കോപ പിടിക്കാൻ കരുത്തുറ്റ ബ്രസീൽ നിര; വണ്ടർ കിഡ് എൻഡ്രിക് ടീമിൽ
|പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച സംഘത്തിൽ ടോട്ടനം സ്‌ട്രൈക്കർ റിച്ചാലിസൻ, ആഴ്‌സനൽ ഫോർവേഡ് ഗബ്രിയേൽ ജിസൂസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടം പിടിച്ചില്ല
സാവോപോളോ: ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയറിനെ ഉൾപ്പെടുത്തിയില്ല. മാഞ്ചസ്റ്റർ യൂണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡർ കസമിറോയെ ഒഴിവാക്കിയപ്പോൾ വണ്ടർകിഡ് എൻഡ്രിക് ആദ്യമായി പ്രധാന ടൂർണമെന്റിൽ ഇടംപിടിച്ചു. പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച സംഘത്തിൽ ടോട്ടനം സ്‌ട്രൈക്കർ റിച്ചാലിസൻ, ആഴ്‌സനൽ ഫോർവേഡ് ഗബ്രിയേൽ ജിസൂസ്, ബ്രെമർ, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടം പിടിച്ചില്ല. അടുത്ത സീസണിൽ റയൽമാഡ്രിഡിലേക്ക് ചേക്കേറാനൊരുങ്ങുന്ന 17 കാരൻ എൻഡ്രികാണ് സ്‌ക്വാർഡിലെ ജൂനിയർ. അമേരിക്കയിലാണ് ഇത്തവണ കോപ നടക്കുന്നത്.
പുതിയ പരിശീലകന് കീഴിൽ ഇറങ്ങിയ മഞ്ഞപ്പട ഇംഗ്ലണ്ടിനെ വെംബ്ലിയിൽ തോൽപിച്ചും സ്‌പെയിനെ സമനിലയിൽ തളച്ചും മികച്ച ഫോമിലാണ് കളിക്കുന്നത്. നേരത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തിലടക്കം കാലിടറി സംഘത്തിന്റെ തിരിച്ചുവരവ് കൂടിയായിത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തിൽ ബദ്ധവൈരികളായ അർജന്റീനയോട് കീഴടങ്ങിയ ബ്രസീൽ കോപ തിരിച്ചു പിടിക്കാനാണ് യുവകരുത്തിൽ ഇറങ്ങുന്നത്.
ഗോൾകീപ്പർ: അലിസൻ(ലിവർപൂൾ), ബെനറ്റോ(അത്‌ലറ്റികോ-പിആർ),എഡർസൻ(മാഞ്ചസ്റ്റർ സിറ്റി)
പ്രതിരോധ നിര:ബെർണാൾഡോ(പിഎസ്ജി), എഡർ മിലിറ്റാവോ(റിയൽ മാഡ്രിഡ്), ഗബ്രിയേൽ(ആഴ്‌സനൽ), മാർക്കിഞോസ്(പിഎസ്ജി), ഡാനിയലോ(യുവന്റസ്), യാൻ കൗട്ടോ(ജിറോണ), ഗില്ലെർമെ അരാന (അത്‌ലറ്റികോ-എംജി), വെൻഡെൽ(പോർട്ടോ)
മധ്യ നിര:ആന്ദ്രെസ് പെരേര( ഫുൾഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസിൽ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റൺ വില്ല), ജോ ഗോമസ്(വോൾവെർഹാംപ്ടൺ),ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)
ഫോർവേഡ്: എൻഡ്രിക്(പാൽമെറസ്), ഇവനിൽസൺ(പോർട്ടോ), ഗബ്രിയേൽ മാർട്ടിനലി(ആഴ്‌സനൽ), റഫിഞ്ഞ(ബാഴ്‌സലോണ) റോഡ്രിഗോ(റയൽമാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)