽ മത്സരം സമനിലയിൽ അവസാനിച്ചു. നിർണായക മത്സരത്തിൽ സമനില നേടിയ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്ക് മുന്നേറി. എന്നാൽ ഫൈനലിൽ ഒഡിഷ എഫ്‌സിയോട് പരാജയപ്പെട്ടു.
ഐഎസ്എല്ലിലെ വിവാദങ്ങളും സഹൽ അബ്ദു സമദടക്കമുള്ളവരുടെ ട്രാൻസ്ഫറുകളും ടീമിന് മങ്ങലേൽപ്പിച്ചിരിക്കെ, ഡ്യുറന്റ് കപ്പ് നേടി ആരാധകരെ സന്തോഷിപ്പിക്കാനാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. എന്നാൽ ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാട്ടുകാരായ ഗോകുലം കേരള എഫ്സി അട്ടിമറിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലം വിജയിച്ചത്.
ഡ്യുറന്റ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി, ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് ഫുട്‌ബോൾ ടീം എന്നിവയാണ് ഗ്രൂപ്പ് സിയിലെ ഇതര ടീമുകൾ. ആഗസ്ത് 14ന് ഇന്ത്യൻ എയർഫോഴ്‌സ് എഫ്ടിക്കെതിരെയുള്ള മത്സരത്തിൽ ബെംഗളൂരുവിന് സമനിലയാണ് നേടാനായിരുന്നത്. 1-1 ആയിരുന്നു സ്‌കോർ. എന്നാൽ കേരളത്തിന് പുറമെ ഇന്ത്യൻ എയർഫോഴ്‌സിനെയും ഗോകുലം തോൽപ്പിച്ചിരുന്നു. ടീമാണ് ഗ്രൂപ്പ് സിയിൽ ഒന്നാമത്. ആറ് പോയിൻറാണുള്ളത്. ഒരു പോയിൻറുമായി ബെംഗളൂരുവാണ് രണ്ടാമത്. അത്രതന്നെ പോയിൻറുള്ള ഇന്ത്യൻ എയർഫോഴ്‌സ് എഫ്ടി മൂന്നാമതാണ്. പൂജ്യം പോയിൻറുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാമതാണ്.
ഗോകുലത്തിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ മൂന്നിനെതിരെ ഒരു ഗോളിന് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. 17-ാം മിനിറ്റിൽ കോർണർ കിക്കിൽ തലവച്ച് ബൗബയാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ ഇമ്മാനുവൽ ജസ്റ്റിനിലൂടെ കേരളം തിരിച്ചടിച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത കോർണർ കിക്കിൽ നിന്ന് വീണു കിട്ടിയ പന്ത് ജസ്റ്റിൻ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ 42-ാം മിനിറ്റിൽ മലയാളി താരം ശ്രീകുട്ടന്റെ ഹെഡർ ഗോളിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ ഹൈദ്രോം സിങ് വീണ്ടും വലകുലുക്കിയതോടെ സ്‌കോർ 3-2.
രണ്ടാം പകുതിയിൽ അഭിജിത്തിന്റെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ ഗോകുലം വീണ്ടും മുമ്പിലെത്തി. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് അഭിജിത്ത് തൊടുത്ത മിസൈൽ കീപ്പർ സച്ചിൻ സുരേഷിന് ഒരവസരവും കൊടുക്കാതെയാണ് വലയിൽ തിരയിളക്കിയത്. സബ്സ്റ്റിറ്റിയൂഷനുകളിലൂടെ കളം പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് നീക്കം 53-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. പ്രബീർ ദാസ് ആയിരുന്നു സ്‌കോറർ. അധ്വാനിച്ചു കളിച്ച ക്യാപ്റ്റൻ ലൂന കൂടി 77-ാം മിനിറ്റിൽ വല കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാൽ കായികമായി മേൽക്കൈയുള്ള ഗോകുലം പ്രതിരോധം ഇളകിയില്ല.
മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഉലയുന്ന കാഴ്ചയാണ് കണ്ടത്. മുംബൈയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ നവോച്ചം സിങ് ശരാശരിക്കും താഴെയുള്ള പ്രകടനമാണ് പ്രതിരോധത്തിൽ കാഴ്ചവച്ചത്.
Indian Super League's South Indian powerhouses Kerala Blasters and Bengaluru FC face off in the Durant Cup today.