Football
brazil fan
Football

ബ്രസീലി​നെ ഇനിയാര്​ രക്ഷിക്കും?

Sports Desk
|
7 July 2024 11:30 AM GMT

റിയോഡി ജനീറോ: കിരീടത്തിളക്കത്താൽ മാത്രം രാജാക്കൻമാരെന്ന്​ വിളിക്കപ്പെട്ടവരല്ല ബ്രസീലുകാർ. അവരുടെ ഫുട്​ബോളിന്​ പ്രത്യേകമായ താളവും അവരുടെ നീക്കങ്ങൾക്ക്​ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയുമുണ്ടായിരുന്നു. 1982ലെ സ്​പാനിഷ്​ ലോകകപ്പിൽ സെക്കൻഡ്​ ഗ്രൂപ്പ്​ റൗണ്ടിൽ തന്നെ പുറത്തായവരാണ്​ ബ്രസീൽ. പക്ഷേ സീക്കോയും സോക്രട്ടീസും ഫാൽക്കാവോയുമെല്ലാം അണിനിരന്ന ആ മനോഹര സംഘത്തെ കാൽപന്ത്​ ലോകം ഇന്നുമോർക്കുന്നു. തോൽവിയിലും ആ സംഘത്തിന്​ കൈയ്യടികളോടെയാണ്​ ആരാധകർ മടക്കയാത്ര നൽകിയത്​.

ടൂർണമെൻറ്​ ഏതുമായിക്കൊള്ള​ട്ടെ.. ബ്രസീലുണ്ടെങ്കിൽ അവർ തന്നെ ഫേവറിറ്റുകളാകുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇക്കുറി അങ്ങനെയായിരുന്നില്ല. ആരാധകരിൽ ബ്രസീലെന്ന പേർ കടലിരമ്പം തീർക്കു​ന്നുണ്ടെങ്കിലും അർജൻറീനക്കും കൊളംബിയക്കുമെല്ലാം പിന്നിലായാണ് പലരും​ ബ്രസീലിനെ റേറ്റ്​ ചെയ്​തതത്​. കോസ്​റ്ററിക്കക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ തങ്ങളിൽ അമിത പ്രതീക്ഷകൾ വേ​ണ്ടെന്ന്​ ബ്രസീൽ തെളിയിക്കുകയും ചെയ്​തു. പരഗ്വായ്​ക്കെതിരെ നാലുഗോളുകൾ നേടി വരവറിയിച്ചെങ്കിലും സ്​കോർബോർഡിലെ ആധിപത്യം മത്സരത്തിൽ കണ്ടിരുന്നില്ല. ഒടുവിൽ കൊളംബിയക്​ക്​ മുന്നിൽ രക്ഷപ്പെട്ട ബ്രസീൽ ഇക്കുറി യുറുഗ്വായുടെ ഫിസിക്കൽ ഗെയിമിന്​ മുന്നിൽ തളർന്നുപോയി. അവസാന 15 മിനുറ്റിൽ പത്തുപേരിലേക്ക്​ യുറുഗ്വായ്​ ചുരുങ്ങിയിട്ടുപോലും അത്​ മുതലെടുക്കാൻ കാനറികൾക്കായില്ല. നെയ്​മറി​െൻറ അഭാവത്തിൽ ഒട്ടും ക്രിയേറ്റീവാകാതെ കളിച്ചിരുന്ന ബ്രസീലിൽ വിനീഷ്യസ്​ കൂടി ഇല്ലാതിരുന്നതോടെ നനഞ്ഞപടക്കമായി മാറി.

വലിയ പേരുകൾക്ക്​ ബ്രസീൽ ടീമിൽ പഞ്ഞമൊന്നുമില്ല. മുൻനിരയിലും പ്രതിരോധത്തിലുമെല്ലാം ബൂട്ടുകെട്ടുന്നവർ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളുടെ താരങ്ങളാണ്​. ഏതാണ്ടെല്ലാം പൊസിഷനുകളിലും അണിനിരക്കുന്നത്​ യൂറോപ്യൻ ക്ലബുകളുടെ അവിഭാജ്യഘടകങ്ങൾ തന്നെ. പക്ഷേ ബ്രസീലി​െൻറ പുകൾപെറ്റ ജഴ്​സിയിൽ ഒരു ടീമായി വളരാൻ അവർക്കായിട്ടില്ല. ഗോളടിക്കുന്ന ലക്ഷണമൊത്ത സ്​ട്രൈക്കർമാരും എതിരാളികൾക്ക്​ മുന്നിൽ നെഞ്ചുവിരിച്ചുനിൽക്കുന്ന പ്രതിരോധ നിരയും ബ്രസീലുകാർക്ക്​ ഒരു ഓർമ മാത്രമായി മാറിയിരിക്കുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക്​ നീണ്ടാലും ഈ ടീം വിജയിച്ചുവരും എന്നൊരു ആത്മവിശ്വാസം ആരാധകർക്ക്​ എന്നേ നഷ്​ടപ്പെട്ടിരിക്കുന്നു​.

ജൊഗോ ​ബൊണീറ്റോയുടെ സുന്ദരതാളം വീണ്ടെടുക്കാൻ ഏത്​ രക്ഷകനാണിനി അവതരിക്കുക. 2022​ ലോകകപ്പിന്​ ശേഷം മൂന്നാമത്തെ മാനേജറാണ്​ ഡോരിവൽ ജൂനിയർ. ബ്രസീലിൽ തന്നെ ജനിച്ച്​ അവിടെത്തന്നെ കളിപഠിപ്പിച്ച്​ ബ്രസീലിയൻ ഫുട്​ബോളിനെ നന്നായി പഠിച്ച ഡോരിവലും തലയുയർത്താകനാകാതെ നിൽക്കുന്നു. സുന്ദര ഫുട്​ബോളിനെക്കുറിച്ച്​ വാതോരാതെ സംസാരിച്ചിരുന്ന ഡോരിവൽ ഇനിയെന്താണ്​ ആരാധകരോട്​ പറയുക?ഒന്നും ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കുഞ്ഞുനാളുമുതലേ കണ്ട ബ്രസീലിയൻ ഫുട്​ബോളല്ല ഇപ്പോഴുള്ളതെന്നും ടീമിന്​ നിശ്ചദാർഢ്യം നഷ്​ടപ്പെ​ട്ടെന്നും റൊണാൾഡീന്യോ അരങ്ങുണരും മുന്നേ മുന്നറിയിപ്പ്​ നൽകിയതാണ്​.

യൂറോപ്പുകാരെ​പ്പോലെ പ്രൊഫഷണലായി, വിജയിക്കാൻ വേണ്ടി പന്തുതട്ടിയവരായിരുന്നില്ല ബ്രസീലുകാർ. തെരുവുകളിൽ നിന്നും സുന്ദര താളത്താൽ തളിർത്തു​പൊന്തിയവരായിരുന്നു അവരിലേറെപ്പേരും​. ബ്രസീലിൽ പ്രതിഭകൾക്ക്​ ക്ഷാമമൊന്നും സംഭവിച്ചിട്ടില്ല. യൂറോപ്പിലേക്ക് കൂട്ടം കൂട്ടമായി ​ ബ്രസീലിയൻ കൗമാരം പറക്കുന്നുണ്ട്​. പോയവർഷം മാത്രം 2375 കളിക്കാരാണ്​ യൂറോപ്പി​െൻറ കളിമുറ്റങ്ങളിലിറങ്ങിയത്​. ബ്രസീലിയൻ താരങ്ങളെ ഉപയോഗപ്പെടുത്തി യൂറാപ്യൻ ക്ലബുകൾ നേട്ടം കൊയ്യുന്നുണ്ട്​. ബ്രസീലിയൻ താരങ്ങളെ സുന്ദരമായി ഉപയോഗപ്പെടുത്തുന്ന കാർലോ ആഞ്ചലോട്ടിയും റയൽ മാഡ്രിഡും അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്​. അതേ സമയം തന്നെ ബ്രസീലിയൻ ക്ലബ്​ ഫുട്​ബോളി​െൻറ നിലവാരം അടിക്കടി ഇടിഞ്ഞുകൊണ്ടിരിക്കുന്നതും കാണാം.​

കാര്യങ്ങൾ ഇങ്ങനെയൊക്കെയായാലും തങ്ങളുടെ ഫുട്​ബാൾ പൈതൃകം ഒരു യൂ​റോപ്യൻ കോച്ചിന്​ മുന്നിൽ അടിയറവ്​ വെക്കുക എന്നത്​ ബ്രസീലിന്​ അചിന്ത്യമാണ്​.

വേണ്ട​ുവോളം സമയം നൽകിയാൽ ടീമിനെ ഉയർത്താമെന്നാണ്​ ബ്രസീലിയൻ കോച്ച്​ ഡോരിവലി​െൻറ നിലപാട്​. ടീമിലെ ഒരുപാട്​ പ്രശ്​നങ്ങൾ പരിഹരിച്ചുവെന്നും കൂടുതൽ മാറ്റത്തിനായി സമയം വേണമെന്നുമാണ്​ കോപ്പയിൽ നിന്നും പുറത്തായതിന്​ പിന്നാലെ ഡോരിവൽ പറയുന്നത്​. യുറുഗ്വായ്​ തന്നെ മികച്ച രീതിയിലേക്ക്​ മുന്നേറിയത്​ സമയമെടുത്താണെന്നും ഡോരിവൽ കൂട്ടിച്ചേർക്കുന്നു. ലോകകപ്പ്​ യോഗ്യത തന്നെ തുലാസിൽ നിൽക്കു​േമ്പാൾ ഡോരിവലിലുള്ള വിശ്വാസം ബ്രസീൽ തുടരുമോ? അതോ മറ്റുസാധ്യതകളിലേക്ക്​ പോകുമോ? കാത്തിരിക്കാം.

Related Tags :
Similar Posts