ബ്രസീലിനെ ഇനിയാര് രക്ഷിക്കും?
|റിയോഡി ജനീറോ: കിരീടത്തിളക്കത്താൽ മാത്രം രാജാക്കൻമാരെന്ന് വിളിക്കപ്പെട്ടവരല്ല ബ്രസീലുകാർ. അവരുടെ ഫുട്ബോളിന് പ്രത്യേകമായ താളവും അവരുടെ നീക്കങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയുമുണ്ടായിരുന്നു. 1982ലെ സ്പാനിഷ് ലോകകപ്പിൽ സെക്കൻഡ് ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായവരാണ് ബ്രസീൽ. പക്ഷേ സീക്കോയും സോക്രട്ടീസും ഫാൽക്കാവോയുമെല്ലാം അണിനിരന്ന ആ മനോഹര സംഘത്തെ കാൽപന്ത് ലോകം ഇന്നുമോർക്കുന്നു. തോൽവിയിലും ആ സംഘത്തിന് കൈയ്യടികളോടെയാണ് ആരാധകർ മടക്കയാത്ര നൽകിയത്.
ടൂർണമെൻറ് ഏതുമായിക്കൊള്ളട്ടെ.. ബ്രസീലുണ്ടെങ്കിൽ അവർ തന്നെ ഫേവറിറ്റുകളാകുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇക്കുറി അങ്ങനെയായിരുന്നില്ല. ആരാധകരിൽ ബ്രസീലെന്ന പേർ കടലിരമ്പം തീർക്കുന്നുണ്ടെങ്കിലും അർജൻറീനക്കും കൊളംബിയക്കുമെല്ലാം പിന്നിലായാണ് പലരും ബ്രസീലിനെ റേറ്റ് ചെയ്തതത്. കോസ്റ്ററിക്കക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ തങ്ങളിൽ അമിത പ്രതീക്ഷകൾ വേണ്ടെന്ന് ബ്രസീൽ തെളിയിക്കുകയും ചെയ്തു. പരഗ്വായ്ക്കെതിരെ നാലുഗോളുകൾ നേടി വരവറിയിച്ചെങ്കിലും സ്കോർബോർഡിലെ ആധിപത്യം മത്സരത്തിൽ കണ്ടിരുന്നില്ല. ഒടുവിൽ കൊളംബിയക്ക് മുന്നിൽ രക്ഷപ്പെട്ട ബ്രസീൽ ഇക്കുറി യുറുഗ്വായുടെ ഫിസിക്കൽ ഗെയിമിന് മുന്നിൽ തളർന്നുപോയി. അവസാന 15 മിനുറ്റിൽ പത്തുപേരിലേക്ക് യുറുഗ്വായ് ചുരുങ്ങിയിട്ടുപോലും അത് മുതലെടുക്കാൻ കാനറികൾക്കായില്ല. നെയ്മറിെൻറ അഭാവത്തിൽ ഒട്ടും ക്രിയേറ്റീവാകാതെ കളിച്ചിരുന്ന ബ്രസീലിൽ വിനീഷ്യസ് കൂടി ഇല്ലാതിരുന്നതോടെ നനഞ്ഞപടക്കമായി മാറി.
വലിയ പേരുകൾക്ക് ബ്രസീൽ ടീമിൽ പഞ്ഞമൊന്നുമില്ല. മുൻനിരയിലും പ്രതിരോധത്തിലുമെല്ലാം ബൂട്ടുകെട്ടുന്നവർ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളുടെ താരങ്ങളാണ്. ഏതാണ്ടെല്ലാം പൊസിഷനുകളിലും അണിനിരക്കുന്നത് യൂറോപ്യൻ ക്ലബുകളുടെ അവിഭാജ്യഘടകങ്ങൾ തന്നെ. പക്ഷേ ബ്രസീലിെൻറ പുകൾപെറ്റ ജഴ്സിയിൽ ഒരു ടീമായി വളരാൻ അവർക്കായിട്ടില്ല. ഗോളടിക്കുന്ന ലക്ഷണമൊത്ത സ്ട്രൈക്കർമാരും എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ചുനിൽക്കുന്ന പ്രതിരോധ നിരയും ബ്രസീലുകാർക്ക് ഒരു ഓർമ മാത്രമായി മാറിയിരിക്കുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടാലും ഈ ടീം വിജയിച്ചുവരും എന്നൊരു ആത്മവിശ്വാസം ആരാധകർക്ക് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.
ജൊഗോ ബൊണീറ്റോയുടെ സുന്ദരതാളം വീണ്ടെടുക്കാൻ ഏത് രക്ഷകനാണിനി അവതരിക്കുക. 2022 ലോകകപ്പിന് ശേഷം മൂന്നാമത്തെ മാനേജറാണ് ഡോരിവൽ ജൂനിയർ. ബ്രസീലിൽ തന്നെ ജനിച്ച് അവിടെത്തന്നെ കളിപഠിപ്പിച്ച് ബ്രസീലിയൻ ഫുട്ബോളിനെ നന്നായി പഠിച്ച ഡോരിവലും തലയുയർത്താകനാകാതെ നിൽക്കുന്നു. സുന്ദര ഫുട്ബോളിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ഡോരിവൽ ഇനിയെന്താണ് ആരാധകരോട് പറയുക?ഒന്നും ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കുഞ്ഞുനാളുമുതലേ കണ്ട ബ്രസീലിയൻ ഫുട്ബോളല്ല ഇപ്പോഴുള്ളതെന്നും ടീമിന് നിശ്ചദാർഢ്യം നഷ്ടപ്പെട്ടെന്നും റൊണാൾഡീന്യോ അരങ്ങുണരും മുന്നേ മുന്നറിയിപ്പ് നൽകിയതാണ്.
യൂറോപ്പുകാരെപ്പോലെ പ്രൊഫഷണലായി, വിജയിക്കാൻ വേണ്ടി പന്തുതട്ടിയവരായിരുന്നില്ല ബ്രസീലുകാർ. തെരുവുകളിൽ നിന്നും സുന്ദര താളത്താൽ തളിർത്തുപൊന്തിയവരായിരുന്നു അവരിലേറെപ്പേരും. ബ്രസീലിൽ പ്രതിഭകൾക്ക് ക്ഷാമമൊന്നും സംഭവിച്ചിട്ടില്ല. യൂറോപ്പിലേക്ക് കൂട്ടം കൂട്ടമായി ബ്രസീലിയൻ കൗമാരം പറക്കുന്നുണ്ട്. പോയവർഷം മാത്രം 2375 കളിക്കാരാണ് യൂറോപ്പിെൻറ കളിമുറ്റങ്ങളിലിറങ്ങിയത്. ബ്രസീലിയൻ താരങ്ങളെ ഉപയോഗപ്പെടുത്തി യൂറാപ്യൻ ക്ലബുകൾ നേട്ടം കൊയ്യുന്നുണ്ട്. ബ്രസീലിയൻ താരങ്ങളെ സുന്ദരമായി ഉപയോഗപ്പെടുത്തുന്ന കാർലോ ആഞ്ചലോട്ടിയും റയൽ മാഡ്രിഡും അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. അതേ സമയം തന്നെ ബ്രസീലിയൻ ക്ലബ് ഫുട്ബോളിെൻറ നിലവാരം അടിക്കടി ഇടിഞ്ഞുകൊണ്ടിരിക്കുന്നതും കാണാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായാലും തങ്ങളുടെ ഫുട്ബാൾ പൈതൃകം ഒരു യൂറോപ്യൻ കോച്ചിന് മുന്നിൽ അടിയറവ് വെക്കുക എന്നത് ബ്രസീലിന് അചിന്ത്യമാണ്.
വേണ്ടുവോളം സമയം നൽകിയാൽ ടീമിനെ ഉയർത്താമെന്നാണ് ബ്രസീലിയൻ കോച്ച് ഡോരിവലിെൻറ നിലപാട്. ടീമിലെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും കൂടുതൽ മാറ്റത്തിനായി സമയം വേണമെന്നുമാണ് കോപ്പയിൽ നിന്നും പുറത്തായതിന് പിന്നാലെ ഡോരിവൽ പറയുന്നത്. യുറുഗ്വായ് തന്നെ മികച്ച രീതിയിലേക്ക് മുന്നേറിയത് സമയമെടുത്താണെന്നും ഡോരിവൽ കൂട്ടിച്ചേർക്കുന്നു. ലോകകപ്പ് യോഗ്യത തന്നെ തുലാസിൽ നിൽക്കുേമ്പാൾ ഡോരിവലിലുള്ള വിശ്വാസം ബ്രസീൽ തുടരുമോ? അതോ മറ്റുസാധ്യതകളിലേക്ക് പോകുമോ? കാത്തിരിക്കാം.