ലോകകപ്പ് യോഗ്യത: അർജന്റീനക്ക് പരഗ്വായ് ഷോക്ക്, ബ്രസീലിനെ കുരുക്കി വെനസ്വേല
|റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കാലിടറി തെക്കേ അമേരിക്കൻ വമ്പൻമാർ. കരുത്തരായ അർജന്റീനയെ പരഗ്വായ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയപ്പോൾ ബ്രസീലിനെ വെനസ്വേല സമനിലയിൽ കുരുക്കി.
എതിരാളികളുടെ തട്ടകത്തിൽ 11ാം മിനുറ്റിൽ ലൗത്താരോ മാർട്ടിനസ് നേടിയ ഗോളിൽ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 19ാം മിനുറ്റിൽ അന്റോണിയോ സാനാബ്രിയയുടെ ഉജ്ജ്വല ബൈസിക്കിൾ കിക്ക് ഗോളിൽ പരഗ്വായ് ഒപ്പമെത്തി. 47ാം മിനുറ്റിൽ ഒമർ അൽഡേരേറ്റിന്റെ ഹെഡർ ഗോളിൽ മുന്നിലെത്തിയ പരഗ്വായ്ക്ക് മറുപടി നൽകാൻ അർജന്റീനക്കായില്ല.
മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലും മുന്നിൽ നിന്നെങ്കിലും പരഗ്വായ് പ്രതിരോധം ഭേദിക്കാൻ അർജന്റീനക്കാകാത്തതാണ് വിനയായത്. ഗോളിലേക്ക് ഒരു ഷോട്ട് മാത്രമേ അർജന്റീനക്ക് ഉതിർക്കാനായുള്ളൂ.
ബാഴ്സലോണക്കായി മിന്നും ഫോമിൽ തുടരുന്ന റാഫീന്യയുടെ ഫ്രീക്കിക്ക് ഗോളിൽ ബ്രസീൽ വെനസ്വേലക്കെതിരെ ലീഡ് നേടിയിരുന്നു . എന്നാൽ 46ാം മിനുറ്റിൽ ടെലസ്കോ സെഗോവിയ വെനസ്വേലക്കായി ഗോൾമടക്കി. 62ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിനെ പരഗ്വായ് ഗോൾകീപ്പർ റാഫേൽ റോമോ ബോക്സിൽ വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. പക്ഷേ വിനീഷ്യന്റെ ദുർബല കിക്ക് റാഫേൽ തടുത്തിട്ടു. റീബൗണ്ടായി വന്ന പന്ത് ഗോളാക്കാൻ വീനീഷ്യസിന് അവസരം ലഭിച്ചെങ്കിലും പുറത്തേക്കടിക്കുകയായിരുന്നു. 89ാം മിനുറ്റിൽ പരഗ്വായ് താരം അലക്സാണ്ടർ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയി.
തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ 11 മത്സരങ്ങളിൽ 22 പോയന്റുള്ള അർജന്റീന ഒന്നാമതാണ്. 17 പോയന്റുള്ള ബ്രസീൽ മൂന്നാംസ്ഥാനത്ത് തുടരുന്നു. ഒരു മത്സരം കുറച്ചുകളിച്ച കൊളംബിയക്ക് 19ഉം ഉറുഗ്വായ്ക്ക് 16ഉം പോയന്റുണ്ട്.