സഹലും രാഹുലും ഇറങ്ങിയിട്ടും രക്ഷയില്ല; ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്
|ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്
കൊൽക്കത്ത:ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. നിർണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോൽവി വഴങ്ങിയതോടെയാണ് മഞ്ഞപ്പട ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡൽഹിയുടെ വിജയം. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി, ജീക്സൺ സിങ് തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടും കേരള ടീമിന് ഗോൾ കണ്ടെത്താനായില്ല.
53-ാം മിനിറ്റിൽ വില്ലിസ് പ്ലാസയാണ് ഡൽഹിയുടെ വിജയഗോള്‍ നേടിയത്. ഗോൾ വഴങ്ങിയ ശേഷം കോച്ച് വുകോമനോവിച്ച് സഹൽ അബ്ദുൽ സമദിനെയും നേപ്പാളീസ് താരം ചെഞ്ചോ ഗ്യൽത്സനെയും കളത്തിലിറക്കി. സബ്സ്റ്റിറ്റ്യൂഷൻ കളത്തിൽ മാറ്റമുണ്ടാക്കിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു.
ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. അതിൽ രണ്ടെണ്ണം ബാറിലിടിച്ച് തിരിച്ചുവരികയായിരുന്നു. സഹലിന്റെ ഒരു ഷോട്ട് അവിശ്വസനീയമായി പുറത്തേക്കു പോയി. രാഹുൽ കെപിയുടെ ഒരു ഷോട്ട ഗോൾലൈൻ സേവിലൂടെ ഡൽഹി പ്രതിരോധം രക്ഷപ്പെടുത്തി. കളിയുടെ അന്ത്യനിമിഷത്തിൽ ഡൽഹി എഫ്സി നടത്തിയ മുന്നേറ്റം ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്സി മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഇന്ത്യൻ നേവിയെ കീഴടക്കി. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബംഗളൂരു തിരിച്ചുവരവ് നടത്തിയത്.
ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും ടൂർണമെന്റിൽ കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. മറ്റൊരു കേരള ടീമായ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി യിൽ നിന്ന് ചാമ്പ്യന്മാരായാണ് ഗോകുലത്തിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം.