പാരീസിൽ വീണ്ടും മോഷണം; ബ്രസീൽ ഇതിഹാസ താരം സീക്കോയെ കൊള്ളയടിച്ചു
|നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാരീസ്: ഒളിംപിക്സിനായി പാരീസിലെത്തിയ ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ചതായി പരാതി. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്. നിർത്തിയിട്ട കാറിൽ നിന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. ഒളിംപിക്സ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഉദ്ഘാടന ചടങ്ങിനായി മുൻ ബ്രസീൽ ഫുട്ബോളർ പാരീസിലെത്തിയത്.
നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സികോയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിൽ സഞ്ചരിക്കവെയാണ് കവർച്ച നടന്നത്. ടാക്സി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനായി ഒരാൾ അടുത്തെത്തിയപ്പോൾ വാഹനത്തിന്റെ പിന്നിൽ നിന്ന് ബ്രീഫ്കേസ് തട്ടിയെടുക്കുകയായിരുന്നു.
പാരീസ് നഗരത്തിൽ നിരവധി പേരാണ് ഇത്തരത്തിൽ മോഷണ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അർജന്റീനൻ ഫുട്ബോൾ ടീമിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു. 1978,82,86 ലോകകപ്പിൽ ബ്രസീലിനായി കളത്തിലിറങ്ങിയ സീകോ 72 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 52 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്. ബ്രസീൽ ക്ലബ് ഫ്ളെമിങോയിലൂടെയാണ് കരിയർ ആരംഭിച്ചത്.