അത് വഴക്കല്ല, തമാശ: ബ്രസീൽ താരങ്ങളുടെ "ഏറ്റുമുട്ടലി'നു പിന്നിലെ സത്യം പുറത്ത്
|ജപ്പാനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലനത്തിനിടെയായിരുന്നു സംഭവം
ടോക്യോ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിനിടെ സൂപ്പർ താരം വിനിഷ്യസും മുന്നേറ്റതാരം റിച്ചാർലിസണും തമ്മിൽ ഏറ്റുമുട്ടിയെന്ന പേരിൽ പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജമെന്ന് വ്യക്തമാകുന്നു. സോഷ്യൽ മീഡിയയിൽ ഇരുതാരങ്ങളും പരസ്പരം ജഴ്‌സിയിൽ പിടിച്ചുവലിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി ഡെയ്‌ലി മെയ്ൽ, ദി മിറർ, ദി സൺ, മാർക്ക തുടങ്ങിയ മാധ്യമങ്ങൾ ബ്രസീലിയൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു. എന്നാൽ, സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പരിശീലനത്തിനിടെ നടന്ന തമാശ മാത്രമായിരുന്നു ഇതെന്നു വ്യക്തമായത്.
ജപ്പാനെതിരായ സൗഹൃദമത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ഞായറാഴ്ച നടന്ന സംഭവമാണ് തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പരസ്പരം ഷർട്ടിൽ പിടിച്ചുവലിച്ച താരങ്ങളെ വേർപ്പെടുത്താൻ സീനിയർ താരങ്ങളായ നെയ്മർ, ഡാനി ആൽവസ് എന്നിവർ ശ്രമിച്ചുവെന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പ്രചരിച്ചത്.
ഫോട്ടോ അടിസ്ഥാനമാക്കിയുള്ള വാർത്ത പ്രചരിച്ചതിനു പിന്നാലെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. "ബ്രസീൽ ഫുട്ബോൾ" എന്ന ട്വിറ്റർ ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ കളിക്കാർ തമ്മിലുള്ള നർമമുഹൂർത്തം മാത്രമായിരുന്നു ഇതെന്ന് വ്യക്തമാകുന്നുണ്ട്. ഡാനി ആൽവസും നെയ്മറും വിനിഷ്യസും പാക്വേറ്റയും ചേർന്ന് റിച്ചാർലിസനെ ബലമായി പിടിച്ചുവെക്കുന്നതും തമാശമട്ടിൽ തള്ളുന്നതും വീഡിയോയിൽ കാണാം. വിനിഷ്യസ് റിച്ചാർലിസന്റെ തലയിൽ തടവുന്നതും ആൽവസ് മൃദുവായി അടിക്കുന്നതും കാണാം.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനായി വിജയഗോൾ നേടിയ വിനിഷ്യസ്, ബ്രസീൽ ദേശീയ ടീം ക്യാമ്പിലെത്തിയപ്പോൾ ആദ്യം ആലിംഗനം ചെയ്ത് സ്വീകരിച്ചത് റിച്ചാർലിസനായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനു വേണ്ടി കളിക്കുന്ന റിച്ചാർലിസൻ, ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിനിഷ്യസിനെ അഭിനന്ദിക്കുകയും ഫൈനൽ തോറ്റ ലിവർപൂളിനെ ട്രോളുകളും ചെയ്തിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര മത്സരത്തിൽ ബ്രസീൽ കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയയെ 5-1 ന് തോൽപ്പിച്ചിരുന്നു. ഏഴാം മിനുട്ടിൽ റിച്ചാർലിസനാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 71-ാം മിനുട്ടിൽ റിച്ചാർലിസന് പകരക്കരനായി കളത്തിലെത്തിയ വിനിഷ്യസിന് അന്ന് ഗോളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 3.50 നാണ് ബ്രസീലും ജപ്പാനും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്. അടുത്ത വെള്ളിയാഴ്ച മെൽബണിൽ വെച്ച് മഞ്ഞപ്പട ചിരവൈരികളായ അർജന്റീനയെ നേരിടും. 2021 കോപ അമേരിക്ക ഫൈനലിൽ തോറ്റതിനു ശേഷം ബ്രസീൽ അർജന്റീനയുമായി കളിച്ചിട്ടില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരുടീമുകളും തമ്മിൽ ഒരു മത്സരം ഉണ്ടായിരുന്നെങ്കിലും, കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നാരോപിച്ച് ബ്രസീലിയൻ പൊലീസ് അർജന്റീന കളിക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് കളി മുടങ്ങുകയായിരുന്നു.