'ബ്രസീലിന് ജയിക്കാൻ നെയ്മർ മാജിക്കിന്‍റെ ആവശ്യമില്ല'- ടിറ്റെ
|ബ്രസീലിയന്‍ ഫുട്‌ബോളിൽ ഒരു പുതു തലമുറ വളർന്നുവരുന്നുണ്ട് എന്ന് ടിറ്റെ
മത്സരങ്ങൾ ജയിക്കാൻ ബ്രസീലിന് നെയ്മറിനെ ഇനിയും ആശ്രയിക്കേണ്ട ആവശ്യമില്ലെന്ന് കോച്ച് ടിറ്റെ. ബ്രസീലിയന്‍ ഫുട്‌ബോളിൽ ഒരു പുതു തലമുറ വളർന്നുവരുന്നുണ്ട് എന്ന് ടിറ്റെ പറഞ്ഞു. ടോക്യോവിൽ ജപ്പാനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ടിറ്റെയുടെ പ്രതികരണം.
"ദീർഘകാലമായി ഞാൻ ബ്രസീൽ ടീമിന്‍റെ പരിശീലകവേഷത്തിലുണ്ട്. നിരവധി പിഴവുകൾ ഞാൻ വരുത്തിയിട്ടുണ്ട്. ടീമിനു വേണ്ടി ചില മികച്ച തീരുമാനങ്ങളും ഞാനെടുത്തിട്ടുണ്ട്. ബ്രസീലിയൻ ഫുട്‌ബോളിൽ ഒരു പുതുതലമുറ വളർത്തിക്കൊണ്ടു വരാൻ ഞാൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചു എന്നു പറയാം. ഇപ്പോൾ ഞങ്ങൾക്ക് നെയ്മറെ പോലെ ഏതെങ്കിലും ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് കളിക്കേണ്ട ആവശ്യമില്ല"- ടിറ്റെ പറഞ്ഞു.
പരിചയ സമ്പന്നരായ കളിക്കാരും ഒളിമ്പിക് സ്വർണ മെഡൽ നേടിയ പുതുതലമുറയിലെ ഒരു പറ്റം കളിക്കാരും ഇപ്പോൾ ജപ്പാനിൽ കളിക്കാനിറങ്ങുന്നുണ്ട് എന്നും ലോകകപ്പില്‍ ബ്രസീല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ബ്രസീല്‍ സഹപരിശീലകന്‍ സീസര്‍ സാംബിയോ പറഞ്ഞു.
കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയക്കെതിരെ നടന്ന മത്സരത്തില്‍ നെയ്മറിന്‍റെ ഇരട്ടഗോള്‍ മികവില്‍ ബ്രസീല്‍ അഞ്ച് ഗോളിന്‍റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.