![മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വെയറിന് ബോംബ് ഭീഷണി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വെയറിന് ബോംബ് ഭീഷണി](https://www.mediaoneonline.com/h-upload/2022/04/22/1290986-mag.webp)
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വെയറിന് ബോംബ് ഭീഷണി
![](/images/authorplaceholder.jpg?type=1&v=2)
ചൊവ്വാഴ്ച ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റിരുന്നു
ലിവർപൂളിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോറ്റ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വെയറിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ഇംഗ്ലണ്ട് ദേശീയ ടീമിലെ ഡിഫൻഡർ കൂടിയായ താരത്തിന്റെ വീട്ടിൽ വ്യാഴാഴ്ച പൊലീസ് പരിശോധന നടത്തി. താരത്തെ കൂടാതെ പങ്കാളിയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. 29 കാരനായ താരത്തിനെതിരെ ഭീഷണി മുഴക്കിയ ആളെ കണ്ടെത്താനായിട്ടില്ല. എന്നാൽ താരം ഈ വാരാന്ത്യത്തിലുള്ള മത്സരത്തിനായുള്ള ഒരുക്കം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ മഗ്വെയർ ആരാധകരിൽ നിന്നും ഫുട്‌ബോൾ നിരീക്ഷകരിൽ നിന്നും വിമർശനം നേരിട്ടിരുന്നു.
ശനിയാഴ്ച ആഴ്‌സണലിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. അടുത്ത ചാമ്പ്യൻസ് ലീഗിലെത്തുന്നതിൽ നിർണായകമാകുന്നതാണ് മത്സരഫലം. പ്രീമിയർ ലീഗിൽ ഇക്കുറി ആറാം സ്ഥാനത്തായ ടീം അയാക്‌സ് കോച്ചായിരുന്ന എറിക് ടെൻ ഹാഗിനെ അടുത്ത സീസണിലേക്കുള്ള മാനേജറായി പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്നു വർഷത്തേക്കാണ് കരാർ. ഈ സീസണിന്റെ അവസാനത്തോടെ നിലവിലെ പരിശീലകൻ റാൾഫ് റാഗ്‌നിക്കിൽനിന്ന് എറിക് ടെൻ ഹാഗ് സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ നവംബറിൽ ഒലെ ഗണ്ണൻ സോൾഷ്യറെ പുറത്താക്കിയതിനു പിന്നാലെയായിരുന്നു റാഗ്‌നിക്ക് യുനൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. 2013ൽ സർ അലെക്സ് ഫെർഗൂസൻ വിരമിച്ച ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സ്ഥിരം പരിശീലകനാകുന്ന അഞ്ചാമത്തെയാളാകും ടെൻ ഹാഗ്. യുനൈറ്റഡിന്റെ പരിശീലകനാകുകയെന്നത് വലിയ അംഗീകാരമാണെന്നും മുന്നിലുള്ള വെല്ലുവിളി വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എറിക് ടെൻ ഹാഗ് പ്രതികരിച്ചു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിൽ 54 പോയിന്റുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡുള്ളത്. അഞ്ച് മത്സരങ്ങൾ മാത്രമാണ് സീസണിൽ ഇനി ബാക്കിയുള്ളത്. 76 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. 74 പോയന്റ് നേടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമുണ്ട്.
ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ലിവർപൂൾ തോൽപിച്ചിരുന്നു. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ഇരട്ടഗോൾ നേടിയ മുഹമ്മദ് സലാഹ് അടക്കമുള്ളവരുടെ പ്രകടനമാണ് യുനൈറ്റഡിനെ തകർത്തത്. മുമ്പ് ഓൾഡ് ട്രഫോഡിൽ നടന്നിരുന്ന ആദ്യ പാദത്തിൽ ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളിന് യുനൈറ്റഡിനെ തോൽപിച്ചിരുന്നു. ഇതോടെ ഒമ്പത് ഗോൾ തോൽവിയാണ് ടീം നേരിട്ടിരിക്കുന്നത്.
Bomb threat to Manchester United captain Harry Mageiro