വിനിയെ കൈവിട്ട് എംബാപെയെ പുണരുമോ റയൽ; വലവിരിച്ച് യുണൈറ്റഡ്
|അടുത്തിടെ ബാഴ്സലോണക്കായി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലടക്കം ഗോൾനേടിയ താരമാണ് വിനീഷ്യസ്.
മാഡ്രിഡ്: ട്രാൻസ്ഫർ വിപണിയിൽ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ചയായ കൂടുമാറ്റം കിലിയൻ എംബാപെയുടേതാണ്. പി.എസ്.ജുമായി കരാർ പുതുക്കാതായതോടെ ഈ സീസൺ അവസാനത്തോടെ താരം മറ്റൊരു ക്ലബിലേക്ക് ചുവട് മാറുമെന്ന അഭ്യൂഹം ശക്തമാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഫ്രഞ്ച് യുവ താരത്തിനായി നേരത്തെ മുതൽ രംഗത്തുമുണ്ട്. എന്നാൽ വലിയ തുകക്ക് എംബാപെയെ എത്തിക്കുമ്പോൾ ബ്രസീലിയൻ വിനീഷ്യസ് ജൂനിയറിനെ കൈവിടുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അടുത്തിടെ ബാഴ്സലോണക്കായി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലടക്കം ഗോൾനേടിയ താരമാണ് വിനീഷ്യസ്. എന്നാൽ വിനീഷ്യസും എംബാപെയും ഒരേ സമയം ടീമിലുണ്ടായേക്കില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.
വിനിഷ്യസ് ജൂനിയറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം ശ്രമം തുടങ്ങി കഴിഞ്ഞു. 1371 കോടി രൂപയാണ് ബ്രസീലിയനായി റയൽ വിലയിട്ടത്. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് എംബാപെയെ പിഎസ്ജിയിൽ നിന്നെത്തിക്കാനാണ് റയലിന്റെ പദ്ധതി. 1582 കോടിയോളം രൂപയാണ് എംബാപ്പേക്ക് പ്രതിഫലമായി നൽകേണ്ടത്. ഇതിനുപുറമേ സൈനിംഗ് ഫീസും ബോണസുമെല്ലാം നൽകേണ്ടിവരും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഉടമകളിൽ ഒരാളായ ജിം റാറ്റ്ക്ലിഫ് ട്രാൻസ്ഫർ വിപണിയിൽ വലിയ ഇടപെടൽ നടത്താനുള്ള ഒരുക്കത്തിലാണ്. നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള യുണൈറ്റഡിനെ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സ്പാനിഷ് ലീഗിൽ നിരന്തരം വംശീയ അധിക്ഷേപം തുടരുന്നതും വിനീഷ്യസിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. ഇതോടൊപ്പം കസമിറോ, ആന്റണി തുടങ്ങി ബ്രസീലിയൻ താരങ്ങളുടെ സാന്നിധ്യവും യുവതാരത്തിന് ഓൾഡ് ട്രാഫോർഡിൽ എത്തുന്നതിന് അനുകൂലമാണ്. റയൽ മാഡ്രിഡിൽ നിന്നാണ് കസമിറോ യുണൈറ്റഡിലെത്തിയത്. നിലവിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് ഉൾപ്പെടെ പ്രധാന കിരീടങ്ങളെല്ലാം 23 കാരൻ നേടിയിട്ടുണ്ട്. 161 മത്സരങ്ങളിൽ നിന്നായി 38 ഗോളുകളാണ് നേടിയത്.