'ആ ഗ്യാങ്‌സ്റ്റർ കാഞ്ചി വലിച്ചിരുന്നെങ്കിൽ തീർന്നുപോയേനെ ഞാൻ'; ബ്രസീൽ സൂപ്പർസ്റ്റാർ റിച്ചാലിസന്റെ ജീവിതം
|"ട്രക്ക് നീങ്ങവെ ഞാൻ താഴേക്കു ചാടി അച്ഛന്റെ അടുത്തേക്ക് ഓടി. അമ്മ ഫുട്‌ബോൾ കളിക്കാൻ വിടില്ലെന്ന് അറിയാമായിരുന്നു. പത്തു വയസ്സു വരെ അച്ഛനൊപ്പമായിരുന്നു ഞാൻ"
വലങ്കാലിൽ പന്തെടുത്ത്, മുന്നിൽ നിൽക്കുന്ന ഡിഫൻഡറെ ആകർഷിക്കാൻ ശരീരം ഒന്നുലച്ച് വിനീഷ്യസ് ജൂനിയർ സിക്‌സ് യാർഡിന്റെ അതിരിലേക്ക് കടന്നുകയറുന്നു. ആ പ്രലോഭനത്തിൽ തുറന്നെടുത്ത ഇടനാഴിയിലൂടെ അയാൾ അതേ കാലിന്റെ മുനമ്പു കൊണ്ട് പന്ത് ബോക്‌സിനു മുമ്പിൽ നില്ക്കുന്ന റിച്ചാലിസണ് മറിച്ചു. ഒരര മതിൽ ഉയരത്തിൽ പൊന്തി, വായുവിൽ വച്ചു തന്നെ ബലം കുറഞ്ഞ് കീഴ്‌പ്പോട്ടു വന്ന പന്ത് ഇടങ്കാൽ കൊണ്ട് മുകളിലേക്ക് ചെത്തിയെടുത്തു ആദ്യം റിച്ചാലിസൺ. ഡിഫൻഡർമാർക്ക് സംഗതി എന്തെന്ന് പിടുത്തം കിട്ടും മുമ്പ് അയാൾ വായുവിൽ ഒന്ന് മറിഞ്ഞതും വലത്തേ കാലു കൊണ്ട് പന്തിനെ പ്രഹരിച്ചതും ക്ഷണവേഗത്തിലാണ്. പന്തിന്റെ അതേ ദിശയിൽ ചാടിയ ഗോൾകീപ്പറുടെ കൈക്ക് ഇടം കൊടുക്കാതെ പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ.
ഖത്തർ ലോകകപ്പ് ഇതുവരെ കണ്ട ഏറ്റവും മനോഹരമായ ഗോൾ.
വായുവിൽ നാല്‍പ്പത്തിയഞ്ചു ഡിഗ്രി ആംഗിളിൽ ചെരിഞ്ഞ് ഗോളടിക്കുന്ന റിച്ചാലിസന്റെ ചിത്രം സാവോപോളോയിലെ ഒരു ഫുട്‌ബോൾ പ്രതിമയെ അനുസ്മരിപ്പിക്കുന്നു. കാലിൽ കളിയും പ്രതിഭയും ഒട്ടേറെയുള്ള ബ്രസീലിൽ റിച്ചാലിസൺ ഒരുപക്ഷേ, ഈ ലോകകപ്പിലെ മാത്രം ഒരോർമ്മിച്ചിത്രമായി പിൽക്കാലം മാറിയേക്കാം. എന്നാൽ കളിക്കളത്തിലെ വെളിച്ചക്കടലിലേക്ക് എത്തുംമുമ്പ് അയാൾക്ക് കനലുകൾ നിറഞ്ഞൊരു ജീവിതമുണ്ട്- കാൽപ്പന്തുകളി സ്വപ്‌നം കണ്ട് മൈതാനങ്ങളിലിറങ്ങുന്ന ഓരോരുത്തരെയും പ്രചോദിപ്പിക്കുന്ന ജീവിതം.
കൽപ്പണിക്കാരനായിരുന്നു റിച്ചാലിസന്റെ അച്ഛൻ ആൻഡ്രഡെ. അമ്മ ശുചീകരണത്തൊഴിലാളി. ഇടയ്ക്ക് ഐസ്‌ക്രീം വിൽക്കാനും പോകും. 1997 മെയ് പത്തിന് ജനിച്ച റിച്ചാലിസൺ അവരുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു.
ചെറുപ്പത്തിൽ മറ്റു കുട്ടികൾ മയക്കുമരുന്നു വിറ്റു നടക്കുമ്പോൾ ഐസ്‌ക്രീം വിറ്റിട്ടുണ്ട് റിച്ചാലിസൺ. ഒരഭിമുഖത്തിൽ അക്കാലം അയാൾ ഓർത്തെടുക്കുന്നത് ഇങ്ങനെ; 'എന്റെ മിക്ക സുഹൃത്തുക്കളും തെരുവിൽ ലഹരിമരുന്നു വിറ്റിരുന്നു. പണമുണ്ടാക്കാനുള്ള എളുപ്പമാർഗമായിരുന്നു അത്. അത് തെറ്റാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ടു ഞാൻ ഐസ്‌ക്രീമും ചോക്ലേറ്റും വിറ്റു. കാറുകൾ കഴുകി പണമുണ്ടാക്കി. അതാണ് ശരി എന്നെനിക്ക് അറിയാമായിരുന്നു.'
വടക്കുകിഴക്കൻ ബ്രസീലിയൻ സ്റ്റേറ്റായ എസ്പിരിറ്റോ സാന്റോയിലെ നോവ വെനീഷ്യയിലാണ് റിച്ചാലിസൺ ജനിച്ചുവളർന്നത്. ചെറുപ്പത്തിലേ അച്ഛനുമമ്മയും വേർപിരിഞ്ഞു. 'വേർപിരിഞ്ഞ ശേഷം വെനീഷ്യയിൽനിന്ന് വീടൊഴിഞ്ഞു പോകുകയായിരുന്നു അമ്മ. അമ്മയ്‌ക്കൊപ്പമായിരുന്നു ഞങ്ങൾ കുട്ടികൾ. ഞങ്ങളെയും വഹിച്ചുള്ള ട്രക്ക് നീങ്ങവെ ഞാൻ താഴേക്കു ചാടി അച്ഛന്റെ അടുത്തേക്ക് ഓടി. അമ്മ ഫുട്‌ബോൾ കളിക്കാൻ വിടില്ലെന്ന് അറിയാമായിരുന്നു. പത്തു വയസ്സു വരെ അച്ഛനൊപ്പമായിരുന്നു ഞാൻ.'
ബ്രസീലിലെ മറ്റേതു ബാലനെയും പോലെ കളി തലയ്ക്കു പിടിച്ചതായിരുന്നു റിച്ചാലിസന്റെ ബാല്യം. അതു കണ്ട അച്ഛൻ മകന് വാങ്ങിക്കൊണ്ടു വന്നത് പത്തു ബോളുകൾ. 'അച്ഛന് അതിനുള്ള കഴിവുള്ളതു കൊണ്ടായിരുന്നില്ല, എന്നാൽ എന്നെ ഫുട്‌ബോളറാക്കണമെന്ന വാശിയായിരുന്നു അതിനു പിന്നിലെന്ന്' ദ സൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ റിച്ചാലിസൺ പറയുന്നു.
'അന്ന് തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന തെരുവിലായിരുന്നു കളി. ബൂട്ടൊന്നുമില്ല. അമ്മാവന്റെ വീട്ടിലെ ടിവിയിലാണ് പ്രീമിയർ ലീഗൊക്കെ കണ്ടിരുന്നത്. ഒരു കാലത്ത് ഞാനും കളിക്കാരനാകുമെന്ന സ്വപ്‌നം മാത്രമായിരുന്നു കൈമുതൽ.' അക്കാലത്ത് ലഹരി മാഫിയയുടെ ഏരിയയിൽ കളിച്ചതിന്റെ പേരിൽ ഒരു ഗ്യാങ്സ്റ്റർ റിച്ചാലിസണ് നേരെ തോക്കു ചൂണ്ടിയിട്ടുണ്ട്. 'ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു അന്ന്. അന്നയാൾ കാഞ്ചി വലിച്ചിരുന്നുവെങ്കിൽ തീർന്നു പോയേനെ. ഇനിയിവിടെ കണ്ടു പോയാൽ അപ്പോൾ തീർക്കുമെന്നായിരുന്നു ഭീഷണി. അയാൾ തോക്കു താഴ്ത്തിയതോടെ, ഞാൻ തിരിഞ്ഞോടി. ആ തെരുവിലേക്ക് പിന്നെ പോയിട്ടില്ല' - റിച്ചാലിസൺ പറയുന്നു.
ചെറുപ്പത്തിൽ എല്ലാ തിങ്കളാഴ്ചയും ഒമ്പതു കിലോമീറ്റർ ഓടി ഫുട്‌ബോൾ സ്‌കൂളിൽ അവൻ പരിശീലനത്തിന് പോയി. മഴയായാലും വെയിലായാലും അതിനു മുടക്കമുണ്ടായിരുന്നില്ല. 600 കിലോമീറ്റർ അകലെയുള്ള ബെലോ ഹൊറിസോണ്ടെയിലെ അമേരിക്ക എംജിയിലാണ് ആദ്യമായി റിച്ചാലിസൺ ട്രയലിന് പോയത്. പോകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ടിക്കറ്റിനുള്ള പണമുണ്ടായിരുന്നു. എന്നാൽ യാത്രയ്ക്കിടെ വിശന്നു. ഭക്ഷണം വാങ്ങിക്കഴിച്ചതോടെ തിരിച്ചുവരാനുള്ള പണമില്ലാതായി. ആ ട്രയൽ വിജയിച്ചിരുന്നില്ലെങ്കിൽ അവൻ അവിടെ കുടുങ്ങിപ്പോകുമായിരുന്നു.
2015 ജൂലൈ നാലിന് റിച്ചാലിസൺ മോഗി മിരിമിനെതിരെ കളത്തിലിറങ്ങി പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ചുവടുവച്ചു. അതേ വർഷം ഡിസംബറിൽ ഫസ്റ്റ് ഡിവിഷൻ ക്ലബായ ഫ്‌ളൂമിനെൻസിൽ. അവിടെ നടത്തിയ മികച്ച പ്രകടനം, പണ്ട് അമ്മാവന്റെ ടിവിയിൽ കണ്ട് സ്വപ്‌നം നെയ്ത പ്രീമിയർ ലീഗിലേക്കുള്ള വഴികാട്ടി. 2017 ഓഗസ്റ്റിൽ വാറ്റ്‌ഫോഡ് താരവുമായി ഏർപ്പെട്ടത് അഞ്ചു വർഷത്തെ കരാറിൽ. 11.2 ദശലക്ഷം പൗണ്ടിന് വാങ്ങിയ താരത്തെ പിറ്റേവർഷം വാറ്റ്‌ഫോഡ് എവർട്ടണ് വിറ്റത് 35 ദശലക്ഷം പൗണ്ടിന്. 2022ൽ ടോട്ടൻഹാം ഹോട്‌സ്പർ ആയി അടുത്ത തട്ടകം. ക്ലബ് അയാൾക്കായി മുടക്കിയത് 50 ദശലക്ഷം പൗണ്ട്. അതിനിടെയാണ് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്.