'ജാലവിദ്യ കാട്ടുന്ന മാന്ത്രികന് ഒരായിരം ജന്മദിനാശംസകൾ'; ലൂണയുടെ ജന്മദിനത്തിൽ ബ്ലാസ്റ്റേഴ്സും ആരാധകരും
|ലൂണ എത്തിയ ശേഷം നടന്ന രണ്ട് ഐ.എസ്.എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് താരത്തെയായിരുന്നു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ മാന്ത്രികൻ അഡ്രിയാൻ നിക്കോളസ് ലൂണയ്ക്ക് ജന്മദിനാശംസകളുമായി ക്ലബ്. 'ജാലവിദ്യകൾ കാട്ടുന്ന മാന്ത്രികന് ഒരായിരം ജന്മദിനാശംസകൾ' എന്ന കുറിപ്പുമായാണ് 31ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ടീം ആശംസ അറിയിച്ചത്. ഒപ്പം ആരാധകക്കൂട്ടവും ആശംസകളുമായി താരത്തെ പൊതിഞ്ഞിട്ടുണ്ട്. ഐ.എസ്.എൽ ഔദ്യോഗിക പേജിലും ആശംസ അറിയിച്ചു. 1992 ഏപ്രിൽ 12ന് ഉറുഗ്വേയിലെ ടാകുഅരെംബോയിലാണ് താരം ജനിച്ചത്.
നിലവിൽ നടക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ലൂണയില്ല. വ്യക്തിപരമായ കാരണങ്ങളാൽ ലൂണ ടീം മാനേജ്മെന്റിനോട് അവധി ആവശ്യപ്പെടുകയായിരുന്നു. ആവശ്യം മാനേജ്മെന്റ് അംഗീകരിക്കുകയും ചെയ്തു. സൂപ്പർകപ്പിന്റെ പ്രാധാന്യം മനസിലാക്കുന്നതായും എന്നിരുന്നാലും ലൂണയുടെ ആവശ്യത്തെ ബഹുമാനിക്കുന്നതായും ബ്ലാസ്റ്റേഴ്സ് ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സൂപ്പർലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിന് കരുത്ത് പകരാൻ 29 കാരനായിരിക്കെയാണ് ഉറുഗ്വേയിൽ നിന്ന് അഡ്രിയാൻ ലൂണയെത്തിയത്. 2021-22 സീസണിന് മുന്നോടിയായാണ് ലൂണയെ മാനേജ്മെന്റ് ടീമിൽ എത്തിച്ചിരുന്നത്. ബ്ലാസറ്റേഴ്സുമായി നിലവിൽ രണ്ടുവർഷത്തേക്കുള്ള കരാറാണ് അന്ന് താരം ഒപ്പുവെച്ചിരുന്നത്. മെൽബൺ സിറ്റി എഫ്.സി താരമായ അഡ്രിയാൻ ലൂണ മുമ്പുള്ള എ ലീഗ് സീസണിൽ 24 മൽസരങ്ങൾ നിന്നായി മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്സ്, ഉറുഗ്വേയിലെ ഡിഫെൻസർ സ്പോർട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു അഡ്രിയാൻ ലൂണയുടെ ഫുട്ബോൾ കരിയറിന്റെ തുടക്കം.
ഉറുഗ്വേ അണ്ടർ17, അണ്ടർ20 മുൻ താരം കൂടിയായ അഡ്രിയാൻ ലൂണ ഇരു വിഭാഗങ്ങളിൽ നിന്നുമായി 19 മത്സരങ്ങളിൽ ദേശീയ ജഴ്സി അണിഞ്ഞു. 2009ൽ ഫിഫ അണ്ടർ17 ലോകകപ്പിലും 2011ൽ ഫിഫ അണ്ടർ20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂർണമെൻറുകളിലും ഓരോ ഗോൾ വീതവും നേടിയിരുന്നു.
അഡ്രിയാൻ ലൂണ എത്തിയ ശേഷം നടന്ന രണ്ട് ഐ.എസ്.എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് താരത്തെയായിരുന്നു. രണ്ട് സീസണിലും ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്താനും സ്ഥിരത നിലനിർത്താനും അഡ്രിയാൻ ലൂണയ്ക്കു സാധിച്ചു. 2021 - 2022 സീസണിൽ 23 മത്സരങ്ങളിൽ ആറ് ഗോളും ഏഴ് അസിസ്റ്റും, 2022 - 2023 സീസണിൽ 20 മത്സരങ്ങളിൽ നാല് ഗോളും ആറ് അസിസ്റ്റും അഡ്രിയാൻ ലൂണ ഐ എസ് എല്ലിൽ നടത്തി.
അതായത് ഐ എസ് എല്ലിൽ മാത്രം 43 മത്സരങ്ങളിൽ 10 ഗോളും 13 അസിസ്റ്റും. ലൂണ എന്തായിരുന്നുവെന്ന് ഈ കണക്കുകൾ തന്നെ ധാരാളം. ഐ.എസ്.എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം ലൂണയാണ്. 43 മത്സരങ്ങളാണ് ഉറുഗ്വേൻ താരം മഞ്ഞക്കുപ്പായത്തിൽ കളിച്ചിട്ടുള്ളത്.
കഴിഞ്ഞ ഐ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രസീൽ താരം വില്യൻ ബോർജസ് ഡാ സിൽവ അടിച്ചത് പോലൊരു മനോഹര ടീം ഗോൾ നേടിയിരുന്നു. ഹോർമിപാമിൽ നിന്ന് ലഭിച്ച പന്തുമായി എതിർഗോൾ മുഖത്തേക്കുള്ള മുന്നേറ്റം തുടങ്ങിയത് ലൂണയായിരുന്നു. ഒടുവിൽ ഗോളാക്കിയതും താരമായിരുന്നു. ആദ്യം സഹൽ അബ്ദുസമദിനും പിന്നീട് ദിമിത്രിയോസ് ഡയമൻഡക്കോസിനും പാസ് നൽകി താരം മുന്നേറി. ഒടുവിൽ ഡയമന്റാക്കോസ് അപ്പോസ്തലസ് ജിയാനുവിന് പന്ത് നൽകി. തുടർന്ന് ലൂണ 65ാം മിനുട്ടിൽ പാസ് സ്വീകരിച്ച് ജംഷഡ്പൂരിന്റെ ഉരുക്കുവല കുലുക്കുകയായിരുന്നു. മത്സരത്തിൽ ജംഷഡ്പൂർ വഴങ്ങിയ മൂന്നാമത്തെ ഗോളായിരുന്നിത്. നേരത്തെ ജിയാനുവും ഡയമൻറക്കോസും ഗോൾ നേടിയിരുന്നു.
2018 ജനുവരി 20ന് ബ്രൈട്ടനെതിരെ ചെൽസിക്ക് വേണ്ടി വില്യൻ സമാനമായ ഗോൾ നേടിയിരുന്നു. ഹസാർഡ്, ബത്ഷുഹായി എന്നിവർക്ക് പാസ് നൽകി മുന്നേറിയ വില്യൻ എതിർവലയിൽ തീയുണ്ട പായിക്കുകയായിരുന്നു. ടീം ഗോളെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി വിജയിച്ചിരുന്നു.
Kerala Blasters and fans wish football wizard Adrian Nicholas Luna a very happy birthday.